Saturday, March 14, 2026 Last Updated 14 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

ഓട്ടോ ൈഡ്രവറില്‍നിന്ന്‌ തന്ത്രിയിലേക്ക്‌ 'വൈറല്‍ ജ്യോത്സ്യ'ന്റെ വളര്‍ച്ച!

കൊല്ലം: അമ്മയ്‌ക്കൊപ്പം പൂജയ്‌ക്കെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജജോത്സ്യന്‍ 'മുരാരി തന്ത്രി'യെന്ന വി.എസ്‌. രാജന്‍ബാബുവിന്റെ കൂടുതല്‍ 'റീല്‍സ്‌' പുറത്ത്‌. കൊട്ടാരക്കരയിലും പുത്തൂരിലും ഓട്ടോറിക്ഷാ ൈഡ്രവറായിരുന്ന രാജന്‍ബാബു ജോത്സ്യനും പിന്നെ സ്വയപ്രഖ്യാപിത 'തന്ത്രി'യുമായത്‌ പെട്ടന്നായിരുന്നു.
പുസ്‌തകം വായിച്ചാണ്‌ ജ്യോതിഷം പഠിച്ചത്‌. തുടര്‍ന്ന്‌, നാട്ടില്‍നിന്നു മാറി കടയ്‌ക്കല്‍ മുരാരി ജ്യോതിഷാലയം തുറന്നു. എന്നാല്‍, ചില പ്രശ്‌നങ്ങളേത്തുടര്‍ന്ന്‌ ഇത്‌ പൂട്ടി. പിന്നീട്‌ വെണ്ടാറിലേക്കും ഒടുവില്‍ അരീക്കലിലെ വീട്ടിലേക്കും ജ്യോതിഷാലയം മാറ്റി. ദൂരദേശങ്ങളില്‍നിന്നുപോലും ജ്യോത്സ്യനെ തേടി ആളുകള്‍ എത്തിത്തുടങ്ങി. ഇതോടെ സമ്പന്നനായി. ആഡംബരവാഹനങ്ങള്‍ വാങ്ങി.
ഇതിനിടെ, വിദേശത്ത്‌ ഒമാനിലും ജ്യോതിഷാലയം തുറന്നു. സുല്‍ത്താന്റെ രോഗം ഭേദമാക്കാന്‍ പോകുന്നെന്നാണ്‌ നാട്ടുകാരോട്‌ പറഞ്ഞത്‌. ദുബായിലും മസ്‌കറ്റിലും ജ്യോതിഷാലയം തുറന്നെങ്കിലും വൈകാതെ എല്ലാം പൂട്ടി. തുടര്‍ന്നാണ്‌ നാട്ടില്‍ മുഴുവന്‍സമയ ജ്യോതിഷിയായത്‌. പൂജകളും ബാധ ഒഴിപ്പിക്കലുമുണ്ടായിരുന്നു. ഇതിനായി വന്‍തുക ഈടാക്കി. 'കസ്‌റ്റമേഴ്‌സി'നെ കണ്ടെത്താന്‍ സാമൂഹികമാധ്യമങ്ങളും സമര്‍ഥമായി ഉപയോഗിച്ചു. പാട്ടും ഡാന്‍സും അവതരിപ്പിച്ച്‌ കോമാളി വേഷത്തിലും റീല്‍സുകളില്‍ തിളങ്ങി. ചാനല്‍ ചര്‍ച്ചകളില്‍ ഇടം പിടിച്ചു.
തന്ത്രിയാണെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ ചില ക്ഷേത്രങ്ങളില്‍ പ്രതിഷ്‌ഠാകര്‍മങ്ങള്‍ നടത്തി. ഇതെല്ലാം റീല്‍സാക്കി പ്രചരിപ്പിച്ചു. പേര്‌ മുരാരി തന്ത്രിയെന്നാക്കി. രാഷ്‌ട്രീയക്കാരും ബിസിനസുകാരും ഇയാളെത്തേടി പുത്തൂരിലെത്തി. തിരുവനന്തപുരം ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാകര്‍മവുമായി ബന്ധപ്പെട്ട്‌ പണവും സ്വര്‍ണവും അപഹരിച്ചെന്ന പരാതി നഷ്‌ടപരിഹാരം നല്‍കി ഒതുക്കിത്തീര്‍ത്തു. വടക്കന്‍ജില്ലയിലെ ഒരു വീട്ടില്‍ ബാധ ഒഴിപ്പിക്കല്‍ വഴിവിട്ടതോടെ മര്‍ദനമേറ്റു. അടുത്തിടെ പഴയ വീടിനോടു ചേര്‍ന്ന്‌ പുതിയ വീട്‌ നിര്‍മിച്ചു. പഴയ വീട്ടിലാണ്‌ ജ്യോതിഷാലയം പ്രവര്‍ത്തിക്കുന്നത്‌. ഇവിടെ പ്രശ്‌നം നോക്കാനും ബാധ ഒഴിപ്പിക്കാനും പ്രത്യേകം മുറികളുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW