Wednesday, March 11, 2026 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.27 PM

പൂപ്പലാണു താരം!

uploads/news/2026/02/825601/lk1.jpg

റഷ്യയുടെ ബഹിരാകാശ നിലയമായ മിറിന്റെ ജനാലയില്‍ ചെറിയ പൊട്ടുകള്‍! അവ സാവധാനം വളര്‍ന്നുവരുന്നു. ജനാലയിലെ ടൈറ്റാനിയം-ക്വാട്‌സ്‌ കവചത്തെ അത്‌ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ശാസ്‌ത്രജ്‌ഞര്‍ ഇടപെട്ടു. അവയെ ആരാണ്‌ അവിടെ കോറിയിട്ടത്‌. ഉടന്‍ തന്നെ പരിശോധന തുടങ്ങി. ഫലം ഞെട്ടിക്കുന്നതായിരുന്നു, പൂപ്പലുകള്‍!. 1988 ലാണു മിറില്‍ പൂപ്പലുകളെ കണ്ടെത്തിയത്‌. അതോടെ ബഹിരാകാശത്തേക്കുള്ള വസ്‌തുക്കളെല്ലാം പരിശോധനയ്‌ക്കുശേഷം അണുവിമുക്‌തമായിട്ടാണു കൊണ്ടുപോകുന്നത്‌.
പിന്നീട്‌ രാജ്യാന്തര ബഹിരാകാശ നിലയ(ഐ.എസ്‌.എസ്‌)ത്തിലും പൂപ്പലെത്തി. മനുഷ്യന്റെ പരിശോധനകളെ മറികടന്ന്‌ പൂപ്പുലുകള്‍ പലതവണ ബഹിരാകാശ യാത്ര നടത്തി. പക്ഷേ, അതുകൊണ്ട്‌ ഗുണങ്ങളില്ലെന്നു പറയാനാകില്ല. ബഹിരാകാശത്തെ പ്രതികൂല സാഹചര്യത്തെ മനുഷ്യരേക്കാള്‍ നന്നായി അവര്‍ അതിജീവിച്ചിരിക്കുന്നു... അതു ഒരു പ്രതീക്ഷ തന്നെയാണ്‌!

******************************

ബഹിരാകാശയാത്രയിലെ അതിജീവനം വേനല്‍ക്കാലത്തെയും ശീതകാലത്തെയും നേരിടുന്നപോലെയല്ല. ഭൂമി തീര്‍ത്ത സംരക്ഷണവലയത്തിനു പുറത്തുകടക്കുമ്പോള്‍ പ്രതിസന്ധികള്‍ മാത്രമാണു മുന്നില്‍. കാരണം, ഭൂമിയില്‍ പരിണമിച്ചവരാണു ജീവികള്‍. ഭൂമിയിലെ താപനില, അന്തരീക്ഷം, ഗുരുത്വാകര്‍ഷണം, ഓസോണ്‍ പാളിയും വൈദ്യുത കാന്തിക മണ്ഡലവും നല്‍കുന്ന സംരക്ഷണം ഇവയൊക്കെ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമാണ്‌. സംരക്ഷണ വലയം മറികടന്നാല്‍... സാങ്കേതികവിദ്യയുടെ സഹായത്തോടെ അല്‍പം പ്രതിവിധികളൊക്കെ ആകാം.
ബഹിരാകാശത്ത്‌ ആദ്യം അതിജീവിക്കേണ്ടത്‌ വികിരണങ്ങളെയാണ്‌. പ്രകാശവും വികിരണമാണ്‌.
വികിരണ ഭീഷണി

വൈദ്യുതകാന്തിക തരംഗങ്ങളെല്ലാം വികിരണങ്ങളാണ്‌. അതില്‍ ചിലത്‌ ജീവനു ഹാനികരമാണ്‌. അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ അന്ധതയ്‌ക്കും ചര്‍മ്മ കാന്‍സറിനും കാരണമാകും. എക്‌സ്‌റേകള്‍ ഡി.എന്‍.എയെ ബാധിക്കാം. ഗാമാ രശ്‌മികള്‍ വളരെ അപകടകരമാണ്‌. ഉയര്‍ന്ന ഊര്‍ജ തരംഗങ്ങള്‍ ഡി.എന്‍.എകളെ തകര്‍ത്തുകളയാം.
ഭൂമിയിലെ ഓസോണ്‍ പാളി ഈ ഉയര്‍ന്ന ഊര്‍ജ വികിരണങ്ങളെ ആഗിരണം ചെയ്‌ത്‌ നമ്മെ സംരക്ഷിക്കുന്നു. ബഹിരാകാശത്ത്‌ സഞ്ചരിക്കുമ്പോള്‍, സൂക്ഷ്‌മാണുക്കള്‍ക്ക്‌ ഉയര്‍ന്ന താപനില, താഴ്‌ന്ന താപനില, വികിരങ്ങള്‍ എന്നിവയെ അതിജീവിക്കേണ്ടി വരും.
കണ്ണുവെട്ടിച്ച്‌
ബഹിരാകാശത്തേക്ക്‌

ഐ.എസ്‌.എസിലെ ഗവേഷണ ശാലയില്‍ വളര്‍ത്തിയ ചെടികളെയാണ്‌ പൂപ്പലുകള്‍ ആദ്യം ആക്രമിച്ചത്‌. അന്നു തുടങ്ങിയാണ്‌ ഐ.എസ്‌.എസില്‍ പൂപ്പലിനോടുള്ള യുദ്ധം. ഭൂമിയില്‍പോലും പൂപ്പലുകളെ നശിപ്പിക്കുന്നത്‌ അത്ര എളുപ്പമല്ല. ആ പോരാട്ടത്തിനിടെയാണു 'ശത്രുവിനെ' ശാസ്‌ത്രജ്‌ഞര്‍ ബഹുമാനിച്ചു തുടങ്ങിയത്‌.
ബഹിരാകാശത്തിലെ കഠിനമായ സാഹചര്യങ്ങളെ പൂപ്പലുകള്‍ അതിജീവിച്ചിരിക്കുന്നു. മനുഷ്യനെ കൊല്ലാന്‍ കഴിയുന്നതിന്റെ 200 മടങ്ങ്‌ അധികം റേഡിയേഷന്‍ ഡോസുകള്‍ അതിജീവിക്കാന്‍ പൂപ്പലുകളുടെ വിത്തുകള്‍ക്കു കഴിയും.
പൂപ്പല്‍ കരുത്ത്‌!

ഐ.എസ്‌.എസിലെ ചുമരുകളിലും ഉപകരണങ്ങളിലും ഇവ വളരുന്നു. തീര്‍ച്ചയായും, ഭൂമിയുടെ ഒരു സംരക്ഷണം ഐ.എസ്‌.എസിനുണ്ട്‌. അവിടെ റേഡിയേഷന്‍ ഡോസുകള്‍ കുറവാണ്‌. മനുഷ്യര്‍ക്കായി ഒരുക്കിയ സംരക്ഷണമാണു കാരണം. പക്ഷേ, ഐ.എസ്‌.എസിന്റെ പുറംപാളിയിലും അവയുടെ സാന്നിധ്യം കണ്ടെത്തി.
ബഹിരാകാശത്ത്‌ പൂപ്പലുകള്‍ക്ക്‌ എന്തു സംഭവിക്കുമെന്ന്‌ കണ്ടെത്താനായി, കൊളോണിലെ ജര്‍മ്മന്‍ എയ്‌റോസ്‌പേസ്‌ സെന്ററിലെ (ഡി.എല്‍.ആര്‍.) മൈക്രോബയോളജിസ്‌റ്റ്‌ മാര്‍ട്ട കോര്‍ട്ടസോയും സഹപ്രവര്‍ത്തകരും തീരുമാനിച്ചു. ഐ.എസ്‌.എസില്‍ സാധാരണയായി കാണുന്ന കറുത്ത പൂപ്പലായ ആസ്‌പെര്‍ജില്ലസ്‌ നൈഗറിനെ എക്‌സ്‌റേകളും ഹെവി അയോണുകളും ഉപയോഗിച്ച്‌ അവര്‍ ആക്രമിച്ചു.
റേഡിയേഷന്റെ തരം അനുസരിച്ച്‌ 500 മുതല്‍ 1000 ഗ്രേ വരെ റേഡിയേഷന്‍ അതിജീവിക്കാന്‍ പൂപ്പല്‍ വിത്തുകള്‍ക്ക്‌ കഴിയുമെന്നായിരുന്നു കണ്ടെത്തല്‍. (ഗ്രേ എന്നാല്‍ ആഗിരണം ചെയ്യപ്പെട്ട റേഡിയേഷന്റെ അളവിനെ അളക്കുന്ന യൂണിറ്റാണ്‌.). 0.5 ഗ്രേ ഡോസില്‍ തന്നെ മനുഷ്യര്‍ക്ക്‌ റേഡിയേഷന്‍ സിക്ക്‌നെസ്‌ ഉണ്ടാകും. 5 ഗ്രേ ഡോസിലെത്തിയാല്‍ മനുഷ്യര്‍ക്ക്‌ മരണം ഉറപ്പ്‌. ഉയര്‍ന്ന ഊര്‍ജമുള്ള അള്‍ട്രാവയലറ്റ്‌ റേഡിയേഷന്റെ വലിയ അളവും പൂപ്പല്‍ വിത്തുകള്‍ അതിജീവിച്ചതായി കണ്ടെത്തി. ഉപകരണങ്ങള്‍ അണുവിമുക്‌തമാക്കാന്‍ അള്‍ട്രാവയലറ്റ്‌ റേഡിയേഷന്‍ ഉപയോഗിക്കാറുണ്ട്‌. പക്ഷേ, ആ റേഡിയേഷനെയും പൂപ്പലുകള്‍ മറികടന്നിരിക്കുന്നു. അവര്‍ ബഹിരാകാശ യാത്ര നടത്തിയത്‌ അങ്ങനെയായിരുന്നു...
ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും
കൂട്ടായി അവര്‍ ഉണ്ടാകും

തന്റെ ഗവേഷണം റേഡിയേഷനെ മാത്രമാണ്‌ കേന്ദ്രീകരിച്ചതെന്നും കഠിനമായ ബഹിരാകാശ സാഹചര്യങ്ങളുടെ എല്ലാ വശങ്ങളെയും ഉള്‍ക്കൊള്ളുന്നില്ലെന്നും കോര്‍ട്ടസോ സമ്മതിക്കുന്നു. എങ്കിലും, ബഹിരാകാശത്ത്‌ പൂപ്പല്‍ വിത്തുകള്‍ റേഡിയേഷനെ കൂടുതല്‍ നന്നായി പ്രതിരോധിക്കുമെന്ന്‌ അവര്‍ പറയുന്നു. ഒരു കാര്യം അവര്‍ പറഞ്ഞു.'നമ്മുടെ ബഹിരാകാശ യാത്രകളില്‍ പൂപ്പല്‍ വിത്തുകള്‍ നമ്മോടൊപ്പം ഉണ്ടാകും. കഴിഞ്ഞ 20- 30 വര്‍ഷമായി ഫംഗസുകളെ മനുഷ്യര്‍ വേണ്ടത്ര പരിഗണിച്ചിട്ടില്ല, പക്ഷേ അവയെ വീണ്ടും പരിഗണിക്കേണ്ട സമയമായിരിക്കുന്നു'.
ബഹിരാകാശ യാത്രകളില്‍ മനുഷ്യര്‍ കൂടുതല്‍ ഭയന്നത്‌ ബാക്‌ടീരിയകളെയാണ്‌. കാരണം ബഹിരാകാശ പേടകങ്ങളുടെ ഉപരിതലങ്ങളില്‍ കണ്ടെത്തിയ ഭൂരിഭാഗം സൂക്ഷ്‌മാണുക്കളും ബാക്‌ടീരിയകളായിരുന്നു. അവിടെയും ഫംഗസുകള്‍ മനുഷ്യരുടെ കണ്ണുവെട്ടിച്ചു.
മറ്റ്‌ ഗ്രഹങ്ങളിലേക്ക്‌
അയയ്‌ക്കരുത്‌!

