-->
വികലാംഗര്‍ ഉള്‍പ്പെടെയുള്ള കാല്‍നടക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനു സഞ്ചാരയോഗ്യമായ നടപ്പാതകളും വഴിയോരങ്ങളും എത്രമാത്രം പ്രധാനമാണെന്നു വ്യക്‌തമാക്കുന്ന നിരവധി കോടതിവിധികള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ നയരേഖ രൂപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവുപോലും ചര്‍ച്ചയാകാത്ത സാഹചര്യത്തിലാണ് ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്‌ത വയോധികയുടെ നടപടി സമൂഹത്തിന്റെ കൈയടി നേടിയത്.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫുട്‌പാത്തിലൂടെ, നിയമലംഘനം നടത്തി, സ്‌കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മ(72)യെ മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി ആദരിച്ചതിലൂടെ സാധാരണക്കാരുടെ ശക്‌തമായ പ്രതികരണങ്ങള്‍ക്കു സൃഷ്‌ടിക്കാവുന്ന സ്വാധീനവും അതിനുള്ള അംഗീകാരവുമാണ് വ്യക്‌തമാക്കപ്പെട്ടത്. സ്‌കൂട്ടര്‍ ഉടമയ്‌ക്കെതിരേ കേസെടുക്കുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. കാല്‍നട യാത്രക്കാര്‍ക്കുള്ള ഫുട്‌പാത്തിലൂടെ വാഹനം ഓടിക്കുന്നതു ശരിയല്ലെന്നു പറഞ്ഞു പ്രഭാവതിയമ്മ എതിര്‍പ്പ് അറിയിക്കുന്ന വീഡിയോ വൈറലാകുകയുണ്ടായി. സാധാരണക്കാര്‍ക്ക് അവകാശങ്ങള്‍ തിരിച്ചറിയാനും നിയമലംഘകര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനും ഇത്തരം സംഭവങ്ങള്‍ കാരണമാകും.
പ്രഭാവതിയമ്മയുടെ നടപടിക്കു സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ കൈയടിയാണ് ലഭിക്കുന്നത്. ഫുട്‌പാത്തുകള്‍ കാല്‍നട യാത്രക്കാര്‍ക്കുമാത്രമുള്ളതാണെന്നും അതില്‍ യാതൊരുവിധ കൈയേറ്റങ്ങളും അനുവദിക്കില്ലെന്നും സുപ്രീം കോടതിയും ഹൈക്കോടതിയും ആവര്‍ത്തിച്ചു വ്യക്‌തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നുകൂടി സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള ധാരണക്കുറവോ നിയമലംഘനം കാട്ടിയാലും കുഴപ്പ മില്ലെന്ന നിസംഗതയോ ആകാം സ്‌കൂട്ടര്‍ യാത്രക്കാരനെ എളുപ്പവഴി തേടി ഫുട്‌പാത്തിലേക്കു വണ്ടിയുമായി കയറാന്‍ പ്രേരിപ്പിച്ചത്. ഒരു വയോധിക വട്ടംനിന്നതോടെ ഈയൊരു നിയമത്തെക്കുറിച്ചുള്ള അറിവ് അയാള്‍ക്കുമാത്രമല്ല നിയമലംഘനങ്ങള്‍ക്കു യാതൊരു മടിയില്ലാത്തവര്‍ക്കും മനസിലായിട്ടുണ്ടാകാം.
ഫുട്‌പാത്തുകളില്‍ നടക്കുന്ന എല്ലാവിധ നിയമലംഘനങ്ങള്‍ക്കെതിരേയും ജാഗ്രതയും നടപടികളും കര്‍ശനമാക്കാന്‍ ഇതൊരു അവസരമാണ്. ഫുട്‌പാത്തുകളിലെ താല്‍ക്കാലികമോ സ്‌ഥിരമോ ആയ നിര്‍മാണങ്ങള്‍, കച്ചവടങ്ങള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ അധികാരികള്‍ തയാറാകുമോ എന്നാണ് ഇനി ജനത്തിന് അറിയേണ്ടത്. ഒരു സ്‌കൂട്ടര്‍ യാത്രികന്റെ നിയമലംഘനത്തിനെതിരേ നടപടിയെടുത്തതുപോലെ നിസാരമാകില്ല ഇത്തരം കാര്യങ്ങള്‍. പല നിയമലംഘനങ്ങളും അരങ്ങേറുന്നത് ഉദ്യോഗസ്‌ഥ, ഭരണത്തണലിലാകുന്നിടത്താണ് കോടതി വിധികള്‍പോലും നോക്കുകുത്തിയാകുന്നത്. പല വമ്പന്‍ കച്ചവടസ്‌ഥാപനങ്ങള്‍ക്കു മുന്നിലും നിരത്തുകൈയേറിയുള്ള പാര്‍ക്കിങ് ഒരിക്കലും ആരും ചോദ്യംചെയ്‌തു കണ്ടിട്ടില്ല. നിയമപാലകര്‍ കടമകള്‍ മറക്കുന്നിടത്താണ് നിയമലംഘകര്‍ ജനജീവിതത്തിനു വെല്ലുവിളിയായി മാറുന്നത്. പ്രഭാവതിയമ്മയുടെ നടപടിക്ക് ആദരവ് നല്‍കിയ അധികാരികള്‍ സ്വന്തം കടമകള്‍ നിര്‍വഹിക്കാന്‍ തയാറായാല്‍മാത്രമേ തെരുവുകളില്‍ ജനജീവിതം സുരക്ഷിതമാകൂ.
സാമൂഹിക മാധ്യമങ്ങള്‍ ശക്‌തമായതോടെ ഏതു വിധത്തിലുമുള്ള നിയമലംഘനങ്ങളും ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും നിയമനടപടികളിലേക്ക് എത്തിക്കുന്നതിനും എളുപ്പമായിട്ടുണ്ട്. എന്നാല്‍, സാമൂഹിക മാധ്യമങ്ങള്‍ സൃഷ്‌ടിക്കുന്ന അപകടങ്ങളും ഇതിനൊപ്പം പരിഗണിക്കപ്പെടണം. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടു ചിലര്‍ സാമൂഹികമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരേ ജാഗ്രത വര്‍ധിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ പ്രതികരണങ്ങളിലെ നല്ല വശത്തിനു ജനപിന്തുണയും നിയമപരിരക്ഷയും നല്‍കുകയാണ് വേണ്ടത്. നിയമലംഘനങ്ങളോടു പല തരത്തിലാകും ജനങ്ങള്‍ പ്രതികരിക്കുക. അതിശക്‌തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സര്‍ക്കാരുകളുടെ സമീപനംതന്നെ മാറ്റിയേക്കാം. എന്നാല്‍, വ്യക്‌തികള്‍ എന്ന നിലയില്‍ കണ്‍മുന്നിലെ നിയമലംഘനങ്ങളോടു ഭൂരിപക്ഷവും നിസംഗതയോടെയാകും പ്രതികരിക്കുക. പ്രതിഷേധിക്കുന്നവരും പരാതിപ്പെടുന്നവരും വളരെ കുറവായിരിക്കും. മാതൃകാപരമായ പ്രതിഷേധത്തിലൂടെയാണു പ്രഭാവതിയമ്മ ജനങ്ങളുടെ കൈയടി നേടിയത്.