-->
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെ.എല്‍.സി.എ) 54-ാം സംസ്‌ഥാന ജനറല്‍ കൗണ്‍സില്‍ നാളെ ആലപ്പുഴ ലിയോ തേര്‍ട്ടീന്‍ത്ത് ഹൈസ്‌കൂളില്‍ നടക്കും. രാവിലെ 10 ന് ആലപ്പുഴ രൂപത ബിഷപ് ഡോ.ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
സംസ്‌ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഘടന സ്വീകരിക്കുന്ന രാഷ്‌ട്രീയനയം സംസ്‌ഥാന ജനറല്‍ കൗണ്‍സിലില്‍ വ്യക്‌തമാക്കും.
ജസ്‌റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചകളിലൂടെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ നിയോജക മണ്ഡലങ്ങളില്‍ ജനകീയ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതിന്റെ വിവരങ്ങള്‍ അവതരിപ്പിക്കും. വിവിധ രൂപതകളില്‍ നടത്തിയ സമുദായ സമ്പര്‍ക്ക പരിപാടികളില്‍ ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ക്കു പരിഹാരം ഉണ്ടാകുന്നതിനുള്ള തുടര്‍ കര്‍മ്മപരിപാടികളും ചര്‍ച്ച ചെയ്യും.
അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള സംസ്‌ഥാന ഭാരവാഹികളെ ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുക്കും.