-->
കോഴിക്കോട്: സി.പി.എം മുന്‍ എം.എല്‍.എ പി.ടി.കുഞ്ഞുമുഹമ്മദിനെതിരേ മുഖ്യമന്ത്രിക്ക് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ എഫ്.ഐ.ആര്‍ ഇടാതെ 14 ദിവസം വൈകിപ്പിച്ചത് ഗുരുതര തെറ്റാണ്, ഈ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിസ്‌ഥാനത്ത് സ്വന്തക്കാര്‍ വന്നപ്പോള്‍ സ്‌നേഹം കൂടിയോ? സ്‌ത്രീ സുരക്ഷയെ കുറിച്ച് നാഴികയ്‌ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്നവര്‍ ഇരട്ടത്താപ്പ് കാട്ടരുതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നവംബര്‍ 24-ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ എട്ട് വരെ എ.എഫ്.ഐ ഇട്ടില്ലെന്നത് സ്വന്തക്കാര്‍ പ്രതി സ്‌ഥാനത്ത് വരുമ്പോള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്ുന്നത് എന്നതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ എടുക്കാന്‍ തയാറായില്ല. കെ.പി.സി.സി അധ്യക്ഷന് പരാതി കിട്ടിയപ്പോള്‍ അന്നു തന്നെ കൈമാറുകയും ഉടന്‍ എഫ്.ഐ.ആര്‍ ഇടുകയും ചെയ്‌തു.
ഇടത് സഹയാത്രികര്‍ക്കും അവരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പരാതി മുഖവിലയ്‌ക്ക് എടുക്കാതെ പതിനാല് ദിവസം വൈകിപ്പിച്ചു. ഗുരുതരമായ തെറ്റാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. അതിജീവിത കാട്ടിയ ധൈര്യം പലര്‍ക്കും കാണിക്കാനാകില്ല. ധൈര്യത്തോടെ ഇത്തരം ഒരു വിഷയം പൊതുമണ്ഡത്തില്‍ ഒരു ചര്‍ച്ചയ്‌ക്ക് കൊണ്ടു വന്നിരിക്കുകയാണ്. അപമാനിക്കപ്പെടുന്ന സ്‌ത്രീ പിന്നീട് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ അവര്‍ നേരിട്ട അപമാനത്തേക്കാള്‍ വലുതാണ്. അത് കേരളത്തില്‍ നടക്കാന്‍ പാടില്ല. തുറന്നു പറയാനുള്ള ധൈര്യം കാട്ടിയ അതിജീവിതയെ അഭിനന്ദിക്കുന്നു.
അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്‌ത് അപമാനിക്കപ്പെട്ട സ്‌ത്രീകളെ വീണ്ടും അപമാനിക്കുന്ന സാമൂഹ സാഹചര്യം ഉണ്ടാകാതിരിക്കുകയും വേണം. നവംബര്‍ 24-ന് കിട്ടിയ പരാതിയില്‍ ഡിസംബര്‍ എട്ട് വരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍ എടുക്കാതിരുന്നു എന്നതിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഇത്തരം കാര്യങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ നടത്തുന്ന പ്രചരണവും ഈ നടപടിയും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലോ- അദ്ദേഹം പറഞ്ഞു.
അയ്പ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പായിരുന്നു ആഗോള അയ്പ്പ സംഗമം. മുഖ്യമന്ത്രിയുടെ പടം വച്ച് കേരളം മുഴുവന്‍ ബോര്‍ഡുകള്‍ സ്‌ഥാപിച്ചാണ് അയ്പ്പസംഗമം നടത്തിയത്. കണക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നിരീക്ഷണത്തില്‍ നടത്തിയ സംഗമത്തില്‍ പോലും കോടികളുടെ കൊള്ളയാണ് നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കാത്ത ആളുകളുടെ പേരില്‍ പോലും പണം തട്ടിയെടുത്തു.
കൊല്ലം കോര്‍പറേഷനില്‍ സി.പി.എം ഭരിച്ചിരുന്ന കാലത്ത് മാരുതി കാറില്‍ കുതിരയെ കൊണ്ടു വന്നെന്ന് എഴുതിവച്ച് പണം തട്ടിയെടുത്തതിന് സമാനമായ കള്ളക്കണക്കാണ് ആഗോള അയ്പ്പ സംഗമത്തിലും എഴുതി വച്ചിരിക്കുന്നത്. പരിപാടി അവതരിപ്പിക്കാത്ത ഭജന സംഘത്തിന്റെ പേരിലും പണം എഴുതിയെടുത്തു. നാലായിരം പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് കണക്ക്. കൊട്ടിഘോഷിച്ച് നടത്തിയിട്ടും അറുനൂറ് പേര്‍ മാത്രമാണ് പരിപാടിക്കെത്തിയത്. പന്തലില്‍ ഉള്‍പ്പെടെ അഴിമതിയാണ്. കോടതി നിരീക്ഷണത്തില്‍ ഇത്രയും കൊള്ള നടത്തിയെങ്കില്‍ ഇവര്‍ എന്തൊക്കെ അടിച്ചു മാറ്റിക്കാണും. വിശദമായി അന്വേഷിക്കണം-വി.ഡി.സതീശന്‍ പറഞ്ഞു