-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇ.ഡി.) സമന്‍സ് അയച്ചു. കേസിലെ ഇടനിലക്കാരന്‍ കല്‍പേഷും കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരാകണം. കേസിലെ പ്രധാന പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളും ദ്വാരപാലക ശില്‍പങ്ങളില്‍നിന്ന് സ്വര്‍ണം നീക്കംചെയ്‌ത സംഭവത്തിലെ പങ്കുമാണ് ഇ.ഡി. അന്വേഷിക്കുന്നത്.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‌പങ്ങളില്‍നിന്നും മറ്റും സ്വര്‍ണം തട്ടിയെടുത്ത കേസിലെ കള്ളപ്പണ ഇടപാടുകളാണു അന്വേഷിക്കുന്നത്‌്. 2019-ല്‍ ടി.ഡി.ബി. സെക്രട്ടറി ആയിരിക്കെ, സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കു കൈമാറാന്‍ ഉത്തരവില്‍ ഒപ്പിട്ടതു ജയശ്രീയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ജയശ്രീയെ കൂടാതെ നടന്‍ ജയറാമിനോടും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ഇ.ഡി. നിര്‍ദേശിച്ചിട്ടുണ്ട്.