-->
ബംഗ്ലാദേശിലെ രാഷ്‌ട്രീയ മാറ്റങ്ങള്‍ കേവലം ഭരണകൂടങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അത് അയല്‍രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങളെപ്പോലും മാറ്റിമറിക്കാന്‍ പോന്നതാണെന്നും വ്യക്‌തമാക്കുന്നതാണ് പുതിയ യു.എസ്-ബംഗ്ലാദേശ് വ്യാപാര കരാര്‍. ദീര്‍ഘകാലമായി ഇന്ത്യന്‍ പരുത്തിയെ ആശ്രയിച്ചിരുന്ന ബംഗ്ലാദേശ്, ഇനി മുതല്‍ അമേരിക്കന്‍ പരുത്തിയിലേക്ക് ചുവടുമാറ്റാനൊരുങ്ങുകയാണ്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞ തിങ്കളാഴ്‌ച ഒപ്പുവച്ച ഈ കരാര്‍ ദക്ഷിണേഷ്യന്‍ വ്യാപാര മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
ബംഗ്ലാദേശ് ഇന്‍ഫര്‍മേഷന്‍ അഡൈ്വസര്‍ ഷഫീഖുല്‍ ആലം വിശേഷിപ്പിച്ചത് പോലെ ഇതൊരു 'ഗെയിം ചേഞ്ചര്‍' ആണ്. നിലവില്‍ അമേരിക്കന്‍ വിപണിയില്‍ ബംഗ്ലാദേശിന് 19 ശതമാനം ഇറക്കുമതി തീരുവയുണ്ട്. കംബോഡിയ, ഇന്തോനീഷ്യ തുടങ്ങിയ എതിരാളികളെ അപേക്ഷിച്ച് ഇത് ആശ്വാസകരമാണെങ്കിലും, പുതിയ കരാറിലെ ഒരു പ്രത്യേക നിബന്ധന ബംഗ്ലാദേശിനെ മോഹിപ്പിക്കുന്നു. ബംഗ്ലാദേശിലെ തുണിത്തര നിര്‍മാതാക്കള്‍ അമേരിക്കന്‍ പരുത്തിയോ സിന്തറ്റിക് നാരുകളോ ഉപയോഗിക്കുകയാണെങ്കില്‍ 19 ശതമാനം നികുതി പൂജ്യത്തിലേക്ക് കുറയ്‌ക്കാമെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഇത് ബംഗ്ലാദേശിന്റെ വസ്‌ത്ര കയറ്റുമതി മേഖലയ്‌ക്ക് വന്‍ കുതിച്ചുചാട്ടം നല്‍കും.
2024 ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളില്‍ ബംഗ്ലാദേശിലുണ്ടായ രാഷ്‌ട്രീയ അസ്‌ഥിരതയ്‌ക്ക് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. ഇത് വ്യാപാര മേഖലയിലും നിഴലിച്ചു. 2025 ഏപ്രിലില്‍ ഇന്ത്യയില്‍നിന്നുള്ള നൂല്‍ ഇറക്കുമതിക്ക് ബംഗ്ലാദേശ് നിയന്ത്രണമേര്‍പ്പെടുത്തി. ഇതിന് പകരമെന്നോണം മേയ് മാസത്തില്‍ ബംഗ്ലാദേശില്‍നിന്നുള്ള റെഡിമേയ്‌ഡ് വസ്‌ത്രങ്ങള്‍ക്ക് ഇന്ത്യയും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
പ്രതിവര്‍ഷം 1.6 ബില്യണ്‍ ഡോളറിന്റെ പരുത്തി നൂലായിരുന്നു ഇന്ത്യ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്‌തിരുന്നത്. ഈ വലിയ വിപണിയാണ് ഇപ്പോള്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമാകാന്‍ പോകുന്നത്. സ്വന്തമായി വന്‍തോതില്‍ പരുത്തി കൃഷി ചെയ്യാത്തതിനാല്‍ അമേരിക്കന്‍ പരുത്തിയിലേക്ക് മാറുന്നത് ബംഗ്ലാദേശ് സര്‍ക്കാരിന് രാഷ്‌ട്രീയമായി വലിയ വെല്ലുവിളിയാകുന്നുമില്ല.
ഇന്ത്യന്‍ വിപണിയിലെ ആശങ്കകള്‍
ബംഗ്ലാദേശിന്റെ ഈ നീക്കം ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നത്.
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ വസ്‌ത്രങ്ങള്‍ക്ക് 18 ശതമാനമാണ് നികുതി. ബംഗ്ലാദേശിന് ഇത് 19 ശതമാനമായിരുന്നു. ഈ ഒരു ശതമാനത്തിന്റെ മുന്‍തൂക്കം ഇന്ത്യയ്‌ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍, പുതിയ കരാറിലൂടെ ബംഗ്ലാദേശിന് നികുതി 'പൂജ്യം' ആയി മാറുന്നതോടെ ആ മത്സരാധിഷ്‌ഠിത നേട്ടം ഇന്ത്യയ്‌ക്ക് നഷ്‌ടമാകും.
ഇന്ത്യന്‍ നൂല്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമാണ് ബംഗ്ലാദേശ്. 2024-25 കാലയളവില്‍ മാത്രം 1.47 ബില്യണ്‍ ഡോളറിന്റെ നൂല്‍ ഇന്ത്യ അവിടെ എത്തിച്ചു. ബംഗ്ലാദേശ് അമേരിക്കന്‍ പരുത്തിയിലേക്ക് തിരിഞ്ഞാല്‍ ഇന്ത്യയുടെ ഈ വമ്പന്‍ വിപണി ഇല്ലാതാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്‌ട്രി ഭയപ്പെടുന്നു.
അമേരിക്കന്‍ പരുത്തി ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ ഉറപ്പുവരുത്തും എന്ന കാര്യത്തില്‍ തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എങ്കിലും, ബംഗ്ലാദേശിന് ലഭിച്ച ഈ ആനുകൂല്യം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ വെല്ലുവിളിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ബംഗ്ലാദേശിന് ലഭിച്ചതിന് സമാനമായ നികുതി ഇളവുകള്‍ ഇന്ത്യന്‍ വസ്‌ത്ര കയറ്റുമതിക്കാര്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ഇപ്പോള്‍ ശക്‌തമാകുന്നുണ്ട്.
ഈ കരാര്‍ വലിയ വിജയമായി ബംഗ്ലാദേശ് സര്‍ക്കാര്‍ ആഘോഷിക്കുമ്പോഴും സാമ്പത്തിക വിദഗ്‌ധര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ബി.ആര്‍.എ.സി സര്‍വകലാശാലയിലെ പ്രഫസര്‍ സെലിം ജെഹാന്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ പ്രസക്‌തമാണ്:
അമേരിക്കന്‍ പരുത്തി ഇന്ത്യന്‍ പരുത്തിയേക്കാളും ഈജിപ്‌ഷ്യന്‍ പരുത്തിയേക്കാളും മികച്ചതാണെന്ന് ഉറപ്പുവരുത്തണം. 19 ശതമാനം നികുതി ലാഭിക്കാമെങ്കിലും, അമേരിക്കയില്‍നിന്ന് പരുത്തി കപ്പല്‍ കയറ്റി കൊണ്ടുവരുമ്പോഴുണ്ടാകുന്ന ഭീമമായ ചരക്ക് കൂലി ലാഭത്തെ ബാധിക്കുമോ എന്ന് പരിശോധിക്കണം. അമേരിക്കയുമായുള്ള കരാര്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്‌ക്ക് പരുത്തി വാങ്ങാനുള്ള ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചേക്കാം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു കയറ്റുമതി വിപണിയിലെ തിരിച്ചടിയാണിത്. ബംഗ്ലാദേശിനാകട്ടെ, ലോകത്തെ ഏറ്റവും വലിയ വസ്‌ത്ര വിപണിയായ അമേരിക്കയിലേക്ക് നേരിട്ട് പ്രവേശിക്കാനുള്ള സുവര്‍ണാവസരവും. എങ്കിലും, അയല്‍രാജ്യവുമായുള്ള വ്യാപാര യുദ്ധം ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകില്ല. പരുത്തിക്കെട്ടിനുള്ളിലെ ഈ സാമ്പത്തിക രാഷ്‌ട്രീയം ദക്ഷിണേഷ്യയുടെ വിപണി സമവാക്യങ്ങളെ എങ്ങനെ മാറ്റുമെന്ന് വരും മാസങ്ങളില്‍ കാണാം.
കെ.ജി. സന്ദീപ്