Thursday, March 12, 2026 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.14 AM

തൊഴിലാളികളുടേത്‌ അവകാശപ്പോരാട്ടം

uploads/news/2026/02/825048/ed1.jpg

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു വിവിധ തൊഴിലാളി, കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള പണിമുടക്കിലാണ്‌ രാജ്യം. നിലവിലുള്ള 29 തൊഴില്‍ നിയമങ്ങള്‍ മാറ്റി നാലു പുതിയ ലേബര്‍ കോഡുകള്‍ നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കം ശക്‌തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്‌. വിവാദമായ സീഡ്‌ ബില്‍, വൈദ്യുതി ഭേദഗതി ബില്‍, ഇന്ത്യ-യു.എസ്‌. വ്യാപാര കരാര്‍ തുടങ്ങിയവ പിന്‍വലിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍കൂടി ഉന്നയിച്ചാണ്‌ 24 മണിക്കൂര്‍ പണിമുടക്ക്‌ പുരോഗമിക്കുന്നത്‌. രാജ്യത്തെ തൊഴില്‍, കാര്‍ഷിക മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്കു കേന്ദ്രനയവും നടപടികളും കാരണമാകുമെന്നതുകൊണ്ടുതന്നെ തൊഴിലാളികള്‍ അവകാശ സംരക്ഷണത്തിനു നടത്തുന്ന പോരാട്ടമെന്ന നിലയില്‍ ഇന്നത്തെ പണിമുടക്ക്‌ ഏറെ ശ്രദ്ധേയമാണ്‌.
പണിമുടക്കുകള്‍ ആളുകളുടെ ദൈനംദിന ജീവിതത്തെയും ഉത്‌പാദന, സേവന മേഖലകളെയും ബാധിക്കുമെന്ന വിമര്‍ശനം ഇത്തവണയും ശക്‌തമാണ്‌. എന്നാല്‍, ജനാധിപത്യപരമായി അവകാശങ്ങള്‍ നേടിയെടുക്കാന്‍ തൊഴിലാളികള്‍ക്കുള്ള മാര്‍ഗമെന്ന നിലയില്‍ പണിമുടക്കുകളുടെ പ്രസക്‌തി നഷ്‌ടപ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്ന പിന്തുണയാണ്‌ സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന്‌ ഉണ്ടായിട്ടുള്ളത്‌. അവശ്യ സര്‍വീസൊഴിച്ച്‌ ഒട്ടുമിക്ക മേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കിനു പിന്തുണ അറിയിക്കുകയുണ്ടായി. രാജ്യമെമ്പാടുമായി 30 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നു സമരസമിതി നേതാക്കള്‍ പറയുന്നു.
1991 ലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുശേഷമാണ്‌ ആഗോളവത്‌ക്കരണത്തിനും സ്വകാര്യവത്‌ക്കരണത്തിനും എതിരേ സംയുക്‌ത ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തില്‍ ദേശീയ പണിമുടക്കുകള്‍ രാജ്യത്തു പതിവായി മാറിയത്‌. 2010 നുശേഷം രാഷ്‌ട്രീയ ഭിന്നതകള്‍ മറന്നു വിവിധ പാര്‍ട്ടികളില്‍പെട്ട ട്രേഡ്‌ യൂണിയനുകള്‍ ഒന്നിച്ചു പോരാട്ടത്തിനിറങ്ങുന്ന കാഴ്‌ച വലിയൊരു മാറ്റമായി.
തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി ഇത്തരത്തിലുള്ള സമരസമ്മര്‍ദ്ദങ്ങള്‍ അനിവാര്യമായ ഘട്ടത്തിലൂടെയാണ്‌ രാജ്യത്തെമ്പാടുമുള്ള തൊഴിലാളികള്‍ കടന്നുപോകുന്നത്‌. എല്ലാ വിധത്തിലുള്ള വ്യത്യസ്‌തതകളും മറന്ന്‌ തൊഴിലാളികള്‍ക്കിടയില്‍ കൂട്ടായ്‌മ സൃഷ്‌ടിക്കാന്‍ ഇത്തരം സമരങ്ങള്‍ കാരണമാകും. കര്‍ഷക സമരവും അതിനു രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകള്‍ നല്‍കിയ പിന്തുണയും എടുത്തുപറയേണ്ടതാണ്‌. നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നയങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യത്തുണ്ടായ കൂട്ടായ്‌മ സമീപകാല ഇന്ത്യയുടെ സമര ചരിത്രത്തിലെ നിര്‍ണായക അധ്യായമാണ്‌.ദേശീയ പണിമുടക്കുകളോട്‌ ഇന്ത്യയിലെ ആളുകളുടെ പ്രതികരണം പൊതുവേ സമ്മിശ്രമാണ്‌. ബംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളില്‍ യാതൊരു ചലനവും ഉണ്ടാകാറില്ല. കേരളത്തിലാകട്ടെ ജനജീവിതം പൂര്‍ണമായും സ്‌തംഭിക്കുകയും ചെയ്യും. പണിമുടക്കുകളോടുള്ള ഈയൊരു സമീപനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോയെന്നു സമൂഹവും സര്‍ക്കാരും ആകാംക്ഷയോടെയാണു വീക്ഷിക്കുന്നത്‌. സംസ്‌ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സ്വാധീനം ഉറപ്പായും സംസ്‌ഥാനങ്ങളില്‍ ദൃശ്യമാകും.
തൊഴിലാളി ക്ഷേമവും വ്യവസായ സൗഹൃദ അന്തരീക്ഷവും വാഗ്‌ദാനം ചെയ്‌താണ്‌ കഴിഞ്ഞ നവംബര്‍ 21 നു കേന്ദ്രം നാല്‌ പുതിയ ലേബര്‍ കോഡുകള്‍ അവതരിപ്പിച്ചത്‌. നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ കേന്ദ്രീകരിക്കുന്നതിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള നീക്കമാണ്‌ ഉണ്ടായതെന്നു വിമര്‍ശിക്കപ്പെടുന്നു. തൊഴിലാളികളുടെ പിരിച്ചുവിടല്‍, പണിമുടക്കാനുള്ള അവകാശം, ജോലി സമയം, തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനം എന്നിവയിലെല്ലാം ശക്‌തമായ തൊഴിലാളി വിരുദ്ധതയാണു സമരരംഗത്തുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്‌. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്‌ഥാപിക്കുകയും പുതിയ വികസിത്‌ ഭാരത്‌ ഗ്രാമം നിയമം പിന്‍വലിക്കുയും ചെയ്യണമെന്ന ആവശ്യം ശക്‌തമായി ഉന്നയിക്കപ്പെട്ടിരിക്കുന്നു. പൊതു മേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവത്‌ക്കരണം അവസാനിപ്പിക്കുക, കുറഞ്ഞ വേതനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കപ്പെടുന്നു. അധ്യാപകര്‍, ബാങ്കിങ്‌ മേഖലയിലെ സംഘടനകള്‍ എന്നിവയും പണിമുടക്കിന്റെ ഭാഗമാണ്‌. തങ്ങളുടെ നയങ്ങളിലും സമീപനങ്ങളിലും കേന്ദ്ര സര്‍ക്കാരിനു ചിന്തയുണ്ടാകാനും തൊഴിലാളികളുടെ അവകാശപ്പോരട്ടങ്ങളുടെ പ്രസക്‌തിയും പ്രാധാന്യവും ശക്‌തിപ്പെടുത്താനും പണിമുടക്ക്‌ വഴിതെളിക്കട്ടെ.

Ads by Google
Thursday 12 Feb 2026 01.14 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW