-->
കൊച്ചി : പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തറപറ്റിക്കാന്‍ ശക്‌തനായ സ്‌ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ സി.പി.എം. ഇടതുമുന്നണിയില്‍ സി.പി.ഐ. സ്‌ഥിരമായി മത്സരിക്കുകയും തോല്‍ക്കുകയും ചെയ്യുന്ന മണ്ഡലമാണ് പറവൂര്‍. സി.പി.ഐയില്‍നിന്നു ശക്‌തനായ സ്‌ഥാനാര്‍ഥി ഇക്കുറിയും ഉണ്ടാകാനിടയില്ലെന്നിരിക്കെ സീറ്റ് ഏറ്റെടുക്കണമെന്ന നിലപാടില്‍ സി.പി.എം. ജില്ലാ നേതൃത്വം.
പറവൂര്‍ സീറ്റില്‍ ദുര്‍ബലനായ സ്‌ഥാനാര്‍ഥിയെ മത്സരിപ്പിച്ചാല്‍ വി.ഡി. സതീശന് വെറുതേ ഒരു ജയം സമ്മാനിക്കാനേ കഴിയൂ. അതുകൊണ്ട് സി.പി.ഐയില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് കരുത്തനെ അവതരിപ്പിക്കാന്‍ പറ്റുമോ എന്ന അന്വേഷണത്തിലാണ് സി.പി.എം. പക്ഷേ, സീറ്റ് വിട്ടുകൊടുക്കാന്‍ സി.പി.ഐ. തയാറല്ല.
എറണാകുളം ജില്ലയില്‍ പറവൂരിലും മൂവാറ്റുപുഴയിലും സി.പി.ഐ. ആണ് കാലങ്ങളായി മത്സരിക്കുന്നത്. രണ്ടിടത്തും കോണ്‍ഗ്രസ് 2011ല്‍ വിജയിച്ചു. അന്നു മുതല്‍ സതീശനാണ് പറവൂരിന്റെ പ്രതിനിധി.
പറവൂര്‍ സീറ്റ് ഏറ്റെടുക്കണമെന്ന് സി.പി.എം. ഏരിയ നേതൃത്വം ജില്ലാ കമ്മിറ്റിക്കും സംസ്‌ഥാന കമ്മിറ്റിക്കും കത്തു നല്‍കിയതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. പറവൂരില്‍ സി.പി.ഐ. മണ്ഡലം കമ്മിറ്റി ദുര്‍ബലമാണെന്നും വിഭാഗീഗതയില്‍ നട്ടംതിരിയുകയാണെന്നും സി.പി.എം. ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മൂന്നു ടേമായി സതീശന്റെ ഭൂരിപക്ഷം അടിക്കടി വര്‍ധിക്കുകയാണുണ്ടായത്. സി.പി.എം. ജില്ലാ കമ്മിറ്റി ഈ വിഷയം ഗൗരവത്തിലാണ് എടുത്തിട്ടുള്ളത്. പറവൂരില്‍ 2011ല്‍ സി.പി.ഐയുടെ മുന്‍നിര നേതാവായ പന്ന്യന്‍ രവീന്ദ്രന്‍ ഇറങ്ങിയിട്ടും വി.ഡി. സതീശനെ തളയ്‌ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് നടന്ന രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും സതീശന്‍ ഭൂരിപക്ഷം 20000ന് മുകളിലേക്ക് ഉയര്‍ത്തി.
സതീശന്‍ വരുന്നതിനു മുമ്പ് സി.പി.ഐക്കു മണ്ഡലത്തില്‍ മികച്ച ട്രാക്ക് റെക്കോഡ് ഉണ്ടായിരുന്നു. സി.പി.ഐയുടെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായിരുന്ന പി. രാജു രണ്ടുതവണ വിജയിച്ച മണ്ഡലമാണിത്. മണ്ഡലം രൂപീകരിച്ച 1957 ല്‍ ആദ്യ പ്രതിനിധി സി.പി.ഐയിലെ എന്‍. ശിവന്‍പിള്ളയായിരുന്നു. ഇക്കുറി പുറത്തുനിന്ന് ആളെ ഇറക്കി മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സി.പി.ഐ. ശ്രമിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്. വി.എസ്. സുനില്‍ കുമാറിന്റേതടക്കമുള്ള പേരുകള്‍ പുറത്തുവരുന്നുണ്ട്. സി.പി.ഐ. മുന്‍ ജില്ലാ സെക്രട്ടറിയും സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ കെ.എന്‍. ദിനകരന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു.