Thursday, March 12, 2026 Last Updated 55 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.14 AM

എ.ഐ. യുഗത്തില്‍ സുരക്ഷാ കവചമായി പുതിയ ഐ ടി നിയമം

uploads/news/2026/02/825047/ed2.jpg

സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യരാശിയെ അത്ഭുതപ്പെടുത്തുന്ന വേഗത്തിലാണ്‌ മുന്നേറുന്നത്‌. എന്നാല്‍, ആ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ വ്യാജവാര്‍ത്തകളും കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ദൃശ്യങ്ങളും (ഡിപ്‌ഫേക്ക്‌) ജനാധിപത്യത്തിനും വ്യക്‌തിസ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ണായക ഭേദഗതികള്‍ ശ്രദ്ധേയമാകുന്നത്‌. ഈ മാസം 20 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 'ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (അമന്‍ഡ്‌മെന്റ്‌) റൂള്‍സ്‌, 2026' ഡിജിറ്റല്‍ ഇടത്തെ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നീക്കത്തിന്റെ പ്രതിഫലനമാണ്‌.
പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം നിര്‍മിത ബുദ്ധി (എ.ഐ.) ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ്‌. യഥാര്‍ത്ഥമെന്ന്‌ തോന്നിപ്പിക്കുന്ന രീതിയിലുള്ള എ.ഐ. നിര്‍മിത ഉള്ളടക്കങ്ങളില്‍) അത്‌ കൃത്രിമമാണെന്ന്‌ വ്യക്‌തമാക്കുന്ന ലേബലുകള്‍ ഇനിമുതല്‍ നിര്‍ബന്ധമാണ്‌.
ഒക്‌ടോബര്‍ 2025-ലെ കരട്‌ നിയമത്തില്‍ ദൃശ്യത്തിന്റെ പത്ത്‌ ശതമാനം ഭാഗം ലേബലിനായി മാറ്റിവയ്‌ക്കണമെന്ന കര്‍ശന നിര്‍ദേശമുണ്ടായിരുന്നെങ്കിലും, സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത്‌ നിലവില്‍ അതില്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്‌. എങ്കിലും, 'വ്യക്‌തമായി കാണാവുന്ന രീതിയില്‍' തന്നെ ഇത്തരം ലേബലുകള്‍ പതിപ്പിക്കണമെന്ന്‌ നിയമം അനുശാസിക്കുന്നു. സ്‌മാര്‍ട്‌ഫോണ്‍ ക്യാമറകള്‍ സ്വയം വരുത്തുന്ന ചെറിയ മിനുക്കുപണികളെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ പ്രായോഗികമായ ഒരു നീക്കമാണ്‌.
നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സമയപരിധിയില്‍ വരുത്തിയ കുറവാണ്‌ മറ്റൊരു വിപ്ലവാത്മകമായ മാറ്റം. മുമ്പ്‌ 24 മുതല്‍ 36 മണിക്കൂര്‍ വരെ സമയം പ്ലാറ്റ്‌ഫോമുകള്‍ക്ക്‌ ലഭിച്ചിരുന്നിടത്ത്‌, ഇനിമുതല്‍ വെറും രണ്ട്‌ മുതല്‍ മൂന്ന്‌ മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കേണ്ടി വരും. വ്യക്‌തികളുടെ സമ്മതമില്ലാതെയുള്ള നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍, ഡീപ്‌ ഫേക്കുകള്‍ എന്നിവ നീക്കം ചെയ്യാന്‍ രണ്ടു മണിക്കൂറും കോടതികളോ ഗവണ്‍മെന്റോ നിര്‍ദ്ദേശിക്കുന്ന മറ്റ്‌ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മൂന്നു മണിക്കൂറുമാണ്‌ അനുവദിച്ചിരിക്കുന്നത്‌.
ഇന്റര്‍നെറ്റില്‍ ഒരു ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന്‌ ആളുകളിലേക്ക്‌ എത്തുന്ന ഇന്നത്തെ കാലത്ത്‌, 24 മണിക്കൂര്‍ എന്നത്‌ വളരെ വലിയ സമയമാണ്‌. ഈ സമയം കുറയ്‌ക്കുന്നതിലൂടെ ഇരയാക്കപ്പെടുന്ന വ്യക്‌തിക്കുണ്ടാകുന്ന ആഘാതം ഒരു പരിധിവരെ കുറയ്‌ക്കാന്‍ സാധിക്കും. സാമൂഹിക മാധ്യമ കമ്പനികള്‍ക്ക്‌ ഇതുവരെ ലഭിച്ചിരുന്ന 'സേഫ്‌ ഹാര്‍ബര്‍' പരിരക്ഷ ഇനിമുതല്‍ അത്ര എളുപ്പമാകില്ല. ഉപയോക്‌താക്കള്‍ പോസ്‌റ്റ്‌ ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരില്‍ പ്ലാറ്റ്‌ഫോമുകളെ നേരിട്ട്‌ ശിക്ഷിക്കാനാവില്ല എന്നതായിരുന്നു ഈ നിയമത്തിന്റെ അന്തസത്ത. എന്നാല്‍, പുതിയ ഭേദഗതി പ്രകാരം, വ്യാജമായി നിര്‍മ്മിച്ച ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കുകയോ, അവയ്‌ക്കെതിരേ നടപടിയെടുക്കാന്‍ വീഴ്‌ച വരുത്തുകയോ ചെയ്‌താല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക്‌ ഈ നിയമപരിരക്ഷ നഷ്‌ടമാകും. അതായത്‌, ഉള്ളടക്കം പോസ്‌റ്റ്‌ ചെയ്‌ത വ്യക്‌തിക്കൊപ്പം തന്നെ ആ പ്ലാറ്റ്‌ഫോമും നിയമനടപടികള്‍ നേരിടേണ്ടി വരും.
ഓരോ സംസ്‌ഥാനത്തിനും ടേക്ക്‌ ഡൗണ്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ഒരു ഉദ്യോഗസ്‌ഥന്‍ മാത്രമേ പാടുള്ളൂ എന്ന മുന്‍ നിബന്ധനയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ജനസംഖ്യയേറിയ സംസ്‌ഥാനങ്ങളുടെ സൗകര്യാര്‍ത്ഥം ഒന്നിലധികം ഉദ്യോഗസ്‌ഥരെ ഇതിനായി നിയോഗിക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ ഇനി സാധിക്കും. ഇത്‌ പ്രാദേശിക തലത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ വേഗത്തില്‍ നടപടിയെടുക്കാന്‍ സഹായിക്കും.
ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക്‌ വലിയ സാങ്കേതിക വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ആയിരക്കണക്കിന്‌ പോസ്‌റ്റുകള്‍ ഓരോ സെക്കന്‍ഡിലും അപ്‌ലോഡ്‌ ചെയ്യപ്പെടുമ്പോള്‍, അവയിലെ ഡീപ്‌ ഫേക്കുകള്‍ തിരിച്ചറിയാനും രണ്ട്‌ മണിക്കൂറിനുള്ളില്‍ നടപടിയെടുക്കാനും അത്യാധുനികമായ സംവിധാനങ്ങള്‍ പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കേണ്ടി വരും.
എങ്കിലും, ഡിജിറ്റല്‍ ലോകത്തെ മാന്യതയും സുരക്ഷയും ഉറപ്പാക്കാന്‍ ഇത്തരം കടുത്ത നടപടികള്‍ അനിവാര്യമാണ്‌. വ്യക്‌തിഹത്യയ്‌ക്കും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും എഐ ഉപയോഗിക്കുന്നവര്‍ക്കുള്ള ശക്‌തമായ മുന്നറിയിപ്പാണ്‌ ഈ നിയമഭേദഗതി. സാങ്കേതികവിദ്യയുടെ വേഗതയ്‌ക്കൊപ്പം നിയമവ്യവസ്‌ഥയും സഞ്ചരിക്കുന്നു എന്നത്‌ ശുഭോദര്‍ക്കമായ കാര്യമാണ്‌.

ഉപയോക്‌താക്കള്‍ ശ്രദ്ധിക്കാന്‍

പുതിയ ഐ ടി നിയമ ഭേദഗതികള്‍ കേവലം സാമൂഹിക മാധ്യമ കമ്പനികള്‍ക്ക്‌ മാത്രമുള്ളതല്ല;മറിച്ച്‌ ഓരോ ഇന്റര്‍നെറ്റ്‌ ഉപയോക്‌താവിനും ബാധകമായ ഒന്നാണ്‌. ഡിജിറ്റല്‍ ഇടങ്ങളില്‍ ഇടപെടുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്‌:
എ.ഐ. ലേബലിങ്‌ മറയ്‌ക്കരുത്‌: നിങ്ങള്‍ എ.ഐ. ഉപയോഗിച്ച്‌ നിര്‍മ്മിച്ച ചിത്രങ്ങളോ വീഡിയോകളോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്നുണ്ടെങ്കില്‍, അത്‌ എ.ഐ. നിര്‍മിതമാണെന്ന്‌ വ്യക്‌തമാക്കുന്ന അറിയിപ്പ്‌ നല്‍കാന്‍ പ്ലാറ്റ്‌ഫോമുകള്‍ ആവശ്യപ്പെടും. ഇത്‌ മറച്ചുവയ്‌ക്കുന്നത്‌ നിയമലംഘനമായി കണക്കാക്കാം.
ഡീപ്‌ഫേക്കുകള്‍ക്കെതിരേ പെട്ടെന്ന്‌ പരാതി നല്‍കാം: നിങ്ങളുടെയോ മറ്റാരുടെയെങ്കിലുമോ അനുവാദമില്ലാതെ നിര്‍മ്മിച്ച കൃത്രിമ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യുക. പുതിയ നിയമപ്രകാരം രണ്ട്‌ മണിക്കൂറിനുള്ളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ പ്ലാറ്റ്‌ഫോമുകള്‍ ബാധ്യസ്‌ഥരാണ്‌.വാട്‌സാപ്പ്‌ ഫോര്‍വേഡുകളില്‍ ജാഗ്രത: എ.ഐ. ഉപയോഗിച്ച്‌ നിര്‍മിച്ച വ്യാജ വാര്‍ത്തകളോ തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങളോ ലേബല്‍ ഇല്ലാതെ പ്രചരിപ്പിക്കുന്നത്‌ കുറ്റകരമായേക്കാം. ഒരു സന്ദേശം ഫോര്‍വേഡ്‌ ചെയ്യുന്നതിന്‌ മുന്‍പ്‌ അതിന്റെ ആധികാരികത ഉറപ്പുവരുത്തുക.
സ്വകാര്യത സംരക്ഷിക്കപ്പെടും: വ്യക്‌തിപരമായ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങളില്‍ മുന്‍പത്തെക്കാള്‍ വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ ഈ നിയമം സഹായിക്കും. സൈബര്‍ സെല്ലിലൊ ഗവണ്‍മെന്റ്‌ നിശ്‌ചയിച്ചിട്ടുള്ള ഉദ്യോഗസ്‌ഥര്‍ക്കോ പരാതി നല്‍കിയാല്‍ മൂന്ന്‌ മണിക്കൂറിനുള്ളില്‍ അത്തരം ലിങ്കുകള്‍ നീക്കം ചെയ്യപ്പെടും.
ക്രിയേറ്റീവ്‌ ടച്ച്‌-അപ്പുകള്‍ക്ക്‌ പേടിക്കേണ്ട: സ്വന്തം ചിത്രങ്ങള്‍ മനോഹരമാക്കാന്‍ ഫോണിലെ ഫില്‍ട്ടറുകളോ ഓട്ടോമാറ്റിക്‌ എന്‍ഹാന്‍സ്‌മെന്റുകളോ ഉപയോഗിക്കുന്നത്‌ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. അതുകൊണ്ട്‌ സാധാരണ സെല്‍ഫികള്‍ക്കും ഫോട്ടോകള്‍ക്കും എ.ഐ. ലേബല്‍ ആവശ്യമില്ല.

എ.ഐ.സി. റഹീം

Ads by Google
Thursday 12 Feb 2026 01.14 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW