-->
‘ഔട്ട് ഓഫ് സിലബസ്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് പാര്‍വ്വതി തിരുവോത്ത്. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ മാത്രമല്ല തമിഴിലും ബോളിവുഡിലും പാര്‍വ്വതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല ഉറച്ച നിലപാടുകളുടേയും അഭിപ്രായപ്രകടനങ്ങളുടേയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം ട്രോളുകളും വിമർശനങ്ങളും ആക്രമണങ്ങളും നേരിടുന്ന താരം കൂടിയാണ് പാർവതി തിരുവോത്ത്.
ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്‌സിക്കിന്റെ ടീസർ പുറത്തിറങ്ങിയപ്പോഴും താരത്തിന് ട്രോളുകള്‍ വന്നിരുന്നു. മുന്‍പൊരിക്കല്‍ ‘കസബ’ വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചയായ വാക്കാണ് ‘സേ ഇറ്റ്’.
ഇപ്പോഴിതാ ‘സേ ഇറ്റ്’ പ്രസ്താവനയെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടിയായി നടുവിരല്‍ കാണിച്ചിരിക്കുകയാണ് പാർവതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പാര്‍വതി. ഇതിനിടെ ഒരാള്‍ സേ ഇറ്റ് എന്ന് പറയുകയായിരുന്നു. നടുവിരല്‍ ഉയര്‍ത്തിയായിരുന്നു പാര്‍വതിയുടെ പ്രതികരണം. ചൂളം അടിച്ച്, കൈ പതിയെ ഉയര്‍ത്തി, ഒടുവില്‍ നടുവിരല്‍ കാണിക്കുയായിരുന്നു താരം. ഇതാ പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാണ് പാര്‍വതി വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തന്നെ മറ്റൊരു ചോദ്യവും പാർവതിയെ തേടിയെത്തി. അന്ന് ആ വിമർശനം ഉയർത്തേണ്ടിയിരുന്നില്ലെന്ന് പിന്നീട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് ‘ഇല്ല’ എന്നാണ് പാർവതി നല്‍കിയ മറുപടി.
ഗീതു മോഹൻദാസിന്റെ ‘ടോക്സിക്കി’ന്റെ ആദ്യ ടീസര്‍ വന്നപ്പോള്‍ തന്നെ ഗീതുവിനെ അണ്‍ഫോളോ ചെയ്യുകയും, കണ്ണിന്റെ സ്റ്റിക്കർ ചുണ്ടില്‍ ഒട്ടിച്ച വിചിത്രമായ ചിത്രം പങ്കുവച്ച് പാര്‍വതി തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ടീസർ വിവാദങ്ങളില്‍ പാര്‍വതി പാലിക്കുന്ന മൗനമാണ് അതിലൂടെ പ്രേക്ഷകര്‍ കണ്ടത്. ‘ടോക്സിക്കി’ന്റെ ടീസറിനെച്ചൊല്ലി വിവാദങ്ങള്‍ കത്തുമ്പോള്‍ പാര്‍വതി തിരുവോത്തും ഗീതുവും തമ്മിലുള്ള പിണക്കം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങളുമായി പ്രേക്ഷകർ പാർവതിക്ക് മുന്നിലെത്തിയത്. നിലവിലെ വിമർശകർ ചൂണ്ടിക്കാട്ടിയത്.
ഒരു ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തിലാണ് സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് അന്ന് ഇറങ്ങിയ ഒരു ചിത്രത്തെ മുന്‍നിര്‍ത്തി പാര്‍വതി സംസാരിച്ചിരുന്നു. എന്നാല്‍ ഒരു സിനിമയുടെയും പേര് എടുത്തു പറയാതെയായിരുന്നു പാര്‍വതി സംസാരിച്ചത്. അപ്പോള്‍ തൊട്ടടുത്ത് ഇരുന്നിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് പാർവതിയോട് സിനിമയുടെ പേര് പറയാൻ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് മമ്മൂട്ടി-നിതിൻ രണ്‍ജി പണിക്കർ ചിത്രമായ ‘കസബ’യെ ഉദാഹരിച്ച് സിനിമയിലെ സ്ത്രീ വിരുദ്ധത നടി ചൂണ്ടിക്കാട്ടിയത്. ഇത് വലിയ ചർച്ചകള്‍ക്ക് വഴിവച്ചു. ഇന്നും അത് അടങ്ങിയിട്ടില്ല.
അന്നും ഇന്നും ഗീതു പറഞ്ഞ ‘സേ ഇറ്റ്’ എന്ന വാചകമാണ് പാർവതി ഉന്നയിച്ച വിമർശനങ്ങളേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതൊരു ട്രോള്‍ മെറ്റീരിയല്‍ ആയി മാറി. പലപ്പോഴും ഗീതുവിനേയും പാർവതിയേയും പോലുള്ള ഡബ്ല്യൂസിസി അംഗങ്ങളെ പരിഹസിക്കാനുള്ള കീവേഡായും സൈബർ ഇടങ്ങളില്‍ ഈ വാചകം ഉപയോഗിക്കാറുണ്ട്. അന്ന് പാര്‍വതിയ്‌ക്കൊപ്പം വേദിയിലുണ്ടായിരുന്ന ഗീതു മോഹന്‍ദാസ് പറഞ്ഞ ‘സേ ഇറ്റ്’ ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടോക്‌സിക് സിനിമയുടെ ടീസര്‍ റിലീസിന് പിന്നാലെയായിരുന്നു ഗീതുവിന്റെ സേ ഇറ്റ് വീണ്ടും ചര്‍ച്ചയായത്.
ഈ വര്‍ഷം തന്റേതായി രണ്ട് മലയാളം സിനിമകള്‍ റിലീസിനൊരുങ്ങുന്നതായും പാര്‍വതി പറയുന്നുണ്ട്. ‘ഉള്ളൊഴുക്ക്’ ആണ് പാര്‍വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹൃത്വിക് റോഷന്‍ നിര്‍മിക്കുന്ന ഹിന്ദി സീരീസും പാര്‍വതിയുടേതായി അണിയറയിലുണ്ട്. ആമസോണ്‍ പ്രൈമിനായി ഒരുക്കുന്ന സീരിസിന്റെ സംവിധാനം അജിത് പാല്‍ ആണ്.