Thursday, March 12, 2026 Last Updated 19 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.23 PM

സ്‌പാ കേന്ദ്രങ്ങള്‍ പരിശോധിക്കണം

uploads/news/2026/02/825176/ed.jpg

സംസ്‌ഥാനത്തു വര്‍ധിച്ചുവരുന്ന മസാജിങ്‌, സ്‌പാ സെന്ററുകളുടെ കാര്യത്തില്‍ ഗൗരവത്തോടെയുള്ള പരിശോധനകളും നിരീക്ഷണവും ആവശ്യമായി വന്നിരിക്കുന്നു. ഇവയുടെ മറവില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നതായാണ്‌ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തരം കേന്ദ്രങ്ങളുടെ കാര്യത്തില്‍ തദ്ദേശസ്‌ഥാപനങ്ങള്‍ക്കോ പോലീസിനോ കൃത്യമായി കണക്കോ നിയന്ത്രണമോ തീരെയില്ലെന്നതു പോരായ്‌മയാണ്‌. പലപ്പോഴും വിവാദങ്ങളും അക്രമങ്ങളും ഉണ്ടാകുമ്പോള്‍മാത്രമാണ്‌ പോലീസ്‌ ഉള്‍പ്പെടെയുള്ള അധികാരകേന്ദ്രങ്ങളുടെ ഇടപെടല്‍ ഉണ്ടാകുന്നത്‌.
ആയുര്‍വേദിക്‌ സ്‌പാ, ഡേ സ്‌പാ, റിസോര്‍ട്ടുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചുള്ള സ്‌പാ, ഡെസ്‌റ്റിനേഷന്‍ സ്‌പാ എന്നിങ്ങനെ പല പേരുകളിലാണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌. വലിയ രീതിയില്‍ ആളുകളെ ആകര്‍ഷിക്കുന്നതില്‍ മിക്ക സ്‌ഥാപനങ്ങളും വിജയിക്കാറുമുണ്ട്‌. സാമ്പത്തിക ലാഭംമാത്രം ലക്ഷ്യമിട്ട്‌ ഇവയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും സെക്‌സ്‌ റാക്കറ്റും പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ടാകാറുണ്ടെങ്കിലും ആരും ഗൗനിക്കാറില്ല. അധികാരികളുടെ കൃത്യമായ പരിശോധനയോ നടപടികളാ ഉണ്ടാകാത്തതുമൂലം ആരോപണംമാത്രമായി നില്‍ക്കുകയും ചെയ്യും. സത്യത്തില്‍, നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്കുകൂടി ചീത്തപ്പേരും തിരിച്ചടിയും സമ്മാനിക്കുന്നതാണ്‌ തട്ടിപ്പുകാരുടെ രീതികളും അധികാരികളുടെ നിസംഗതയും.
തിരുവനന്തപുരം, കൊച്ചി, തിരുവല്ല എന്നിവിടങ്ങളിലെ സ്‌പാകളില്‍ നടന്ന പരിശോധനകളും പുറത്തുവന്ന കുറ്റകൃത്യങ്ങളും ഈയൊരു വിഷയത്തില്‍ കേരളം പുലര്‍ത്തേണ്ട ജാഗ്രത വ്യക്‌തമാക്കുന്നതായി. തിരുവല്ലയിലെ ഒരു സ്‌പായില്‍ വനിതാ ജീവനക്കാരി കൂട്ടബലാത്സംഗത്തിന്‌ ഇരയായ സംഭവം നാടിനെ ഞെട്ടിക്കുന്നു. ഗുണ്ടാപ്പിരിവ്‌ നല്‍കാത്തതിനെത്തുടര്‍ന്ന്‌ ആറംഗ സംഘം ജീവനക്കാരിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ്‌ കേസ്‌. കാപ്പ കേസ്‌ പ്രതിയുടെ നേതൃത്വത്തിലാണ്‌ ആക്രമണമുണ്ടായത്‌. നാടിന്റെ ക്രമസമാധാനനിലയെ ചോദ്യ മുനയിലാക്കുന്നതും തകര്‍ക്കാന്‍ വഴിവയ്‌ക്കുന്നതുമാണ്‌ ഇത്തരം സംഭവങ്ങള്‍. തിരുവല്ലയിലേതു ഗുണ്ടാ ആക്രമണംമാത്രമല്ല, ബിസിനസ്‌ വൈരാഗ്യത്തെത്തുടര്‍ന്നു മറ്റൊരു സ്‌പാ ഉടമ നല്‍കിയ ക്വട്ടേഷന്‍ സംഭവത്തിനു പിന്നിലുണ്ടെന്ന ആരോപണവും ഉയരുകയുണ്ടായി. 'ക്വട്ടേഷന്‍ പീഡനം' വിവാദവും ചര്‍ച്ചയുമായ സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്‌ ദുഃസൂചനയാണ്‌.
തലസ്‌ഥാനത്തു സ്‌പായില്‍ ജോലിക്കെത്തിയ യുവതിക്കു ദുരനുഭവം നേരിടേണ്ടി വന്നതിനെത്തുടര്‍ന്നു നഗരസഭ കര്‍ശന പരിശോധനയ്‌ക്കിറങ്ങിയതു സ്വാഗതാര്‍ഹമാണ്‌. നഗരത്തിലെ 137 സ്‌പാകളില്‍ 17 എണ്ണം ലൈസന്‍സ്‌ ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തി. കൊച്ചിയിലെ അനധികൃത മസാജിങ്‌ സെന്ററുകള്‍ കേന്ദ്രീകരിച്ച്‌ ഹണി ട്രാപ്പ്‌, ബ്ലാക്ക്‌ മേയ്‌ലിങ്‌, ലഹരി ഇടപാടുകള്‍ എന്നിവ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌.
സംസ്‌ഥാനത്തു നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ മസാജിങ്‌, സ്‌പാ സ്‌ഥാപനങ്ങള്‍ക്കും താഴിടാന്‍ നടപടിയുണ്ടാകണം. അനുമതി നേടി പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളുടെ കാര്യത്തിലാണെങ്കിലും കൃത്യമായ പരിശോധനകള്‍ ആവശ്യമാണ്‌. അടിസ്‌ഥാനസൗകര്യങ്ങള്‍, ആളുകളുടെ സുരക്ഷ, ജീവനക്കാരുടെ വൈദഗ്‌ധ്യം എന്നിവയെല്ലാം പ്രധാനമാണെന്നിരിക്കെ പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതാണ്‌. അധികാരകേന്ദ്രങ്ങളില്‍ പിടിപാടുള്ളവരാണ്‌ ഇത്തരം സ്‌ഥാപനങ്ങളില്‍ ഭൂരിപക്ഷത്തിനും പിന്നിലെന്നാണ്‌ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയുക. അപ്രതീക്ഷിതമായി ഉണ്ടാകുന്ന വിവാദങ്ങളും പ്രശ്‌നങ്ങളും അണിയറയില്‍ ഒത്തുതീര്‍പ്പാക്കി സ്‌ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ ഇവര്‍ക്കു നിഷ്‌പ്രയാസം സാധിക്കും.
രാഷ്‌ട്രീയ-ഉദ്യോഗസ്‌ഥ സ്വാധീനം ഉപയോഗിച്ച്‌ ഇത്തരം അനധികൃത കേന്ദ്രങ്ങള്‍ തുടരുന്നതു നല്ല പ്രവണതയല്ല. ഇതിനു സഹായകരമായ സമീപനവും പാടേ ഉപേക്ഷിക്കപ്പെടണം. സ്‌പാകളിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഹെല്‍ത്ത്‌ സ്‌ക്വാഡുകള്‍ പരിശോധന ശക്‌തമാക്കേണ്ട സമയമാണിത്‌.

Ads by Google
Thursday 12 Feb 2026 11.23 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW