-->
തിരുവനന്തപുരം: പമ്പാതീരത്ത് സെപ്‌റ്റംബര്‍ 30ന് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 17 നു പ്രത്യേക യോഗം ചേരും. ഊരാളുങ്കല്‍ അടക്കമുള്ള സ്‌ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന തുക കുറയ്‌ക്കാന്‍ ബോര്‍ഡ് ശ്രമിക്കുമെന്ന് സൂചന. സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള കുടിശിക ഈടാക്കാനും നീക്കം തുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബോര്‍ഡ്. ഊരാളുങ്കലിന് മാത്രം നാല് കോടിയിലധികം രൂപ നല്‍കാനുണ്ട്. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധിക്കുള്ളില്‍ ഇടപാടുകള്‍ അവസാനിപ്പിക്കാനാണ് ശ്രമം.
സംഗമത്തിന്റെ ചെലവുസംബന്ധിച്ച ഓഡിറ്റ് വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദേവസ്വം ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവിടില്ലെന്ന സര്‍ക്കാരിന്റെ വാദം ഇതോടെ ചോദ്യം ചെയ്യപ്പെട്ടു.
സംഗമദിവസം രാത്രി 3,000 പേര്‍ ഭക്ഷണം കഴിച്ചെന്നാണു കണക്ക്. എന്നാല്‍ 500ല്‍ താഴെപ്പേരേ ഭക്ഷണം കഴിച്ചുള്ളൂവെന്നാണ് റിപ്പോര്‍ട്ട്. വന്‍തോതില്‍ ഭക്ഷണം പാഴായതായും സൂചന. ഉച്ചയ്‌ക്ക് 5,000 പേര്‍ ഭക്ഷണം കഴിച്ചതിന് എട്ടര ലക്ഷം രൂപ ചെലവായെന്ന കണക്കുണ്ടെങ്കിലും ആകെ നാലായിരം പേരാണ് പങ്കെടുത്തതെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കോടതി ഉത്തരവ് ലംഘിച്ചാണ് പരിപാടി നടന്നതെന്ന ഗുരുതര ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കൃത്യമായ കണക്കുകളും ബില്ലുകളും ലഭ്യമല്ല. ജോയിന്റ് മെഷര്‍മെന്റ് ഷീറ്റില്‍ പല വിവരങ്ങളും രേഖപ്പെടുത്തിയിട്ടില്ല. 150 ബെഡുകള്‍ വാങ്ങിയതില്‍ 100 എണ്ണം മാത്രമാണ് കണക്കിലുള്ളത്. 1,73,000 രൂപ വിലവരുന്ന 50 ബെഡുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.
അധിക ഇനങ്ങള്‍ക്കായി 24,17,581 രൂപ ചെലവായെന്നാണു കണക്ക്. എന്നാല്‍ ഇതിന്റെ ബില്ലുകളും രേഖകളുമില്ല. വേദിയിലെ പാനലിങ്, കേബിള്‍ ജോലികള്‍ക്ക് 2,80,000 രൂപ വകയിരുത്തിയെങ്കിലും ഇതും കണക്കുകളില്‍ കാണുന്നില്ല. സാമ്പത്തിക ഇടപാടില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന വിലയിരുത്തലാണ് ദേവസ്വം ബെഞ്ച് റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം നടത്തിയിരിക്കുന്നത്. ബോര്‍ഡിനോടും സംസ്‌ഥാന ഓഡിറ്റ് വകുപ്പിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.