-->
കൊച്ചി: ശബരിമലയിലെ ജീവനക്കാരുടെ പണമിടപാടുകളിലും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ മണ്ഡല-മകരവിളക്കു കാലയളവില്‍ ശബരിമലയില്‍ ജോലി ചെയ്‌തിരുന്ന ജീവനക്കാരുടെ ഇടപാടുകള്‍ സംശയകരമെന്നു ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തിലാണു വിശദമായി അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
മണ്ഡലകാലത്തു സന്നിധാനത്തു ജോലി ചെയ്‌തിരുന്ന മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്നും മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സന്നിധാനം പോലീസില്‍ പരാതി നല്‍കാന്‍ ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കു നിര്‍ദേശം നല്‍കണമെന്നും ആ പരാതിയുടെ അടിസ്‌ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്‌റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.
ചുരുങ്ങിയ സമയത്തിനുള്ളില്‍ 14 ലക്ഷത്തിലധികം രൂപ പോസ്‌റ്റ് ഓഫീസ് വഴിമാത്രം കൈമാറ്റം നടന്നുവെന്നാണു കണ്ടെത്തല്‍. രണ്ടു ജീവനക്കാര്‍ ഒരു ലക്ഷത്തിലധികം രൂപയും മറ്റു മൂന്നു പേര്‍ 25,000 രൂപയിലധികവും അയച്ചു. ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. സ്‌ഥിരം-താല്‍ക്കാലിക ജീവനക്കാരും സംശയനിഴലിലാണ്. സന്നിധാനത്തെ ബാങ്കുകളിലും പോസ്‌റ്റ് ഓഫീസുകളിലും നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി.