-->
ധാക്ക: ബംഗ്ലാദേശില്‍ ബിഎന്‍പി ചെയര്‍മാന്‍ താരിഖ് റഹ്മാന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരെ ക്ഷണിച്ചിട്ടുണ്ട്. മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
ബംഗ്ലാദേശ് പാര്‍ലമെന്റ് ഹൗസിലെ സതേണ്‍ പ്ലാസയില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക. ആദ്യം തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റ് അംഗങ്ങളാകും സത്യപ്രതിജ്ഞ ചെയ്യുക. തുടര്‍ന്ന് പ്രധാനമന്ത്രിയും മറ്റു മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എഎംഎം നസിറുദ്ദീന്‍ സത്യപ്രതിജ്ഞയ്ക്ക് മേല്‍നോട്ടം വഹിക്കും. ഫെബ്രുവരി 17 നെ 'ബംഗ്ലാദേശിന്റെ ചരിത്ര ദിനമായി' ബിഎന്‍പി വിശേഷിപ്പിച്ചു,
ഇടക്കാല ഭരണത്തലവന്‍ മുഹമ്മദ് യൂനുസ്, 13 രാജ്യത്തലവന്മാര്‍ക്കാണ് ക്ഷണക്കത്ത് അയച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറമേ, ചൈന, സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി, യുഎഇ, ഖത്തര്‍, മലേഷ്യ, ബ്രൂണെ, ശ്രീലങ്ക, നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യ തലവന്മാര്‍ക്കാണ് ക്ഷണം. എന്നാല്‍ നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ദിവസം പ്രധാനമന്ത്രി മോദിക്ക് മുംബൈയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ട്. അതിനാല്‍ മോദിക്ക് പകരം സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറോ ഉപരാഷട്രപതി സി പി രാധാകൃഷ്ണനോ ഇന്ത്യയെ പ്രതിനിധീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.