Wednesday, March 11, 2026 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.25 PM

ഇന്ത്യക്ക്‌ 61 റണ്ണിന്റെ ജയം.

uploads/news/2026/02/825594/sp1.jpg

കൊളംബോ: പാകിസ്‌താനെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരത്തില്‍ ഇന്ത്യക്ക്‌ 61 റണ്ണിന്റെ ജയം. എ ഗ്രൂപ്പ്‌ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ഏഴ്‌ വിക്കറ്റിന്‌ 175 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ കളി തീരാന്‍ രണ്ടോവര്‍ ശേഷിക്കേ 114 റണ്ണിന്‌ ഓള്‍ഔട്ടായി.
ഗ്രൂപ്പിലെ മൂന്ന്‌ മത്സരങ്ങളും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ട്‌ ഉറപ്പാക്കി. വെടിക്കെട്ട്‌ അര്‍ധ സെഞ്ചുറിയടിച്ച ഓപ്പണര്‍ ഇഷാന്‍ കിഷനും (40 പന്തില്‍ മൂന്ന്‌ സിക്‌സറും 10 ഫോറുമടക്കം 77) മികച്ച ബൗളിങ്‌ പുറത്തെടുത്ത ബൗളര്‍മാരുമാണ്‌ ഇന്ത്യയെ ജയിപ്പിച്ചത്‌്. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ പാകിസ്‌താന്‍ നായകന്‍ സല്‍മാന്‍ ആഗ ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. സല്‍മാന്‍ ആഗ എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക്‌ ശര്‍മ (0) പുറത്ത്‌. നാല്‌ പന്തുകള്‍ നേരിട്ട അഭിഷേകിനെ ഷഹീന്‍ ഷാ അഫ്രീഡി കൈയിലൊതുക്കി. അഭിഷേകിന്റെ വെടിക്കെട്ട്‌ കാണാനെത്തിയവര്‍ നിരാശപ്പെട്ടെങ്കിലും ഓപ്പണര്‍ ഇഷാണ്‍ കിഷന്‍ അവസരത്തിനൊത്തുയര്‍ന്നു. 27 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന ഇഷാന്‍ നിലപാട്‌ വ്യക്‌തമാക്കി. തിലക്‌ വര്‍മയുടെ കൂട്ടുപിടിച്ച (24 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 25) ഇഷാന്‍ പാക്‌ ബൗളര്‍മാരെ നിലംപരിശാക്കി. സായിം അയൂബിന്റെ പന്തില്‍ ഇഷാന്‍ മടങ്ങുമ്പോള്‍ ഇന്ത്യ 88 കടന്നിരുന്നു. നായകന്‍ സൂര്യകുമാര്‍ യാദവും (29 പന്തില്‍ 32) തിലകും ചേര്‍ന്ന്‌ അടുത്ത കൂട്ടുകെട്ടിനു കളമൊരുക്കി. സായിം അയൂബിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി തിലക്‌ മടങ്ങി. തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക്‌ പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. ഉസ്‌മാന്‍ താരിഖ്‌ സൂര്യയെ സായിം അയൂബിന്റെ കൈയിലെത്തിച്ചതോടെ ഇന്ത്യ അനായാസം പത്തി താഴ്‌ത്തുമെന്നു തോന്നി. ശിവം ദുബെ (17 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 27), റിങ്കു സിങ്‌ (നാല്‌ പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 11) എന്നിവര്‍ അവസാന ഓവറുകളില്‍ തകര്‍ത്തു. പാകിസ്‌താനും ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്‌ നഷ്‌ടമുണ്ടായി. ഹാര്‍ദിക്‌ പാണ്ഡ്യ എറിഞ്ഞ ഓവറില്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ (0) റിങ്കു സിങ്ങിനു ക്യാച്ച്‌ നല്‍കി. ഓപ്പണര്‍ സായിം അയൂബ്‌ (ആറ്‌) ജസ്‌പ്രീത്‌ ബുംറയുടെ ആദ്യ പന്ത്‌ സിക്‌സറടിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. നായകന്‍ സല്‍മാന്‍ ആഗയ്‌ക്കും (നാല്‌) പിടിച്ചു നില്‍ക്കാനായില്ല. ബുംറയെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ആഗയെ പാണ്ഡ്യ കൈയിലൊതുക്കി. ബാബര്‍ അസമിനും (നാല്‌) ടീമിനെ രക്ഷിക്കാനായില്ല. ഉസ്‌മാന്‍ ഖാന്റെ (34 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 44) ചെറുത്തു നില്‍പ്പ്‌ ഇന്ത്യക്കാര്‍ക്ക്‌ ആശങ്കയായി. അക്ഷര്‍ പട്ടേലിന്റെ പന്തില്‍ ഉസ്‌മാനെ ഇഷാന്‍ കിഷന്‍ സ്‌റ്റമ്പ്‌ ചെയ്‌തതോടെ ആശങ്കയകന്നു. ഷാദാബ്‌ ഖാന്‍ (14), ഫാഹിം അഷ്‌റാഫ്‌ (10), മുഹമ്മദ്‌ നവാസ്‌ (നാല്‌), അബ്രാര്‍ അഹമ്മദ്‌ (0), ഉസ്‌മാന്‍ താരിഖ്‌ (0) എന്നിവര്‍ പുറത്താകുന്നത്‌ ഷഹീന്‍ ഷാ അഫ്രീഡി (19 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 23) നോക്കിനിന്നു. ഇന്ത്യക്കായി ഹാര്‍ദിക്‌ പാണ്ഡ്യ, ജസ്‌പ്രീത്‌ ബുംറ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. കുല്‍ദീപ്‌ യാദവും തിലക്‌ വര്‍മയും ഒരു വിക്കറ്റ്‌ വീതവുമെടുത്തു. ഇഷാന്‍ കിഷനാണു മത്സരത്തിലെ താരം.

Ads by Google
Sunday 15 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW