-->
മലയാള സിനിമയിൽ തൻ്റേതായ ഇടം നേടിയ ശക്തയായ അഭിനേത്രിയാണ് പാർവതി തിരുവോത്ത്. അഭിനയമികവ് കൊണ്ടും സാമൂഹിക വിഷയങ്ങളിലുള്ള വ്യക്തമായ നിലപാടുകൾ കൊണ്ടും താരം എന്നും ശ്രദ്ധേയയാണ്.കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന 70-ാമത് ഫിലിംഫെയർ അവാർഡ്‌സ് സൗത്ത് നിശയിൽ 'തങ്കലാനി'ലെ പ്രകടനത്തിന് പാർവതി തിരുവോത്തും പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.
ചുവപ്പ് നിറത്തിലുള്ള മനോഹരമായൊരു ചർക്കാന നെയ്ത്ത് സാരിയായിരുന്നു പാർവതിയുടെ വേഷം.എന്റെ ഉള്ളിലെ കത്തുന്ന അഗ്നിയെ പുതച്ചതുപോലെ തോന്നി എന്നാണ് സാരിചിത്രങ്ങൾ പങ്കിട്ട് പാർവതി കുറിച്ചത്.
"മാറ്റങ്ങൾക്കായി ഉഴിഞ്ഞുവെച്ചതാണ് ഈ ജീവിതം. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയും, ഈ സുന്ദരമായ ജീവിതം എനിക്ക് മുന്നിലേക്ക് എറിഞ്ഞുതരുന്ന പ്രതിസന്ധികളിലൂടെയും എന്റെ തന്നെ പല പതിപ്പുകളായി ഞാൻ മാറിക്കൊണ്ടിരിക്കുന്നു. ഇതിനിടയിൽ, ഒരു കാര്യം ഞാൻ ഏറെ ആസ്വദിക്കുന്നു—ചുറ്റും ഭയവും സംശയങ്ങളും എത്ര ഉച്ചത്തിൽ നിലവിളിച്ചാലും എന്റെ കരുത്തിൽ ഉറച്ചുനിൽക്കുക എന്നത്. കഴിഞ്ഞ രാത്രിയിലെ ഫിലിംഫെയർ അവാർഡ് നിശയിൽ, എന്റെ ഈ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒന്ന് ധരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. തീക്ഷ്ണമായ, പതറാത്ത, നിശ്ചയദാർഢ്യമുള്ള, ഒരിക്കലും പിൻവാങ്ങാത്ത... ജീവിതത്തെ എപ്പോഴും ആഘോഷിക്കുന്ന ഒന്ന്. എന്റെ ഉള്ളിലെ കത്തുന്ന അഗ്നിയെ പുതച്ചതുപോലെ തോന്നിക്കുന്ന, സൗരവ് ദാസിന്റെ ചർക്കാന പാറ്റേണിലുള്ള ആ ചുവന്ന വസ്ത്രം തന്നെ അതിനായി തിരഞ്ഞെടുക്കേണ്ടിയിരുന്നു.
ഈ വലിയ അംഗീകാരത്തിന് ഫിലിംഫെയറിന് നന്ദി! 'തങ്കലാൻ' എന്ന ചിത്രത്തിലെ ഗംഗമ്മ എന്ന കഥാപാത്രത്തിന് മികച്ച സഹനടിക്കുള്ള (തമിഴ്) പുരസ്കാരം. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് അവസരം നൽകിയ പാ രഞ്ജിത്തിന് നന്ദി. എപ്പോഴും എനിക്കൊപ്പം നിന്ന സഹപ്രവർത്തകർക്കും അണിയറപ്രവർത്തകർക്കും നന്ദി, പ്രത്യേകിച്ച് ചിയാൻ വിക്രമിന്,’ എന്നാണ് പാർവതി കുറിച്ചത്.
ഔട്ട് ഓഫ് സിലബസ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015) ടേക്ക് ഓഫ്, ഉയരെ(2019) എന്നീ ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ടേക്ക് ഓഫിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.
തങ്കലാൻ, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളിലാണ് പാർവതി അവസാനമായി അഭിനയിച്ചത്. മനോരമ മാക്സിൽ പുറത്തിറങ്ങിയ 'ഹെർ' എന്ന വെബ് സീരീസിലും പാർവ്വതി അഭിനയിച്ചിരുന്നു.
ഹൃത്വിക് റോഷന്റെ ആദ്യനിര്‍മാണ സംരംഭമായ സീരീസില്‍ പ്രധാനവേഷം അവതരിപ്പിക്കാനൊരുങ്ങുകയാണ് പാർവതി. മുംബൈ പശ്ചാത്തലമായി ഒരുങ്ങുന്ന 'സ്റ്റോം' എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ പരമ്പര ആമസോണിലാണ് പുറത്തിറങ്ങുക.