-->
കോട്ടയം: വിശ്വാസികളല്ലാത്തവര്‍ അമ്പലം ഭരിക്കുമ്പോള്‍ അവരുടെ കണ്ണ് സമ്പത്തില്‍ മാത്രമാണെന്നു തെളിയിക്കുന്നതാണ് അഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ നടന്ന അഴിമതിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ദേവസ്വം മന്ത്രി നിയമസഭയെപ്പോലും തെറ്റിധരിപ്പിച്ചു. നിയമസഭയില്‍ മന്ത്രി പറഞ്ഞതിനു ഘടകവിരുദ്ധമായ കാര്യങ്ങളാണു സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്ന മന്ത്രിയുടെ വാദത്തെയും അദ്ദേഹം പരിഹസിച്ചു.
ആഗോള അയ്യപ്പസംഗമത്തിന്റെ സമയത്ത് ഇതെല്ലാം സര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ ന്യായവാദം. ദേവസ്വം ബോര്‍ഡ് തെറ്റായ വിവരം മന്ത്രിയെക്കൊണ്ടു നിയമസഭയില്‍ പറയിപ്പിച്ചെങ്കില്‍ അതു തിരുത്താന്‍ എന്തുകൊണ്ട് അദ്ദേഹം തയ്യാറാകുന്നില്ല? ഭജന നടത്തിയതിന്റെ പേരില്‍പ്പോലും കള്ളക്കണക്കുണ്ടാക്കിയത് കേട്ടുകേള്‍വിയില്ലാത്തതാണ്. ശബരിമല സ്വര്‍ണക്കൊള്ളയെ വെള്ളപൂശാനാണ് അയ്യപ്പസംഗമം സംഘടിപ്പിച്ചത്. അത് ഏറ്റവും വലിയ കൊള്ളയായിരുന്നെന്നാണ് പുറത്തുവന്ന കാര്യങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. ഇത് ലജ്‌ജാകരമാണ്. ശബരിമലയില്‍ നടന്ന കൊള്ളകള്‍ മുഴുവന്‍ ഹൈക്കോടതി അന്വേഷിച്ച് കണ്ടുപിടിക്കേണ്ട അവസ്‌ഥയാണ്. അമ്പലം നടത്തിപ്പിനു ചുമതലപ്പെടുത്തിയവര്‍ നടത്തുന്ന കൊള്ള നിയന്ത്രിക്കേണ്ടതിനു പകരം സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. പ്രതിദിനം ജനങ്ങള്‍ക്കിടയില്‍ യു.ഡി.എഫിന്റെ ഗ്രാഫ് ഉയരുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഘടകകക്ഷികളുമായി ചര്‍ച്ച നടത്തി സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. കേരളാ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയാനില്ല. കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫില്‍ നിലനിര്‍ത്താന്‍ അവര്‍ നടത്തുന്ന അഭ്യാസം കേരള ജനത വീക്ഷിക്കുന്നുണ്ട്.