Saturday, March 14, 2026 Last Updated 14 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.26 PM

'ബന്ദാ'ക്കി കേരളം

uploads/news/2026/02/825214/k3.jpg

തിരുവനന്തപുരം/കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമസംഹിതകളും (ലേബര്‍ കോഡ്‌) കര്‍ഷകവിരുദ്ധനിയമങ്ങളും വൈദ്യുതി നിയമഭേദഗതിയും പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്‌ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി നടത്തിയ 24 മണിക്കൂര്‍ പണിമുടക്ക്‌ പതിവുപോലെ കേരളത്തില്‍ സമ്പൂര്‍ണം. കടകമ്പോളങ്ങള്‍ അടച്ചും ഗതാഗതം സ്‌തംഭിപ്പിച്ചും സംസ്‌ഥാനത്ത്‌ പണിമുടക്ക്‌ ബന്ദിന്റെ പ്രതീതി സൃഷ്‌ടിച്ചു.
അയല്‍സംസ്‌ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം ജനജീവിതത്തെ പണിമുടക്ക്‌ കാര്യമായി ബാധിച്ചില്ല. ഡല്‍ഹി, മുംബൈ, ബംഗളുരു, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങള്‍ പതിവുപോലെ പണിമുടക്കിനോട്‌ മുഖം തിരിച്ചു. കേരളത്തില്‍ കെ.എസ്‌.ആര്‍.ടി.സി. പമ്പയിലേക്ക്‌ ഉള്‍പ്പെടെ അവശ്യ സര്‍വീസുകള്‍ മാത്രമാണ്‌ നടത്തിയത്‌. സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. ചിലയിടങ്ങളില്‍ ഓഫീസുകളിലും ബാങ്കുകളിലും ജോലിക്കെത്തിയവരെ സമരക്കാര്‍ തടഞ്ഞു. മറ്റ്‌ സംസ്‌ഥാനങ്ങളില്‍ ബാങ്ക്‌, ഇന്‍ഷുറന്‍സ്‌ മേഖലകളെ മാത്രമാണ്‌ പണിമുടക്ക്‌ അല്‍പ്പമെങ്കിലും ബാധിച്ചത്‌. കേരളത്തിലേക്കുള്ള കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകള്‍ പതിവുപോലെ സര്‍വീസ്‌ നടത്തി.
ബംഗളുരുവില്‍ ഫ്രീഡം പാര്‍ക്കിലും ടൗണ്‍ഹാളിനു മുന്നിലും പണിമുടക്ക്‌ അനുകൂലികള്‍ പ്രകടനം നടത്തി. തമിഴ്‌നാട്ടില്‍ ചെന്നൈ മൗണ്ട്‌ റോഡില്‍
സംയുക്‌ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ റോഡ്‌ ഉപരോധിച്ചു. പ്രതിഷേധക്കാരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. ഡി.എം.കെ. പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ ചെന്നൈയില്‍ വ്യവസായവകുപ്പ്‌ കോണ്‍ക്ലേവ്‌ ഉള്‍പ്പെടെയുള്ള പരിപാടികളില്‍
പങ്കെടുത്തു. തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകള്‍ കേരള അതിര്‍ത്തിവരെ സര്‍വീസ്‌ നടത്തി. ഡല്‍ഹി, യു.പി, ഹരിയാന, അസം, ഝാര്‍ഖണ്‌ഡ്‌, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ പൊതുമേഖലാ ഫാക്‌ടറികളിലുള്‍പ്പെടെ തൊഴിലാളികള്‍ പണിമുടക്കി.
കേരളത്തില്‍ വിവിധ രാഷ്‌ട്രീയകക്ഷികളും കര്‍ഷകത്തൊഴിലാളി സംഘടനകളും സര്‍ക്കാര്‍-അധ്യാപകസംഘടനകളും പണിമുടക്കില്‍ പങ്കെടുത്തെന്നു സി.ഐ.ടി.യു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം അറിയിച്ചു. ഐ.എന്‍.ടി.യു.സി. കേരളത്തില്‍ പ്രത്യേകമായാണ്‌ പണിമുടക്കിയതെന്നു സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. പണിമുടക്കില്‍ ബി.എം.എസ്‌. പങ്കെടുത്തില്ല. ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും പണിമുടക്കില്‍നിന്ന്‌ ഒഴിവാക്കിയിരുന്നതായി സംയുക്‌ത ട്രേഡ്‌ യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയും ഒഴിവാക്കി. അതേസമയം, സി.പി.എം. നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ്‌ സൊസൈറ്റി തിരുവനന്തപുരത്ത്‌ നടത്തുന്ന എം.എല്‍.എ. ഹോസ്‌റ്റല്‍ നിര്‍മാണത്തെ പണിമുടക്ക്‌ ബാധിച്ചില്ല.
എറണാകുളം ജില്ലയില്‍ പണിമുടക്ക്‌ സമാധാനപരവും പൂര്‍ണവുമായിരുന്നു. കെ.എസ്‌.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ നിരത്തിലിറങ്ങിയില്ല. വാണിജ്യകേന്ദ്രങ്ങളായ എം.ജി റോഡ്‌, ബ്രോഡ്‌വേ, ഇടപ്പള്ളി എന്നിവിടങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കുസാറ്റില്‍ 90% ജീവനക്കാരും പണിമുടക്കി. കൊച്ചിന്‍ പോര്‍ട്ട്‌, വ്യവസായമേഖലയായ ഏലൂര്‍, ഐ.ടി പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ഹാജര്‍ കുറവായിരുന്നു. വര്‍ക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നതിനാല്‍ ഇന്‍ഫോപാര്‍ക്കിനെ പണിമുടക്ക്‌ ബാധിച്ചില്ല.
എറണാകുളത്ത്‌ പ്രധാനകേന്ദ്രങ്ങളിലെല്ലാം പോലീസ്‌ സുരക്ഷ ശക്‌തമായിരുന്നു. വിവിധയിടങ്ങളില്‍ തൊഴിലാളി സംഘടനകളുടെ പ്രകടനങ്ങള്‍ നടന്നു. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സാധാരണരീതിയില്‍ പ്രവര്‍ത്തിച്ചു. അങ്കമാലിയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സമരക്കാര്‍ തടഞ്ഞു. പെരുമ്പാവൂരില്‍ ചില ബാങ്കുകളുടെ ശാഖകള്‍ അടപ്പിച്ചു. കാക്കനാട്‌ രാവിലെ സ്വകാര്യവാഹനങ്ങള്‍ തടഞ്ഞു. എറണാകുളത്ത്‌ ബോട്ട്‌ ജെട്ടിയില്‍ ചേര്‍ന്ന യോഗം സി.ഐ.ടി.യു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. കെ.എന്‍. ഗോപി അധ്യക്ഷത വഹിച്ചു.

Ads by Google
Thursday 12 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW