-->
കോതമംഗലം: ജീവിതത്തില്‍ എന്തിനും റേഡിയോയെ ആശ്രയിച്ചിരുന്ന പഴയ കാലം പോയ്‌മറഞ്ഞു. എഫ്.എം. റേഡിയോകള്‍ വാഹനത്തിലും വീട്ടിലും ചില ശബ്‌ദങ്ങളുണ്ടാക്കുന്നു എന്നല്ലാതെ റേഡിയോ നിത്യജീവിതത്തിന്റെ ഭാഗമല്ലാതായിട്ട് നാളുകളായി.
എങ്കിലും വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോള്‍ 65 വര്‍ഷമായി റേഡിയോ ജീവിത ഭാഗമാക്കി കഴിയുകയാണ് കോതമംഗലം ചേലാട് ചെമ്മീന്‍കുത്ത് സ്വദേശി റിട്ട. അധ്യാപകന്‍ ചെങ്ങമനാട്ട് സി.കെ. അലക്‌സാണ്ടര്‍.
വാര്‍ത്തകള്‍ അറിയാനും പാട്ട് കേള്‍ക്കാനും ഈ 83 കാരന് റേഡിയോ തന്നെ വേണം. എ.ഐ. അരങ്ങ് തകര്‍ക്കുമ്പോഴും റേഡിയോയുമായി ബന്ധപ്പെട്ട ഏതറിവും അലക്‌സാണ്ടര്‍ക്ക് മനഃപാഠമാണ്. റേഡിയോ ഇല്ലാത്തൊരു ലോകത്തെപ്പറ്റി അദ്ദേഹത്തിന് ചിന്തിക്കാനേ സാധ്യമല്ല. റേഡിയോ പരിപാടികള്‍ കേട്ടുകൊണ്ടാണ് അലക്‌സാണ്ടറുടെ ഓരോ ദിവസവും തുടങ്ങുന്നത്.
രാത്രി 11 ന് റേഡിയോ പരിപാടികള്‍ അവസാനിക്കുന്നതുവരെ റേഡിയോ തന്നെയാണ് കൂട്ട്. ആകാശവാണിയുടെ സ്‌ഥിരം ശ്രോതാക്കള്‍ക്കു സുപരിചിതമായ പേരാണ് അലക്‌സാണ്ടര്‍ കോതമംഗലം എന്നത്. 1980 ല്‍ മികച്ച റേഡിയോ ശ്രോതാവിനുള്ള സമ്മാനമായി കേന്ദ്രമന്ത്രി വസന്ത് പി. സാഠെ റേഡിയോ നല്‍കി. വയലും വീടും, കൃഷിപാഠം, ആകാശവാണിയിലൂടെയുള്ള ജീവധാര, അമൂല്യമീ നേത്രങ്ങള്‍, അക്ഷയ ഊര്‍ജവും നമ്മളും, മത്സ്യകേരളം, നമ്മുടെ ആഹാരം, സുഗന്ധ കേരളം, എയ്‌ഡ്‌സ് ബോധവത്‌ക്കരണം തുടങ്ങി നിരവധി പരമ്പരകളില്‍ അലക്‌സാണ്ടര്‍ വിജയിയായി. സമ്മാനമായി രണ്ടുതവണ കൃഷി ശാസ്‌ത്രജ്‌ഞരോടൊപ്പം അഖിലേന്ത്യാ പര്യടനത്തിനും അവസരം ലഭിച്ചു. സമ്മാനമായി ലഭിച്ച 20 ല്‍പ്പരം റേഡിയോകള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി. അലക്‌സാണ്ടറിന് ഊണിലും ഉറക്കത്തിലും പറമ്പില്‍ പണിയെടുക്കുമ്പോഴുമെല്ലാം റേഡിയോ സന്തതസഹചാരിയാണ്.
തനിക്ക് മികച്ച അധ്യാപകനുള്ള സംസ്‌ഥാന- ദേശീയ അവാര്‍ഡുകള്‍ (1994,1995) നേടിത്തന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചത് റേഡിയോയും കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടക്കിയിരിക്കുന്ന യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ അനുഗ്രഹമാണെന്നും അദ്ദേഹം പറയുന്നു. വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സ്, ലണ്ടന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്, പ്രിസ്‌റ്റിജിയസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് എന്നിവ നേടിയിട്ടുള്ള അലക്‌സാണ്ടര്‍ക്ക് 2019 ല്‍ കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ ശ്രോതാവിനുള്ള ശ്രവണശ്രീ അവാര്‍ഡും ലഭിച്ചു.