-->
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തേത്തുടര്‍ന്ന് പാകിസ്‌താനുമായുള്ള സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചതിന്റെ തുടര്‍നടപടിയുമായി ഇന്ത്യ മുന്നോട്ട്. നിര്‍ത്തിവച്ചിരുന്ന വുളാര്‍ അണക്കെട്ട് നിര്‍മാണം പുനരാരംഭിക്കാന്‍ ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചു.
പാകിസ്‌താനിലേക്കൊഴുകുന്ന ഝലം നദിയിലെ ജലപ്രവാഹം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണിത്. നാല് ദശാബ്‌ദമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ പുനരാരംഭിക്കുന്നത്.
വുളാറിലെ ജലത്തെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന നാട്ടുകാര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്ന പദ്ധതിയാണിത്. നദി ഒഴുക്കുകുറഞ്ഞ് വരണ്ടുകിടക്കുന്നതിനാല്‍ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നവര്‍ക്കും കര്‍ഷകര്‍ക്കും തൊഴില്‍ ഇല്ലാതായിരുന്നു.
സര്‍ക്കാര്‍ ഇടപെട്ട് അണക്കെട്ടില്‍ വെള്ളം സംഭരിക്കുന്നതോടെ ഉപജീവനമാര്‍ഗം തിരികെക്കിട്ടുമെന്ന് ഇംതിയാസ് അഹമ്മദ് എന്ന മത്സ്യബന്ധനത്തൊഴിലാളി പറഞ്ഞു.
പാക് ഭീകരരുടെ ഭീഷണിയേത്തുടര്‍ന്ന് തൊഴിലാളികള്‍ സ്‌ഥലംവിട്ടതോടെയാണ് 2012-ല്‍ അണക്കെട്ട് നിര്‍മാണം നിര്‍ത്തിവച്ചത്. എന്നാല്‍, കഴിഞ്ഞ ഏപ്രിലിലുണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തേത്തുടര്‍ന്ന് സിന്ധുനദീജലക്കരാര്‍ മരവിപ്പിച്ചതായും പാകിസ്‌താനിലേക്കൊഴുകുന്ന സിന്ധു, ഝലം, ചെനാബ് നദികളിലെ വെള്ളം തടയുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പാകിസ്‌താനിലേക്കുള്ള ഒഴുക്ക് തടയുന്നതിലുപരി, ജമ്മു കശ്‌മീരില്‍ പരമാവധി ജലവിനിയോഗം ഉറപ്പുവരുത്തുകയാണ് വുളാര്‍ അണക്കെട്ട് നിര്‍മാണം പുനരാരംഭിക്കുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
1960-ല്‍ ലോകബാങ്ക് മധ്യസ്‌ഥത വഹിച്ച് രൂപം നല്‍കിയ സിന്ധുനദീജലക്കരാര്‍ പാലിക്കാന്‍ നിലവില്‍ ഇന്ത്യയ്‌ക്കു ബാധ്യതയില്ല. കരാര്‍ മരവിപ്പിച്ചതോടെ, പാകിസ്‌താന്റെ അനുമതിയില്ലാതെതന്നെ ഇന്ത്യന്‍ ഭൂവിഭാഗത്തിലൂടെ ഒഴുകുന്ന നദിയില്‍ തടയണകളോ അണക്കെട്ടുകളോ നിര്‍മിക്കാന്‍ കഴിയും.
തുള്‍ബുള്‍ ജലഗതാഗതപദ്ധതിയെന്നും അറിയപ്പെടുന്ന വുളാര്‍ അണക്കെട്ട് പദ്ധതിയെ പാകിസ്‌താന്‍ എക്കാലവും എതിര്‍ത്തിരുന്നു. അണക്കെട്ട് നിര്‍മാണം പുനരാരംഭിക്കാന്‍ 1984-ലും 1989-ലും ഇന്ത്യ ശ്രമിച്ചപ്പോള്‍ ഭീകരപ്രവര്‍ത്തനത്തിലൂടെ തടസം സൃഷ്‌ടിച്ചു. 2010-ല്‍ വീണ്ടും നിര്‍മാണമാരംഭിച്ചെങ്കിലും സോപോറിലെ പദ്ധതിപ്രദേശങ്ങളെ പാക് ഭീകരര്‍ ലക്ഷ്യമിട്ടതോടെ 2012-ല്‍ നിര്‍ത്തിവച്ചു.
ഝലം നദിയിലെ ഒഴുക്കിന്റെ അടിസ്‌ഥാനത്തില്‍ വുളാര്‍ തടാകത്തിന്റെ വിസ്‌തീര്‍ണം 20 ചതുരശ്ര കിലോമീറ്റര്‍ മുതല്‍ 190 ചതുരശ്ര കി.മീ. വരെ ഓരോ സീസണിലും വ്യത്യാസപ്പെടാറുണ്ട്.