Saturday, March 14, 2026 Last Updated 20 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.51 AM

'എന്നെ പുറത്താക്കി, സച്ചിദാനന്ദന്‍ തുടരുന്നു' 'ഇത്‌ ഇരട്ടനീതി'; സര്‍ക്കാരിനെ വിമര്‍ശിച്ച്‌ പ്രേംകുമാര്‍

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലാണു തന്നെ പുറത്താക്കിയെന്നും വിമര്‍ശനമുന്നയിച്ച കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ. സച്ചിദാനന്ദനെ പുറത്താക്കാത്തത്‌ ഇരട്ടനീതിയാണെന്നും നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിന്‌ അനുഭാവം പ്രകടിപ്പിച്ചതാണ്‌ തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്‌ഥാനത്ത്‌ നിന്ന്‌ നീക്കാന്‍ കാരണമായതെന്നു അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു. 'ഭരണകൂടത്തിനെതിരേ പ്രതികരിച്ചതാണോ കുറ്റമായത്‌. സര്‍ക്കാരിനെതിരേ രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും സച്ചിദാനന്ദന്റ സ്‌ഥാനത്തിന്‌ ഒരിളക്കവുമില്ല. ഐ.എഫ്‌.എഫ്‌.കെയുടെ മുപ്പതാം പതിപ്പിനുള്ള ഒരുക്കങ്ങളും സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയവുമായി ബന്ധപ്പെട്ട നിര്‍ണായകഘട്ടവും ഒരുമിച്ച്‌ നടന്ന സമയത്താണ്‌, അവാര്‍ഡ്‌ പ്രഖ്യാപനത്തിന്റെ തലേദിവസം തന്നെ മുന്നറിയിപ്പില്ലാതെ പുറത്താക്കിയത്‌. ഔദ്യോഗികമായ അറിയിപ്പോ വിശദീകരണമോ ഇതുവരെ ലഭിച്ചിട്ടില്ല.
സെക്രട്ടേറിയറ്റിന്‌ മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്ന ആശാ വര്‍ക്കര്‍മാരെ പരിഗണിക്കണമെന്ന സദുദ്ദേശ്യപരമായ അഭിപ്രായമാണ്‌ പുറത്താക്കലിന്‌ പിന്നിലെന്നു പിന്നീട്‌ മാധ്യമങ്ങളിലൂടെ അറിഞ്ഞു. സംഘാടകസമിതിയിലെ ചുമതല ഉണ്ടായിരുന്നിട്ടും പിന്നീട്‌ നടന്ന പരിപാടികളിലേക്ക്‌ ക്ഷണമോ അറിയിപ്പോ ലഭിച്ചില്ല.' -പ്രേംകുമാര്‍ പറഞ്ഞു. സാഹിത്യ അക്കാദമി ചെയര്‍മാന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും തുടര്‍ച്ച അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന ചോദ്യവും പ്രേംകുമാര്‍ ഉയര്‍ത്തി.

Ads by Google
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW