-->
മട്ടാഞ്ചേരി: രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്നലെ രണ്ടു തവണയായി സ്വര്‍ണം ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,240 രൂപയും പവന് 1,13,760 രൂപയുമായി. ഈ ആഴ്‌ചയിലെ കുറഞ്ഞ നിരക്കാണിത്.
രാജ്യാന്തര വില അയ്യായിരം ഡോളറില്‍ താഴെയായതോടെയാണ് ആഭ്യന്തരവില കുറഞ്ഞത്. അമേരിക്കയിലെ സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളാണ് മഞ്ഞലോഹത്തിനു മങ്ങലേല്‍ക്കാന്‍ കാരണം. അമേരിക്കന്‍ ഗോള്‍ഡ് സ്‌പോട്ട് നിരക്കിലും ഗോള്‍ഡ് ഫ്യൂച്ചറില്‍ നിരക്കിലും ഇടിവുണ്ടായതോടെ രാജ്യാന്തര വിലയിടിവിനു ചുവടുപിടിച്ച് ആഭ്യന്തര വിലയും കുറയുകയായിരുന്നു.
തൊഴില്‍ സംബന്ധമായ അനുകൂലവിവരങ്ങള്‍ പുറത്തുവന്നതോടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് മാറ്റമില്ലാതെ നിര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ആഗോളതലത്തില്‍ സ്വര്‍ണവില കുറയാനാണു സാധ്യതയെന്ന് സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ആഭ്യന്തര വില പവന് 3,280 രൂപ കുറഞ്ഞിട്ടുണ്ട്. വെള്ളി ഗ്രാമിന് 20 രൂപ കുറഞ്ഞ് 280 രൂപയായി. വിനിമയ നിരക്കില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം 90.60 ആയി ഇടിഞ്ഞു.