-->
കോഴിക്കോട്: ബസിലെ വീഡിയോയുമായി ബന്ധപ്പെട്ട് ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിത മുസ്‌തഫയ്‌ക്ക് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഷിംജിതയ്‌ക്ക് ജാമ്യം അനുവദിച്ചു.
നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണു വടകര കൈനാട്ടി സ്വദേശിയായ ഷിംജിത കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. മഞ്ചേരി വനിതാ സബ് ജയിലില്‍ കഴിയുകയായിരുന്ന ഷിംജിത 21 ദിവസത്തിനുശേഷമാണു പുറത്തിറങ്ങുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ ജനുവരി 17 നാണു കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് ആത്മഹത്യ ചെയ്‌തത്. ദീപകിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ഷിംജിത മുസ്‌തഫയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ദീപക്കിന്റെ മാതാവ് നല്‍കിയ പരാതിയിലാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി ഷിംജിതയെ അറസ്‌റ്റ് ചെയ്‌തത്. അന്വേഷണത്തിന്റെ ഭാഗമായി കസ്‌റ്റഡിയിലെടുത്ത തൊണ്ടിമുതലുകളായ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫൊറന്‍സിക് പരിശോധനാഫലം ലഭിക്കും വരെ ഷിംജിതയ്‌ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ 21 ദിവസമായി ജയിലില്‍ കഴിയുകയാണെന്നും ഇനിയും റിമാന്‍ഡില്‍ കഴിയേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം, തനിക്കു നേരേ ബസില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തില്‍ ഷിംജിത ഉറച്ചു നില്‍ക്കുകയാണ്.
കര്‍ശന ഉപാധികളോടെയാണ് ഷിംജിതയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്‌ച അന്വേഷണ ഉദാ്യേഗസ്‌ഥന് മുന്‍പാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യം, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നിങ്ങനെയാണ് നിബന്ധനകള്‍.