-->
തമിഴകത്തിന്റെ പ്രിയ താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. റീല്‍ ലൈഫിലെ പ്രണയജോഡികള്‍ റിയല്‍ ലൈഫിലും ഒന്നായപ്പോള്‍ പ്രേക്ഷകര്‍ ഹൃദയപൂര്‍വ്വമത് ഏറ്റെടുത്തു. പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും ഇന്ന് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്. പരസ്പരം താങ്ങായും കരുത്തായും മനസ്സിലാക്കി ഇവര്‍ കരിയറിനൊപ്പം തന്നെ കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നൽകുന്നുണ്ട്.
ആരാധകര്‍ ഇവരുടെ പ്രണയത്തിനും വിവാഹത്തിനും പച്ചക്കൊടി കാണിച്ച് ആഘോഷിച്ചെങ്കിലും സൂര്യ-ജ്യോതിക ബന്ധത്തിൽ സൂര്യയുടെ പിതാവ് ശിവകുമാറിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ശിവകുമാറിന്റെ സമുദായത്തിൽ ഉള്ളയാളല്ല ജ്യോതിക. എന്നാൽ, ജ്യോതികയേ മാത്രമേ വിവാഹം ചെയ്യൂ എന്ന് സൂര്യ നിർബന്ധം പിടിച്ചതോടെ ശിവകുമാര്‍ അതിന് വഴങ്ങി കൊടുത്തു. സിനിമാ നടിയായ, മുംബെെക്കാരിയായ ഒരു മരുമകളെ സ്വീകരിക്കാൻ ശിവകുമാർ തയ്യാറായിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ സൂര്യയുടെ കരിയറിലെ തുടക്ക കാലത്തെക്കുറിച്ചും ജ്യോതികയെക്കുറിച്ചും ഇവരുടെ പ്രണയത്തെക്കുറിച്ചും നടി രാധിക ശരത്കുമാറും സൂര്യയുടെ പിതാവ് ശിവകുമാറും പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ വരാനിരിക്കുന്ന ചിത്രമായ ‘തായ് കിഴവി’യുടെ പ്രമോഷനുകൾക്കിടെയാണ്, രാധിക ശരത്കുമാർ സൂര്യയുടെയും ജ്യോതികയുടെയും ആദ്യകാല പ്രണയത്തെക്കുറിച്ച് പറഞ്ഞത്. ഒരു തരത്തില്‍ സൂര്യയും ജ്യോതികയും തമ്മിലുള്ള പ്രണയത്തിന് കാരണം രാധികയായിരുന്നു എന്ന് ശിവകുമാറും തമാശയായി പറയുന്നുണ്ട്.
‘‘അന്നെല്ലാം സൂര്യ വളരെ ഉൾവലിഞ്ഞ പ്രകൃതക്കാരനാണ്. അടങ്ങിയിരിക്കും. സൂര്യാ, നീയിങ്ങനെ ഇരിക്കരുത്, ധെെര്യമായിരിക്കൂ, നന്നായി ചിരിക്കൂ എന്നെല്ലാം ഞാൻ പറയും. ആ സിനിമയിൽ ജ്യോതികയാണ് നായിക. ഒരു മൂലയിൽ ജ്യോതികയും ശാന്തമായിരിക്കും. ജ്യോതികയോട് പോയി സംസാരിക്കൂ എന്ന് ഞാൻ പറഞ്ഞു...ഒപ്പം വര്‍ക്കു ചെയ്യുന്ന ജ്യോതികയ്ക്കും സമാനമായ ഒരു ഒതുങ്ങിയ വ്യക്തിത്വമുണ്ടെന്ന് ഞാന്‍ ശ്രദ്ധിച്ചു. ഒരു മൃദുവായ പ്രേരണ നൽകിയാൽ അവർ തമ്മിൽ നന്നായി അടുക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി. പരസ്പരം സംസാരിക്കാൻ ഞാന്‍ ഇരുവരെയും പ്രോത്സാഹിപ്പിച്ചു.
ചിത്തി എന്ന സീരിയലിൽ ഞാൻ അഭിനയിക്കുന്ന കാലത്ത് സൂര്യ-ജ്യോതിക പ്രണയം വലിയ വിഷയമാണ്. രാവിലെ മുതൽ വെെകുന്നേരം വരെ ശിവകുമാർ സാറിന്റെയടുത്ത് അതേക്കുറിച്ച് മാത്രമേ ഞാൻ ചോദിക്കൂ. സൂര്യ എന്നെ ഫോൺ ചെയ്ത് അപ്പ എന്ത് പറയുന്നെന്ന് ചോദിക്കുമായിരുന്നു...’’ എന്നും രാധിക പറയുന്നു.
ഇതേക്കുറിച്ച് ശിവകുമാറും തമാശയായി സംസാരിച്ചു. ‘‘അവർ രണ്ട് പേരെയും ഒരുമിപ്പിച്ച പെണ്ണാണിവൾ. അവർ ചുമ്മാതിരുന്നേനെ. ഇവൾ അവരെ ഇളക്കി വിട്ടു. ഇന്ന് ജ്യോതിക രണ്ട് മക്കളെ പ്രസവിച്ചു. സൂര്യ മുപ്പതോളം സിനിമകൾ ചെയ്തു. ആ സിനിമകൾ കണ്ട് നോക്കൂ. കഥാനായികയുടെ മേലെ കയറി, കെട്ടിപ്പിടിക്കുന്ന ഷോട്ടുകളൊന്നും ഉണ്ടാകില്ല. അത്തരം സീനുകൾ ഞാനാണ് ചെയ്തത്. സൂര്യ ഡീസന്റാണ്. ലൗ സീനുണ്ടെങ്കിൽ തൊടാതെ അഭിനയിക്കൂ...’’ ശിവകുമാർ പറഞ്ഞു. സുഹാസിനി മണിരത്നം ആതിഥേയത്വം വഹിച്ചതും സൂര്യയുടെ അച്ഛൻ ശിവകുമാർ പങ്കെടുത്തതുമായ ഗലാട്ട തമിഴിൽ സംസാരിച്ചപ്പോഴാണ് ശിവകുമാറും രാധികയും ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
‘
പ്രൊഫഷണൽ രംഗത്ത്, സൂര്യ നിരവധി പ്രോജക്ടുകളുമായി തിരക്കിലാണ്. നിലവിൽ സംവിധായകൻ വെങ്കി അറ്റ്ലൂരിയുടെ ചിത്രത്തിൽ മമിത ബൈജു, രവീണ ടണ്ടൻ എന്നിവർക്കൊപ്പമാണ് പ്രവർത്തിക്കുന്നത്. നസ്രിയയെ നായികയാക്കി ജീതു മാധവനോടൊപ്പം ഒരു പ്രോജക്ടിലും സൂര്യ അഭിനയിക്കുന്നുണ്ട്. ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.
എആർ മുരുഗദോസിന്റെ പിന്തുണയോടെ സണ്ണി ഡിയോളിനൊപ്പം ഒരു ത്രില്ലർ ചിത്രത്തിൽ ജ്യോതിക അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്ത് ശിവകാർത്തികേയന്റെ എസ്‌കെ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന പാഷൻ സ്റ്റുഡിയോസ് നിർമ്മിച്ച തായ് കിഴവി എന്ന ചിത്രത്തിന്റെ റിലീസിനായി രാധിക കാത്തിരിക്കുകയാണ്. ചിത്രം 2026 ഫെബ്രുവരി 20 ന് റിലീസ് ചെയ്യും.