-->
ചെറുകോല്‍പ്പുഴ: ഭാരതം അതിന്റെ പൂര്‍വകാല പ്രൗഢിയെ തിരികെപ്പിടിക്കുകയാണെന്നും ഇതിനിടയിലും സജീവമായ ഭിന്നിപ്പിന്റെ ശക്‌തികളെ തിരിച്ചറിയണമെന്നും മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി. 114-ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജന്മത്തിന്റെ അടിസ്‌ഥാനത്തില്‍ ശ്രേഷ്‌ഠത കല്‍പ്പിക്കുന്ന സമ്പ്രദായം കൊണ്ടുവന്നതു വിഭജന ശക്‌തികളാണ്. പിന്നാക്ക വിഭാഗത്തിന് വിദ്യ നിഷേധിച്ചിരുന്നെന്ന വ്യാജപ്രചരണവും ഇവര്‍ നടത്തി. പക്ഷേ, പുരാതന കാലത്ത് ഇന്ന് ഏറെ ശ്രേഷ്‌ഠമായി കരുതുന്ന എന്‍ജിനീയറിങ്, വൈദ്യം തുടങ്ങിയവ കൈകാര്യം ചെയ്‌തിരുന്നതും പല നാടുകളും ഭരിച്ചിരുന്നതും പിന്നാക്ക വിഭാഗങ്ങളായിരുന്നു. ഭാരതം പല നാട്ടുരാജ്യങ്ങളായിരുന്നു എന്നും ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. സഹസ്രാബ്‌ദങ്ങള്‍ക്കുമുമ്പേ കേരളത്തിലെ ഒരു നദിക്ക് ഭാരതപ്പുഴ എന്നായിരുന്നു പേര്. പമ്പയെ ശ്രേഷ്‌ഠമായ പഞ്ചസരസുകളില്‍ ഒന്നായി കണക്കാക്കിയതടക്കം ഭാരതം ഹിന്ദു സംസ്‌കൃതി ഒറ്റച്ചരടില്‍ കോര്‍ത്ത ജനതയാണെന്നതിന്റെ തെളിവാണ്. ഭിന്നിപ്പിന്റെ ശക്‌തികള്‍ സൃഷ്‌ടിക്കുന്ന എല്ലാ ഭേദചിന്തകള്‍ക്കും അതീതമായി ഭാരതത്തിലെ ഋഷീശ്വര സങ്കല്‍പ്പങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കള്‍ക്ക് ധര്‍മത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കിയവരില്‍ പ്രധാനി ചട്ടമ്പിസ്വാമികളാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ ഉന്മൂലനം ചെയ്യാന്‍ അക്ഷീണം പ്രവര്‍ത്തിച്ചവരില്‍ പ്രഥമ ഗണനീയനാണ് അദ്ദേഹം. പ്രതിസന്ധികളെ വഴികാട്ടിയായി എല്ലാ അസമത്വങ്ങള്‍ക്കും എതിരേ പ്രവര്‍ത്തിക്കാന്‍ ധര്‍മ പ്രഘോഷണം നടത്തിത്തുടങ്ങിയതാണ് ഹിന്ദുമത പരിഷത്ത്. ഋഷീശ്വരന്‍മാരുടെ സങ്കല്‍പ്പത്തിന് അനുസരിച്ച് ജീവിക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി പ്രജ്‌ഞാനാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹ പ്രഭാഷണവും പ്രഫ.പൂജപ്പുര കൃഷ്‌ണന്‍നായര്‍ മുഖ്യപ്രഭാഷണവും നടത്തി. ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണ്‍ എം.എല്‍.എ, അയിരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലില്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, ഹിന്ദുമത മഹാമണ്ഡലം ജനറല്‍ സെക്രട്ടറി എ.ആര്‍.വിക്രമന്‍ പിള്ള, ട്രഷറര്‍ ടി.കെ. സോമനാഥന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.