-->
തിരുവനന്തപുരം: അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റല്‍ ഝാര്‍ഖണ്ഡിനെതിരേ ഒന്‍പത് റണ്ണിന്റെ നിര്‍ണായക ലീഡുമായി കേരളം.
കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 283ന് അവസാനിച്ചു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ചുറിയടിച്ച വരുണ്‍ നായനാരുടെ പ്രകടനമാണു മുതല്‍ക്കൂട്ടായത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഝാര്‍ഖണ്ഡ് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ ഒരു റണ്ണെന്ന നിലയിലാണ്. വിക്കറ്റ് നഷ്‌ടപ്പെടാതെ അഞ്ച് റണ്‍ എന്ന നിലയില്‍ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തന്നെ എസ്. എസ്. അക്ഷയുടെ വിക്കറ്റ് നഷ്‌ടമായി.
തുടര്‍ന്നെത്തിയ വരുണ്‍ നായനാരും അഭിഷേക് ജെ. നായരും (45) ചേര്‍ന്നുള്ള 107 റണ്ണിന്റെ കൂട്ടുകെട്ട് ടീമിനെ നയിച്ചു. അഭിഷേക് തനീഷിന്റെ പന്തില്‍ റോബിന്‍ മിന്‍സ് പിടിച്ച് പുറത്തായി. അഹ്‌മദ് ഇമ്രാനും വരുണിന് മികച്ച പിന്തുണയായി. വരുണ്‍ നിലയുറപ്പിച്ച് കരുതലോടെ ബാറ്റ് വീശിയപ്പോള്‍ തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറയുകയായിരുന്നു അഹ്‌മദ് ഇമ്രാന്‍. ഇരുവരും ചേര്‍ന്ന് 78 പന്തില്‍ 80 റണ്‍ കൂട്ടിച്ചേര്‍ത്തു. വരുണ്‍ ടൂര്‍ണമെന്റിലെ തന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കി. 108 റണ്ണെടുത്ത വരുണിനെ അഭിഷേക് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. 15 ബൗണ്ടറികളടങ്ങുന്നതായിരുന്നു വരുണിന്റെ ഇന്നിങ്‌സ്.
ഗോവയ്‌ക്കും മേഘാലയയ്‌ക്കും എതിരെ നടന്ന മത്സരങ്ങളിലും വരുണ്‍ സെഞ്ചുറിയടിച്ചു. തുടര്‍ന്നെത്തിയ ഷോണ്‍ റോജറും (ഒന്ന്), രോഹന്‍ നായരും (ഏഴ്) ചെറുത്തുനില്‍ക്കാതെ മടങ്ങി. നായകന്‍ അഭിജിത് പ്രവീണും അഹ്‌മദ് ഇമ്രാനും ചേര്‍ന്ന 47 റണ്ണെടുത്തു. ഇമ്രാന്‍ 69റണ്ണും അഭിജിത് പ്രവീണ്‍ 23റണ്ണുമെടുത്തു. ഝാര്‍ഖണ്ഡിന് വേണ്ടി മനീഷി നാല് വിക്കറ്റും അഭിഷേക് മൂന്ന് വിക്കറ്റും കുനൈന്‍ ഖുറേഷി രണ്ട് വിക്കറ്റുമെടുത്തു.