Sunday, March 15, 2026 Last Updated 27 Min 7 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Feb 2026 11.33 PM

ആഗോള അയ്യപ്പ സംഗമം: സാമ്പത്തിക ക്രമക്കേടുകളും ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളും;​‍ സര്‍ക്കാരിനും സി.പി.എമ്മിനും തലവേദന

ശബരിമല വിഷയത്തിലെ ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്നതിനിടെ ഉയര്‍ന്ന പുതിയ വിവാദം രാഷ്‌ട്രീയ നഷ്‌ടമുണ്ടാക്കുമെന്ന്‌ പാര്‍ട്ടി വിലയിരുത്തല്‍.
uploads/news/2026/02/825492/Agola-ayyappa-samgamam2.jpg

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളും സര്‍ക്കാരിനും സി.പി.എമ്മിനും തലവേദന. ശബരിമല വിഷയത്തിലെ ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്നതിനിടെ ഉയര്‍ന്ന പുതിയ വിവാദം രാഷ്‌ട്രീയ നഷ്‌ടമുണ്ടാക്കുമെന്ന്‌ പാര്‍ട്ടി വിലയിരുത്തല്‍.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ്‌ കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ കാരണമായതെന്നാണു സര്‍ക്കാര്‍ അനുമാനം. ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട്‌ അതൃപ്‌തി അറിയിച്ചതായാണ്‌ വിവരം. ഇതിനു പിന്നാലെയാണ്‌ വിശദീകരണവുമായി ബോര്‍ഡ്‌ രംഗത്തെത്തിയത്‌.

സംഗീത പരിപാടി അവതരിപ്പിച്ചവരുടെ പേരുമാറിയതും മുഖ്യമന്ത്രിക്കു കട്ടില്‍ വാങ്ങിയെന്ന പ്രചാരണങ്ങളും ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലെ അവ്യക്‌തതയില്‍ നിന്നാണ്‌ ഉണ്ടായതെന്നു വ്യക്‌തം. ഇഷാന്‍ ദേവ്‌ പരിപാടി അവതരിപ്പിച്ച സ്‌ഥാനത്ത്‌ 'നന്ദഗോവിന്ദം ഭജന്‍സ്‌' എന്ന്‌ രേഖപ്പെടുത്തിയതിന്‌ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഏജന്‍സിയെയാണു ബോര്‍ഡ്‌ പഴിക്കുന്നത്‌. കോടികള്‍ കൈകാര്യം ചെയ്യുന്ന സംവിധാനത്തില്‍ ഇത്തരം പിശകുകള്‍ ഭരണസമിതിയുടെ ഗൗരവമില്ലായ്‌മയെ തുറന്നുകാട്ടുന്നതാണ്‌.

ഗസ്‌റ്റ് ഹൗസ്‌ നവീകരണത്തിനായി ഫര്‍ണിച്ചറുകള്‍ വാങ്ങിയതിനെ മുഖ്യമന്ത്രിക്കുവേണ്ടി കട്ടില്‍ വാങ്ങിയെന്ന്‌ വ്യാഖ്യാനിച്ചതിലും ബോര്‍ഡിന്‌ വീഴ്‌ചയുണ്ടായി. കണക്കുകള്‍ കൃത്യസമയം വെളിപ്പെടുത്താതിരുന്നത്‌ ആരോപണങ്ങള്‍ക്കു വളമായി. കോടതിയില്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനുള്ള ധൃതിയിലാണ്‌ പൊരുത്തക്കേടുകള്‍ ഉണ്ടായതെന്ന ബോര്‍ഡിന്റെ വിശദീകരണം സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തില്‍ 17ന്‌ ചേരുന്ന ബോര്‍ഡ്‌ യോഗം വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ്‌ സൂചന.

ഉപഹാരം നല്‍കാന്‍ ചെലവഴിച്ചത്‌ അരക്കോടി

തിരുവനന്തപുരം: പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്നത്‌ കോടികളുടെ കൊള്ളയെന്ന്‌ വ്യക്‌തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. പങ്കെടുത്തവര്‍ക്ക്‌ ഉപഹാരം നല്‍കിയ വകയില്‍ മാത്രം അരക്കോടി രൂപയുടെ തിരിമറി നടന്നതായി ആക്ഷേപം. ഇവന്റ്‌ മാനേജ്‌മെന്റ്‌ ഏജന്‍സിയുടെ ഒത്താശയോടെയാണ്‌ ക്രമക്കേടു നടന്നത്‌. പങ്കെടുത്ത പ്രതിനിധികള്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും ഉപഹാരം നല്‍കാനായി 50 ലക്ഷം രൂപയാണ്‌ ചെലവഴിച്ചത്‌.

കിറ്റിലെ അരവണ, ഭസ്‌മം, നെയ്യ്‌ എന്നിവ ദേവസ്വം ബോര്‍ഡ്‌ സൗജന്യമായി നല്‍കിയതാണ്‌. വസ്‌തുത ഇതായിരിക്കെ ഒരു കിറ്റിന്‌ ആയിരം രൂപയോളം കണക്കെഴുതിയത്‌ വലിയ അഴിമതിയിലേക്കു വിരല്‍ ചൂണ്ടുന്നു. 5,000 പേര്‍ക്ക്‌ ഉപഹാരം നല്‍കിയാല്‍മാത്രമേ ഈ കണക്ക്‌ ശരിയാകൂ. സര്‍ക്കാര്‍ കണക്കനുസരിച്ച്‌ 4,126 പേരാണ്‌ പങ്കെടുത്തത്‌. യഥാര്‍ഥത്തില്‍ അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണ്‌ എത്തിയതെന്നാണ്‌ സൂചന.
ബാക്കി വന്ന ബാഡ്‌ജുകളും കിറ്റുകളും തമിഴ്‌നാട്ടിലെ ആളൊഴിഞ്ഞ സ്‌ഥലത്തു കൊണ്ടുപോയി തള്ളിയതായും ആരോപണമുണ്ട്‌.

ടെന്‍ഡറോ ക്വട്ടേഷനോ വിളിക്കാതെ തലസ്‌ഥാനത്തെ പ്രമുഖ നേതാവിന്റെ ബിനാമി സ്‌ഥാപനത്തിനാണ്‌ ഈ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കിയത്‌. സഞ്ചി ബാഗിന്‌ മാത്രം ആയിരം രൂപയോളം ഈടാക്കിയാണ്‌ ഈ സ്‌ഥാപനം കൊള്ള നടത്തിയത്‌. 500 പേര്‍ക്ക്‌ മാത്രം ഭക്ഷണവും താമസവും ഒരുക്കിയ പരിപാടിയില്‍ അയ്യായിരം പേരുടെ കണക്ക്‌ കാണിച്ച്‌ തുക എഴുതിയെടുത്തത്‌ ആസൂത്രിതമായ നീക്കമാണെന്നും സംശയിക്കുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW