Thursday, March 12, 2026 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.23 PM

പ്രവൃത്തിദിനങ്ങള്‍ അഞ്ചാക്കാം; സേവനദിനങ്ങള്‍ കുറയ്‌ക്കാതെ

ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത എന്നിവയുടെയൊക്കെ കുടിശിക ഇനത്തില്‍ ഓരോ ഉദ്യോഗസ്‌ഥര്‍ക്കും ലക്ഷങ്ങളാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത്‌. അധികാരമൊഴിയും മുന്‍പ്‌ എല്ലാ ക്ഷാമബത്തയും നല്‍കുമെന്നാണ്‌ ബജറ്റ്‌ പ്രഖ്യാപനം. കുടിശികയെ പറ്റി ഇപ്പോഴും സര്‍ക്കാര്‍ വ്യക്‌തത വരുത്തിയിട്ടില്ല. നിലവില്‍ കുടിശിക നല്‍കാനുള്ള ഒരു സാദ്ധ്യതയും കാണുന്നില്ല. ആയിരം രൂപ അങ്ങോട്ട്‌ കടപ്പെട്ടിട്ടുള്ളവരുടെ പോലും രോഷം അനുദിനം അനുഭവിക്കേണ്ടി വരുന്ന ഉദ്യോഗസ്‌ഥര്‍ക്ക്‌, സര്‍ക്കാര്‍ നല്‍കാനുള്ളത്‌ ലക്ഷങ്ങളാണ്‌. ലക്ഷങ്ങള്‍ കുടിശിക നില്‍ക്കുന്നതിനെതിരേ ഉദ്യോഗസ്‌ഥമേഖലയില്‍ വ്യാപകമായുള്ള എതിര്‍പ്പ്‌ ഇന്നേവരെ അണപൊട്ടി ഒഴുകിയിട്ടില്ലെങ്കിലും, കടിച്ചമര്‍ത്തുന്ന രോഷം അടിത്തട്ടില്‍ സൃഷ്‌ടിക്കുന്ന ഇരമ്പലുകള്‍ തങ്ങള്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ പ്രതികൂലമാകുമോ എന്ന്‌ സര്‍ക്കാര്‍ ഭയക്കുന്നു.
ഉദ്യോഗസ്‌ഥര്‍ക്കുള്ള കുടിശിക തീര്‍ത്തു നല്‍കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണം ഇല്ല. പകരം, കുറച്ച്‌ അവധി ദിനങ്ങള്‍ നല്‍കി ഉദ്യോഗസ്‌ഥരെ കൈയിലെടുക്കാം, എന്ന ചിന്തയാകണം വര്‍ഷങ്ങളായി ഉറങ്ങിക്കിടന്ന - ആഴ്‌ചയില്‍ അഞ്ച്‌ പ്രവൃത്തി ദിവസം എന്ന നിര്‍ദേശത്തെ, ഉദ്യോഗസ്‌ഥ മേഖലയില്‍നിന്ന്‌ പോലും ഒരു ആവശ്യമായി ഉയരാതെ തന്നെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ്‌ അടുത്ത്‌ നില്‍ക്കേ ഇപ്പോള്‍ പെട്ടെന്ന്‌ പൊടി തട്ടിയെടുക്കാന്‍ കാരണം.
കടുത്ത ജോലി സമ്മര്‍ദത്തില്‍നിന്ന്‌ പൂര്‍ണമായി വിടുതല്‍ നേടി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുമിച്ച്‌ കഴിയാനുള്ള കൂടുതല്‍ സമയം കണ്ടെത്തേണ്ടത്‌ ആവശ്യമാണെന്നത്‌, സമൂഹത്തില്‍ ഇന്ന്‌ വ്യാപകമായി കണ്ടുവരുന്ന അനുദിനം ശിഥിലമാകുന്ന ബന്ധങ്ങള്‍ അടിവരയിടുന്നുണ്ട്‌. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്‌ചയില്‍ അഞ്ചു ദിവസമായി ചുരുക്കുന്നതിലൂടെ ഉദ്യോഗസ്‌ഥര്‍ക്ക്‌ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ അവസരമുണ്ടാവുകയും, അതുവഴി, ഔദ്യോഗിക കൃത്യങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായും ഫലപ്രദമായും ചെയ്യുന്നതിനും അവരുടെ പ്രവര്‍ത്തന മികവും കാര്യശേഷിയും മെച്ചപ്പെടുത്തുന്നതിനും കഴിയും.
വൈദ്യുതി, വെള്ളം, ഡീസല്‍, വാഹനം, തുടങ്ങിയ ഇനങ്ങളിലൂടെ വലിയ തുക മാസം തോറും ലാഭിക്കാനാകും എന്നും സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. എന്നാല്‍ ഇതിലൊക്കെ ഉപരിയായി, സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്‌ചയില്‍ അഞ്ചായി നിജപ്പെടുത്തുമ്പോള്‍, പൊതു സമൂഹത്തിനു ലഭിച്ചു വരുന്ന സേവനങ്ങളില്‍ ഇടിവു തട്ടുന്നില്ലെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതുകൂടി ആവശ്യമാണ്‌.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്‌ചയില്‍ അഞ്ചാക്കുന്നത്‌ സംബന്ധിച്ച ചിന്തകള്‍ ഉടലെടുത്ത കാലം മുതല്‍ സംസ്‌ഥാനത്തെ സര്‍വീസ്‌ സംഘടനകള്‍ ഒന്നടങ്കം - അവധികള്‍ കുറയ്‌ക്കുക എന്ന നിര്‍ദേശത്തോട്‌ ശക്‌തമായ എതിര്‍പ്പ്‌ രേഖപ്പെടുത്തിവരുന്നു. സര്‍ക്കാര്‍ ഓഫീസുകളുടെ സേവനത്തില്‍ കുറവ്‌ തട്ടാതിരിക്കുന്നതിനായി, പ്രവൃത്തി ദിനം ആഴ്‌ചയില്‍ അഞ്ച്‌ ആക്കുന്നതിനൊപ്പം, ഓരോ ദിവസത്തെയും പ്രവൃത്തി സമയം രാവിലെയും വൈകുംന്നേരവും ദീര്‍ഘിപ്പിക്കാം എന്നതാണ്‌ നിലവില്‍ സര്‍വീസ്‌ സംഘടനകളുടെ ഭാഗത്ത്‌ നിന്നും ഉയര്‍ന്നു വന്നിട്ടുള്ള നിര്‍ദേശം.
പല സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമായിതുടങ്ങിയ ഡിജിറ്റല്‍ കാലഘട്ടത്തില്‍ സേവനങ്ങള്‍ക്കായി ഓഫീസുകളില്‍ നേരിട്ട്‌ ചെല്ലേണ്ട ആവശ്യം കുറവായിട്ടുണ്ട്‌ എന്നതിനാല്‍, ഓഫീസ്‌ പ്രവര്‍ത്തനം ആഴ്‌ചയില്‍ അഞ്ചു ദിവസം മാത്രം ആക്കുന്നത്‌ പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങളെ ബാധിക്കില്ലെന്നാണ്‌, ഇവര്‍ ഉയര്‍ത്തുന്ന വാദം. അങ്ങിനെയെങ്കില്‍, ഒട്ടേറെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയതിലൂടെ, ഈ ഉദ്യോഗസ്‌ഥരുടെ ആവശ്യം ഇല്ലാതായി എന്ന്‌ കൂടി ഇവര്‍ സമ്മതിക്കേണ്ടിവരും.
രാവിലെയും വൈകുന്നേരവും നടപ്പിലാക്കാന്‍ നിര്‍ദേശിക്കപ്പെട്ട അധിക സമയം പ്രവൃത്തിയിലൂടെ, പൊതു ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട സേവനം മുന്‍പത്തെ രീതിയില്‍ തുടര്‍ന്ന്‌ നല്‍കുവാന്‍ പല സര്‍ക്കാര്‍ വകുപ്പുകളിലും കഴിയുകയില്ല. കൃത്യതയോടെ ഈ സമയക്രമം എല്ലായിടങ്ങളിലും പ്രാവര്‍ത്തികമാവുകയുമില്ല. പ്രവൃത്തിക്കുന്ന ദിനങ്ങളില്‍ കൂടുതല്‍ സമയം എന്ന പേരില്‍,
നാല്‍പതിനടുത്ത്‌ പ്രവൃത്തി ദിനങ്ങള്‍ ഒറ്റയടിക്ക്‌ കുറയുന്ന സാഹചര്യം ഉണ്ടായാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതു ജനങ്ങള്‍ക്ക്‌ തടസമില്ലാതെ എത്തുന്നതിനെ അത്‌ പ്രതികൂലമായി ബാധിക്കും.
ആഴ്‌ചയില്‍ അഞ്ച്‌ പ്രവൃത്തി ദിനങ്ങള്‍ എന്ന രീതി, കുടുംബത്തിന്റെ ആവശ്യങ്ങള്‍ ഒരുക്കുന്നതിന്‌ ഒട്ടേറെ സൗകര്യങ്ങള്‍ നല്‍കുന്നു എന്നതിനാല്‍ തന്നെ, അവധി ദിനങ്ങളില്‍ കുറവ്‌ വരുത്തിക്കൊണ്ടുതന്നെ അത്തരം മാറ്റത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്‌, ബഹു ഭൂരിപക്ഷം ഉദ്യോഗസ്‌ഥരും. സര്‍വീസ്‌ സംഘടനകള്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള നിലപാട്‌, ഉദ്യോഗസ്‌ഥരുടെ യഥാര്‍ത്ഥ മനോഗതി മനസിലാക്കി ഉള്ളതാണെന്ന്‌ കരുതുക വയ്യ. ദീര്‍ഘദൂരം യാത്ര ചെയ്‌തു ജോലിക്കെത്തുന്ന പല ഉദ്യോഗസ്‌ഥരും രാവിലെയും വൈകുന്നേരവും അധിക സമയം എന്ന രീതിയോട്‌ താല്‍പര്യപ്പെടുന്നില്ല. പലര്‍ക്കും അത്തരമൊരു സമയക്രമം പ്രയോഗികവുമാകില്ല എന്നത്‌ കാണാതെ പോകരുത്‌.
ഉദ്യോഗസ്‌ഥര്‍ക്ക്‌ അര്‍ഹമായ, ആകസ്‌മിക അവധി, ആര്‍ജിത അവധി എന്നിവയില്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ നല്‍കി വരുന്ന പൊതു അവധിയില്‍, കുറവ്‌ വരുത്തുകയാണ്‌ പൊതു ജനങ്ങള്‍ക്ക്‌ ഇപ്പോള്‍ ലഭിച്ചു വരുന്നയത്ര സേവനദിനങ്ങള്‍ തുടര്‍ന്നും ഉറപ്പിക്കാനുള്ള മാര്‍ഗം. ആഴ്‌ചയില്‍ അഞ്ച്‌ പ്രവൃത്തി ദിനം എന്ന രീതി നടപ്പിലാക്കിയ കേന്ദ്രസര്‍ക്കാരും, മറ്റു സംസ്‌ഥാന സര്‍ക്കാറുകളും, സ്വകാര്യ സ്‌ഥാപനങ്ങളും എല്ലാം ഈ രീതിയില്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിലവിലുണ്ടായിരുന്ന അവധികളില്‍ കുറവ്‌ വരുത്തിയിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ മാത്രം, നിലവിലുള്ള ഒരു അവധിയും കുറയ്‌ക്കാനാകില്ല എന്ന നിലപാട്‌ ശരിയല്ല.
ലക്ഷങ്ങള്‍ കുടിശിക നില്‍ക്കുന്നതിനെതിരേ ഉദ്യോഗസ്‌ഥ മേഖലയില്‍ സര്‍ക്കാരിനെതിരേ നിലനില്‍ക്കുന്ന രോഷത്തെ പിടിച്ച്‌ നിര്‍ത്താന്‍, പൊതു ജനസേവനത്തെ താറുമാറാക്കുന്ന രീതിയില്‍ സേവന ദിനങ്ങളില്‍ വലിയ കുറവ്‌ (40 ദിനങ്ങള്‍) വരുത്തുന്ന ഒരു തീരുമാനം അധികാര ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞ ഒരു സര്‍ക്കാര്‍ കൈക്കൊള്ളുന്നത്‌ അഭിലഷണീയമല്ല. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്‌ചയില്‍ അഞ്ച്‌ ദിവസം ആയി നിജപ്പെടുത്തുന്നെങ്കില്‍, പൊതു ജനങ്ങള്‍ക്ക്‌ ആകെ ലഭ്യമായി വന്നിരുന്ന സേവനദിനങ്ങള്‍, ഈ നയംമാറ്റത്തിലൂടെ, കുറവ്‌ വരുന്നില്ല എന്ന്‌ ഉറപ്പിക്കുവാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.

സുശീല മെറിന്‍ ജോര്‍ജ്‌

Ads by Google
Thursday 12 Feb 2026 11.23 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW