Friday, March 13, 2026 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.18 AM

കൊടിമരത്തിലെ സ്വര്‍ണംവരെ മോഷ്‌ടിച്ചെന്ന്‌ സുപ്രീം കോടതി; മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീക്ക്‌ ജാമ്യമില്ല; അറസ്‌റ്റ്‌ തടഞ്ഞു

uploads/news/2026/02/825074/ke8.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ സെക്രട്ടറി എസ്‌. ജയശ്രീക്കു സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. എന്നാല്‍, ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നതുവരെ അറസ്‌റ്റ്‌ തടഞ്ഞു. ശബരിമലയില്‍ കൊടിമരത്തിലെ സ്വര്‍ണംവരെ മോഷ്‌ടിച്ചെന്നാണു മാധ്യമ വാര്‍ത്തകളില്‍ കണ്ടതെന്നും ഇത്‌ എല്ലാ പരിധികളും കടന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
2013 മുതല്‍ വൃക്ക സംബന്ധമായ അസുഖത്തിനു ചികത്സയിലാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണു ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്‌. എന്നാല്‍, ഈ കേസില്‍ ആര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടില്ലെന്നും ജയശ്രീക്കും അത്‌ അനുവദിക്കാനാകില്ലെന്നും സുപ്രീം കോടതി ആദ്യം നിരീക്ഷിച്ചു. ഏറ്റവും മികച്ച വൃക്ക ചികിത്സ ജയിലില്‍ ഉറപ്പുവരുത്താന്‍ ജയില്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കാം. മറ്റുസംസ്‌ഥാനങ്ങളില്‍നിന്ന്‌ പലരും ചികിത്സയ്‌ക്കു പോകുന്നത്‌ കേരളത്തിലാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍, അന്വേഷണവുമായി ജയശ്രീ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നു അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണത്തിന്റെ ഭാഗമായി കൈയക്ഷരത്തിന്റെ സ്‌പെസിമെന്‍ നല്‍കാന്‍ ജയശ്രീ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ മുന്നില്‍ ഹാജരാകും. കഴിഞ്ഞ മാസം എട്ടാം തീയതി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ അറിയിച്ചു.
തുടര്‍ന്ന്‌ 18-ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ ജയശ്രീയോടു സുപ്രീം കോടതി നിര്‍ദേശിച്ചു. അതിന്‌ ഒരാഴ്‌ചക്കുശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും. അതുവരെ കോടതി അറസ്‌റ്റ്‌ തടഞ്ഞു.
ജയശ്രീയെ കസ്‌റ്റഡിയില്‍ ചോദ്യംചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും എസ്‌.ഐ.ടി. കോടതിയില്‍ പറഞ്ഞു. ബോര്‍ഡ്‌ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി ജയശ്രീ പ്രവര്‍ത്തിച്ചെന്നും എസ്‌.ഐ.ടി. സത്യവാങ്‌മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

Ads by Google
Thursday 12 Feb 2026 01.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW