Saturday, March 14, 2026 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
വിനോദ്‌ കണ്ണോളി
Thursday 12 Feb 2026 11.26 PM

സുവര്‍ണ ജൂബിലി വര്‍ഷം; എന്ന്‌ വരും ഇടുക്കി എക്‌സ്‌റ്റന്‍ഷന്‍ പദ്ധതി? വൈകുന്നത് വൈദ്യുതി മേഖലയ്ക്ക് പ്രതീക്ഷയേകുന്ന പദ്ധതി, ഇതുവരെ ലഭ്യമായത്‌ 2 അനുമതികള്‍ മാത്രം

സംസ്‌ഥാനത്തിന്റെ വൈദ്യുതി ദൗര്‍ലഭ്യത്തിന്‌ പരിഹാരം കാണാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക്‌ ഇതുവരെ ലഭ്യമായത്‌ രണ്ട്‌ അനുമതികള്‍ മാത്രം. ഇനിയും 12 അനുമതികള്‍ കൂടി ലഭിച്ചാല്‍ മാത്രമേ മുന്നോട്ടുപോകാനാകൂ.
kerala

തൊടുപുഴ: ഇടുക്കി പദ്ധതിയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തിലും എങ്ങുമെത്താതെ ഇടുക്കി എക്‌സ്‌റ്റന്‍ഷന്‍ പദ്ധതി. സംസ്‌ഥാനത്തിന്റെ വൈദ്യുതി ദൗര്‍ലഭ്യത്തിന്‌ പരിഹാരം കാണാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക്‌ ഇതുവരെ ലഭ്യമായത്‌ രണ്ട്‌ അനുമതികള്‍ മാത്രം. ഇനിയും 12 അനുമതികള്‍ കൂടി ലഭിച്ചാല്‍ മാത്രമേ മുന്നോട്ടുപോകാനാകൂ. കരട്‌ പരിസ്‌ഥിതി ആഘാത പഠന റിപ്പോര്‍ട്ട്‌ പൂര്‍ത്തിയാകുകയും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട പാരിസ്‌ഥിതിക അനുമതി ലഭിക്കുകയും ചെയ്‌തിരുന്നു.

പദ്ധതിയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അനുമതികള്‍ തേടുന്നതിനുമായി കേന്ദ്ര ജലശക്‌തി മന്ത്രാലയത്തിന്റെ കീഴിലുള്ള വാപ്‌കോസ്‌ എന്ന സ്‌ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി മുമ്പ്‌ നിയമസഭയില്‍ അറിയിച്ചിരുന്നു.
സെന്‍ട്രല്‍ ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ നിര്‍ദേശപ്രകാരം, 2015ലെ ഗ്രീന്‍ ട്രിബ്യൂണല്‍ വിധി അനുസരിച്ച്‌ നദികളില്‍ വര്‍ഷം മുഴുവനും നിശ്‌ചിത അളവില്‍ പാരിസ്‌ഥിതിക നീരൊഴുക്ക്‌ ഉറപ്പുവരുത്തണം.

ഇടുക്കി അണക്കെട്ടില്‍ നിന്ന്‌ പെരിയാര്‍ നദിയിലേക്ക്‌ ഈ പാരിസ്‌ഥിതിക നീരൊഴുക്ക്‌ ഉറപ്പുവരുത്താന്‍ നിലവില്‍ നിര്‍വാഹമില്ലെന്നു കെ.എസ്‌.ഇ.ബി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍, സെന്‍ട്രല്‍ ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ ആവശ്യം ഒഴിവാക്കി കിട്ടുന്നതിന്‌ പരിസ്‌ഥിതി, വനം, കാലാവസ്‌ഥാ നിയന്ത്രണ മന്ത്രാലയത്തിന്റെ ഇടപെടല്‍ തേടി കേന്ദ്ര സംസ്‌ഥാന തലത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. സ്‌ഥാപിത ശേഷി അംഗീകരിച്ചതിനു ശേഷമേ ബാക്കിയുള്ള ഡി.പി.ആര്‍ അനുമതികള്‍ ലഭിക്കുകയുള്ളൂ.

പുതിയ പവര്‍ ഹൗസില്‍ 200 മെഗാവാട്ട്‌ വീതം ശേഷിയുള്ള 4 ജനറേറ്ററുകള്‍ സ്‌ഥാപിച്ച്‌ 800 മെഗാവാട്ട്‌ പീക്ക്‌ സമയങ്ങളില്‍ ഉത്‌പാദിപ്പിക്കലാണ്‌ ലക്ഷ്യം. ഇതോടെ ഇടുക്കിയുടെ സ്‌ഥാപിത ശേഷി 1580 മെഗാവാട്ടായി ഉയരും. പ്രതിവര്‍ഷം 1301 ദശലക്ഷം യൂണിറ്റാണ്‌ വിപുലീകരണ പദ്ധതിയിലെ ഉത്‌പാദന ലക്ഷ്യം. 2669.67 കോടിയാണ്‌ എസ്‌റ്റിമേറ്റ്‌. സിവില്‍ ജോലികള്‍ക്ക്‌ 1309.67 കോടിയും ഇലക്‌ട്രോ മെക്കാനിക്കല്‍ ജോലികള്‍ക്ക്‌ 1360 കോടിയുമാണ്‌ കണക്കാക്കുന്നത്‌.

ഇടുക്കി പവര്‍ ഹൗസില്‍ ഒരു വര്‍ഷം ശരാശരി ഉത്‌പാദിപ്പിക്കുന്നത്‌ 2500 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌. പീക്ക്‌ ടൈമില്‍ ഇപ്പോള്‍ പവര്‍ എക്‌സ്‌ചേഞ്ചിലെ വൈദ്യുതി വില 7 മുതല്‍ 10 രൂപ വരെയാണ്‌. ഇടുക്കിയില്‍ മറ്റൊരു പവര്‍ ഹൗസ്‌ കൂടി ഉണ്ടായാല്‍ ഈ സമയത്ത്‌ കൂടുതല്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാമെന്നാണ്‌ കരുതുന്നത്‌. ഇത്‌ സംസ്‌ഥാനത്തിന്‌ ഏറെ പ്രയോജനകരമായി മാറും. എന്നാല്‍ ഇതിന്റെ നിര്‍മാണത്തിലെ പാരിസ്‌ഥിക പ്രശ്‌നങ്ങള്‍ കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ട്‌.

വിനോദ്‌ കണ്ണോളി

Ads by Google
Ads by Google
LATEST NEWS
TRENDING NOW