-->
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്‌ഥാനത്തുനിന്നു നീക്കിയതിന്റെ രോഷം തീരാതെ നടന്‍ പ്രേംകുമാര്‍. സഹപ്രവര്‍ത്തകരോടു യാത്ര പറയാന്‍ പോലും അവസരം നല്‍കാതെ ഇറക്കിവിട്ടുവെന്നും അതിനുള്ള കാരണം ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രേംകുമാര്‍ സാമൂഹികമാധ്യമത്തില്‍ പ്രതികരിക്കുകയും ചെയ്‌തു. സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും പ്രതികരണങ്ങളും ശ്രദ്ധിച്ച് കോടിയേരി ബാലകൃഷ്‌ണനാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനാകാന്‍ നിര്‍ബന്ധിച്ചതെന്നു പ്രേംകുമാര്‍ പറഞ്ഞു.
പിന്നീട് ചെയര്‍മാന്റെ ഉത്തരവാദിത്വം ലഭിച്ചു. മാസം 10,000 രൂപയായിരുന്നു ഓണറേറിയം. ആ തുക കൈപ്പറ്റിയാണ് ഒരു സിനിമ പോലും ചെയ്യാതെ പൂര്‍ണസമയം ഇതിനു വേണ്ടി ചെലവഴിക്കുകയും എല്ലാ കാര്യങ്ങളിലും കൂടെനിന്നു പ്രവര്‍ത്തിക്കുകയും ചെയ്‌തത്.
സിനിമാ താരം എന്ന പരിഗണനയില്‍ ചില പരിപാടികള്‍ക്കു വിളിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലം വച്ചിട്ടാണ് എന്റെ ജീവിതം തന്നെ മുന്നോട്ടു പോയത്.
അത്രയും അര്‍പ്പണബോധത്തോടുകൂടി ചെയ്‌ത പ്രവൃത്തിയായിരുന്നു അത്. അവിടെനിന്നു പറഞ്ഞു വിടുമ്പോള്‍ അതിനൊരു ഒരു മാന്യത ഉണ്ടാകണം. അതൊരു സാധാരണ മനുഷ്യന്റെ വികാരമാണ്.
പുറത്താക്കിയത് എന്തുകാരണം കൊണ്ടാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. ഒരു അറിയിപ്പും ലഭിച്ചിട്ടുമില്ല. ഇതു ഞാന്‍ മറക്കാന്‍ ശ്രമിച്ച ഒരു കാര്യമാണ്. അല്ലെങ്കില്‍ മറന്നിരുന്ന സംഭവം തന്നെയാണ്.
ഇപ്പോള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രതികരിച്ചുവെന്നു മാത്രം. - പ്രേംകുമാര്‍ പറഞ്ഞു.