ഈ കണ്ടെത്തല്‍ മറ്റ്‌ ഗ്രഹങ്ങളിലേക്ക്‌ യാത്ര ചെയ്യുന്ന ബഹിരാകാശ പേടകങ്ങള്‍ അണുവിമുക്‌തമാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്‌തമാക്കുന്നു. നമ്മള്‍ അറിയാതെ ഭൂമിയിലെ ജീവികള്‍ മറ്റ്‌ ഗ്രഹങ്ങളിലേക്ക്‌ വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്‌.
ആ സാധ്യതയിലും മറ്റൊരു 'സാധ്യത' ഗവേഷകര്‍ കണ്ടെത്തി. മറ്റു ഗ്രഹങ്ങളില്‍ ഉത്ഭവിച്ച ജീവന്‍ ഉല്‍ക്കകളിലും മറ്റും ഭൂമിയിലേക്ക്‌ വന്നതാണെങ്കിലോ?
ഭൂമിയില്‍ തഴച്ചുവളര്‍ന്ന പ്രീബയോട്ടിക്‌ രസതന്ത്രത്തില്‍നിന്ന്‌ ഒരു കോശ ജീവി പരിണമിച്ചു എന്ന അനുമാനത്തിലാണു ഗവേഷകര്‍ മുന്നോട്ടുപോയിരുന്നത്‌. മറ്റു ഗ്രഹങ്ങളുടെ പ്രതലങ്ങളില്‍ ജീവന്‍ രൂപപ്പെട്ട്‌, പിന്നീട്‌ ഉല്‍ക്കാ പതനങ്ങള്‍ വഴി ബഹിരാകാശത്തേക്ക്‌ തെറിക്കാനുള്ള സാധ്യതയെക്കുറിച്ചും ഇനി അന്വേഷിക്കണം.
ഭൂമിയില്‍ ഓരോ ഇഞ്ചിലും സൂക്ഷ്‌മാണുക്കള്‍ ഒളിച്ചിരിപ്പുണ്ടാകാം. അന്തരീക്ഷത്തില്‍, ജലത്തില്‍, പാറകളില്‍, സമുദ്രങ്ങളുടെ അടിത്തട്ടില്‍ എവിടെയും അവയ്‌ക്ക്‌ ഒളാക്കാം. അത്തരം പാറകള്‍ ബഹിരാകാശത്തുകൂടി വര്‍ഷങ്ങളോളം സഞ്ചരിച്ച്‌ മറ്റൊരു ഗ്രഹത്തില്‍ പതിക്കാം. അങ്ങനെയൊരു യാത്രയില്‍ ഒരു ഉല്‍ക്കവഴി അവ ഭൂമിയിലും എത്തിയിരിക്കാം. അത്തരം യാത്രകളെ സൂക്ഷ്‌മാണുക്കള്‍ അതിജീവിച്ചാല്‍, അത്‌ ഗ്രഹങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ജീവനായി മാറും.
അതിജീവന വ്യതിയാനങ്ങള്‍

അങ്ങനെത്തിയ ജീവികള്‍ പിന്നീട്‌ പരിണാമത്തിനു വിധേയമാകും. സാധാരണയായി ഒരു ജീവി മാറ്റത്തെ നേരിടാന്‍ സ്വയം തയാറെടുക്കുന്നില്ല. പരിസ്‌ഥിതിയിലെ മാറ്റങ്ങളെ അതിജീവിക്കാനുള്ള കഴിവ്‌ അതിന്‌ സ്വാഭാവികമായി ഉണ്ടാവുകയോ അല്ലെങ്കില്‍ ഇല്ലാതിരിക്കുകയോ ചെയ്യാം. ഇല്ലാത്തവയ്‌ക്കു വംശനാശമുണ്ടാകും. ഭൂമിയില്‍ രൂപപ്പെട്ട എത്രയോ ജീവി വര്‍ഗങ്ങള്‍ വംശനാശത്തിനു വിധേയമായിക്കഴിഞ്ഞു. കാരണം, ആവാസവ്യവസ്‌ഥയുടെ അടുത്ത ഘട്ടത്തിലേക്ക്‌ കടന്നുപോകാന്‍ ആവശ്യമായ മാറ്റങ്ങളെ അതിജീവിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല.
ഓരോ തലമുറയിലും അതിജീവിക്കുന്നവരില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകും. പരിണാമം വലിയ കൊലയാളിയാണ്‌, കാരണം ഒരു ജീവിയും വെറുതെ മരിക്കുന്നില്ല. അതിജീവിക്കുന്നവര്‍ അടുത്ത ദിവസത്തേക്ക്‌ ജീവിക്കുന്നു.

ബഹിരാകാശ ഡിറ്റക്‌ടീവുകള്‍

പൂപ്പലുകള്‍ എന്ന സത്യത്തെ ഭയപ്പെടുന്നതിനു പകരം അതിനെ മുതലെടുക്കാനായിരുന്നു ശാസ്‌ത്രജ്‌ഞരുടെ തീരുമാനം. യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി (ഇ.എസ്‌.എ.) അടുത്തിടെ ഹൈപ്പര്‍ഗ്രാവിറ്റി പരീക്ഷണങ്ങള്‍ ഫംഗസുകളില്‍ നടത്തി. ബഹിരാകാശത്തിലെ കഠിനമായ സാഹചര്യങ്ങളില്‍ ഈ ജീവികള്‍ എങ്ങനെ അനായാസമായി അതിജീവിക്കുന്നു എന്ന്‌ മനസിലാക്കുക എന്നതായിരുന്നു ലക്ഷ്യം. ബഹിരാകാശത്ത്‌ എത്തിപ്പെടുന്ന ഫംഗസ്‌ വര്‍ഗങ്ങളില്‍ പലതും ഡിറ്റക്‌ടീവുകളെ പോലെയാണ്‌. അവ ലോഞ്ച്‌ സമയത്തും ബഹിരാകാശ യാത്രയിലും പ്രവര്‍ത്തനരഹിതമായിരിക്കും, എന്നാല്‍ പിന്നീട്‌ അവ 'സജീവമാവുകയും' ബഹിരാകാശ നിലയത്തിന്റെ വിവിധ ഭാഗങ്ങളില്‍ കട്ടിയുള്ള, ജീവനുള്ള പാളികളായി വളരുകയും പുനരുത്‌പാദനം നടത്തുകയും ചെയ്യുന്നു. ഈ പാളികള്‍ യാത്രികരുടെ ആരോഗ്യത്തിന്‌ മാത്രമല്ല, സ്‌റ്റേഷനിലെ ഇലക്‌േ്രടാണിക്‌സ്‌, പ്ലംബിങ്‌, മറ്റ്‌ ഘടകങ്ങള്‍ എന്നിവയ്‌ക്കും ഭീഷണിയാണ്‌.
പക്ഷേ, 2016ല്‍ കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ്‌ പ്ര?പ്പല്‍ഷന്‍ ലബോറട്ടറിയിലെ ഗവേഷകര്‍, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഗവേഷണ ആവശ്യങ്ങള്‍ക്കായി ആദ്യമായി ഫംഗസുകളെ എത്തിച്ചു. ഐ.എസ്‌.എസിലെ സാഹചര്യത്തില്‍ ഭൂമിയില്‍ ഉത്‌പാദിപ്പിക്കാത്ത ചില തന്മാത്രകള്‍ അവ നിര്‍മിക്കുന്നതായി കണ്ടെത്തി. ആസ്‌പെര്‍ഗില്ലസ്‌ നിഡുലന്‍സ്‌ വിഭാഗമാണു പ്രത്യേക തന്മാത്രകള്‍ സൃഷ്‌ടിച്ചത്‌. ആ തന്മാത്രകള്‍ മരുന്നുകളില്‍ ഉപയോഗിക്കാം.
ഒരു ജീവിക്ക്‌ ഭൂമിയിലെ ജീവജാലങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയാത്ത ഡി.എന്‍.എ. ഉണ്ടെങ്കില്‍, അത്‌ പുറത്തുനിന്നുള്ളതാകാം. എന്നാല്‍ ഡി.എന്‍.എ. സമാനമാണെങ്കില്‍, ഡി.എന്‍.എ. എല്ലായിടത്തും ഒരുപോലെയാണെന്നും വരാം.
എങ്കിലും, അടുത്ത തവണ പൂപ്പല്‍ കാണുമ്പോള്‍, അതിനെ 'ബഹുമാനിക്കുക', അതിനു നമ്മെക്കാള്‍ പ്രതിരോധശേഷിയുണ്ട്‌. അത്‌ ഇവിടെയെത്താന്‍ ഒരുപാട്‌ ദൂരം സഞ്ചരിച്ചിരിക്കാം.

Ads by Google
Sunday 15 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW