-->
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആലിന്‍ ഷെറിന്‍ ഏബ്രഹാമിനു കേരളം കണ്ണീരോടെ വിടനല്‍കി. മറ്റു രണ്ടു കുട്ടികളെ ജീവിതത്തിലേക്ക് ഉയര്‍ത്തിയുള്ള കുഞ്ഞുമാലാഖയുടെ തിരിച്ചുപോക്ക് നാടിന്റെ ചരിത്രത്തില്‍ നൊമ്പരപ്പൂക്കള്‍കൊണ്ടാകും അലങ്കരിക്കപ്പെടുക. ഒമ്പതു മാസം മാത്രമാണ് ഈ ഭൂമിയില്‍ ജീവിക്കാന്‍ കുഞ്ഞിനു ഭാഗ്യമുണ്ടായത്. അവളുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയില്‍ നില്‍ക്കുമ്പോഴും സഹജീവികളോടുള്ള കാരുണ്യത്തിന്റെ കടലായി മാറിയ മാതാപിതാക്കളായ ഷെറിനും അരുണും മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു മഹാഗാഥ നാടിനു സമ്മാനിച്ചു. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന്റെ പേരായി ആലിന്‍ ഷെറിന്‍ മാറിയതിനുപിന്നില്‍ ദുഃഖത്തിന്റെ കൂരിരുട്ടിലും ജീവിതത്തെ പ്രത്യാശയോടെ കാണുന്നവരോടുള്ള അലിവിന്റെ സ്‌നേഹമുദ്ര മഹാപ്രകാശമാകുന്നു.
കളിചിരി മാറുംമുമ്പേ കണ്ണില്‍നിന്നു മാഞ്ഞ ആലിന്‍ ഇനി നാലുപേരിലായി തുടിക്കും. ആലിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനാണു നല്‍കിയത്. സംസ്‌ഥാനത്ത് കരള്‍ സ്വീകരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാകും ഈ കുഞ്ഞ്. വൃക്കകള്‍ പത്തു വയസുള്ള കുട്ടിക്കാണു നല്‍കിയത്. നേത്രപടലങ്ങള്‍ കൊച്ചി അമൃത ആശുപത്രിയിലെ നേത്ര ബാങ്കിനും ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ടിനും കൈമാറി.
പത്തനംതിട്ട, മല്ലപ്പള്ളി സ്വദേശികളായ മാതാപിതാക്കളുടെ ഏക മകളായിരുന്ന ആലിനെ എം.സി. റോഡില്‍ കോട്ടയത്തിനു സമീപം പള്ളത്ത് ഉണ്ടായ അപകടമാണ് മസ്‌തിഷ്‌ക മരണത്തിലേക്കു നയിച്ചത്. തുടര്‍ന്ന്, സര്‍ക്കാര്‍ സംവിധാനമായ കെ.സോട്ടോ വഴി അവയവദാനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. കൊച്ചിയില്‍നിന്ന് അവയവങ്ങള്‍ റോഡ് മാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കാന്‍ സംവിധാനങ്ങള്‍ ഒന്നായി പ്രവര്‍ത്തിച്ചു. കൊച്ചിയില്‍ നിന്ന് രാത്രി 7.10ന് പുറപ്പെട്ട് പത്തരയോടെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ആലിന്റെ പിതാവ് അരുണ്‍ മല്ലപ്പള്ളിയില്‍ അക്ഷയകേന്ദ്രം നടത്തുകയും മാതാവ് ഷെറിന്‍ അധ്യാപികയുമാണ്. വിധിയുടെ ദയാരഹിത്യം ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും നോവുന്ന മറ്റുള്ളവരെക്കുറിച്ച് ഓര്‍ക്കാന്‍ മനസുകാട്ടിയ ഇവരെ ആദരവോടെ വണങ്ങുന്നു.
കേരള സര്‍ക്കാരിന്റെ കീഴില്‍ അവയവദാനവും കൈമാറ്റവും നിയന്ത്രിക്കാന്‍ രൂപീകരിച്ച നോഡല്‍ ഏജന്‍സിയാണ് കെ.സോട്ടോ. അവയവം ആവശ്യമുള്ള രോഗികളുടെ മുന്‍ഗണനാ പട്ടിക തയാറാക്കുന്നതും വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതും കെ. സോട്ടോ വഴിയാണ്. ആരോഗ്യ മേഖലകളില്‍ മുന്‍നിരക്കാരെന്ന് അവകാശപ്പെടുമ്പോഴും മരണാനന്തര അവയവദാനത്തില്‍ കേരളം പിന്നിലാണെന്നതാണു വാസ്‌തവം. മറ്റു സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പന്ത്രണ്ടാം സ്‌ഥാനത്താണ് നമ്മളുള്ളത്. അവയവദാനത്തിനു തയാറായി അമ്പതിനായിരത്തോളം ആളുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള മഹാരാഷ്‌ട്രയെ അപേക്ഷിച്ച് ആറായിരത്തില്‍ താഴെ ആളുകള്‍ സന്നദ്ധരായിട്ടുള്ള കേരളം വളരെ പിന്നിലാണ്. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മരണാനന്തര അവയവദാനം 400-ല്‍ താഴെ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവമാറ്റം സംസ്‌ഥാനത്ത് വര്‍ധിക്കുമ്പോഴും ആകെയുള്ള അവയവദാനത്തില്‍ പുരോഗതി ഉണ്ടാകാത്തതിനു കാരണം പലതാണ്. മസ്‌തിഷ്‌കമരണം സ്‌ഥിരീകരിക്കുന്നതു സംബന്ധിച്ച് ഉയരുന്ന നിയമപ്രശ്‌നങ്ങള്‍ മരണാനന്തര അവയവദാനത്തിന് ആശുപത്രികളെയും മരണപ്പെടുന്നവരുടെ ബന്ധുക്കളെയും മടിയുള്ളവരാക്കുന്നു.
ജീവിതത്തിലേക്കു തിരിച്ചുവരാന്‍ അവയവത്തിനായി കാത്തിരിക്കുന്നവരുടെ പട്ടിക നീണ്ടതാണ്. അത് ലഭിക്കാനുള്ള സാധ്യതയാകട്ടെ കുറവും. അവയവദാനം സംബന്ധിച്ച് വ്യത്യസ്‌തങ്ങളായ പ്രചരണങ്ങളാണ് സമൂഹത്തില്‍ ഇപ്പോഴും നടക്കുന്നത്. അവയവ മാഫിയയുടെ പ്രവര്‍ത്തനവും നിരവധി അധാര്‍മിക പ്രവണതകളും ജനങ്ങളെ സംശയാലുക്കളാക്കാന്‍ പര്യാപ്‌തമാണ്. അവയവദാനം സംബന്ധിച്ചു കൃത്യമായ അവബോധം ആളുകളില്‍ സൃഷ്‌ടിക്കാന്‍ കഴിയുന്ന ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും ആലിന്റെ ഓര്‍മകളും മാതാപിതാക്കള്‍ നടത്തിയ മഹാദാനവും വഴിതെളിക്കട്ടെ. മഹാദാനത്തിന്റെ 'വലിയമുഖ'മെന്ന നിലയില്‍ ഒരു കുഞ്ഞുമുഖം കേരളത്തിന്റെ നെഞ്ചില്‍ എന്നുമുണ്ടാകും.