-->
കോട്ടയം: നന്ദഗോവിന്ദം ഭജന്‍സ് അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തിരുന്നോ പണം നല്‍കിയോ എന്നത് സംബന്ധിച്ചു വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നു മന്ത്രി വി.എന്‍. വാസവന്‍. ദേവസ്വം ബോര്‍ഡ് നടത്തുന്ന പരിപാടികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു സര്‍ക്കാരിനു യാതൊരു ഇടപെടലും നടത്താന്‍ കഴിയില്ല.
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തിലെ എല്ലാ കാര്യങ്ങളും ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു കണക്ക് ബോധ്യപ്പെടുത്തും. അയ്യപ്പ സംഗമത്തിനായി മുന്‍കൂറായി എടുത്ത പണം തിരികെ സര്‍ക്കാരിലേക്ക് അടച്ചോ എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്, കഴിഞ്ഞ ഒക്‌ടോബര്‍ 17ന് മൂന്ന് കോടി രൂപ തിരികെ സര്‍ക്കാരിലേക്ക് അടച്ചതായി മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു.
താന്‍ അയ്യപ്പ സംഗമത്തില്‍ എത്തുന്നതിനു മുമ്പ് ഒരു ഭജന്‍ നടന്നിരുന്നു. എന്നാല്‍ അത് നന്ദഗോവിന്ദം ഭജന്‍സിന്റേതാണോ എന്നറിയില്ല. കലാപരിപാടികള്‍ക്ക് അടക്കം പണം നല്‍കുന്നത് ദേവസ്വം ബോര്‍ഡാണ്. അതേ സമയം, ആകെ നോക്കുമ്പോള്‍ വിജയമായിരുന്നുവെന്നും സംതൃപ്‌തിയുണ്ടെന്നും മന്ത്രി പറഞ്ഞു.