-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അടുത്തയാഴ്‌ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) നോട്ടീസ്. സ്വര്‍ണക്കൊള്ളയില്‍നിന്നു സുധീഷ് കുമാറിനു സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നാണു പരിശോധിക്കുന്നത്. സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ, ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കും കഴിഞ്ഞ ദിവസം ഇ.ഡി. നോട്ടീസ് അയച്ചിരുന്നു. മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നതില്‍ വ്യക്‌തത വരുത്തുന്നതിനാണു ജയറാമിനെ ചോദ്യംചെയ്യുന്നത്. എസ്.ഐ.ടി. അന്വേഷിക്കുന്ന കേസില്‍ സുധീഷ്‌കുമാറിനു ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ജയശ്രീക്കു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് സുപ്രീം കോടതിയില്‍ എസ്.ഐ.ടി. സ്വീകരിച്ചത്. ബോര്‍ഡ് തീരുമാനങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ച ജയശ്രീയെ കസ്‌റ്റഡിയിലെടുത്തു ചോദ്യംചെയ്യേണ്ടത് അനിവാര്യമെന്നായിരുന്നു എസ്.ഐ.ടി. നിലപാട്.