-->
ആദ്യ സിനിമയിലൂടെ ബോളിവുഡിന്റെ ക്യൂട്ട് നായികയായി മാറിയ അഭിനേത്രിയാണ് പരിണീതി ചോപ്ര. പിന്നീടിങ്ങോട്ട് മികച്ച കഥാപാത്രങ്ങളിലൂടെ താരം ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ദീര്‍ഘകാലം പ്രണയിച്ച ശേഷമാണ് പരിണീതി ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയെ വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ എല്ലാ സന്തോഷങ്ങളും താരദമ്പതിമാര്‍ പങ്കിടാറുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 19 നാണ് പരിണീതിക്കും രാഘവിനും ആണ്‍കുഞ്ഞ് പിറന്നത്. നീര്‍ എന്നാണ് കുഞ്ഞിന് ദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. ജലത്തിന്റെ രൂപം, സ്‌നേഹത്തിന്റെ സ്വരൂപം - അതാണ് നീര്‍. അനശ്വരമായ ഒരു തുള്ളി ജീവനില്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ ശാന്തി കണ്ടെത്തി. ഞങ്ങള്‍ അവന് 'നീര്‍' എന്ന് പേരിട്ടു - പരിശുദ്ധന്‍, ദൈവാംശമുള്ളവന്‍, അതിരുകളില്ലാത്തവന്‍, എന്നാണ് സന്തോഷം പങ്കുവെച്ച് ദമ്പതികള്‍ കുറിച്ചത്.
ഇപ്പോഴിതാ പിങ്ക് സാരിയിലുളള ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് പരിണീതി. അതീവ സുന്ദരിയായാണ് ചിത്രങ്ങളില്‍ പരിണീതി പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍ക്ക് രസകരമായ ഒരു അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്. ‘മമ്മയ്ക്ക് 2 മണിക്കൂര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ടിവന്നാല്‍ അത് സാരിയിലാകുന്നതാണ് നല്ലത് ’എന്നാണ് പരിണീതി കുറിച്ചിരിക്കുന്നത്. പിങ്ക് സാരിക്കൊപ്പം ബോട്ട് നെക്ക് ഫുള്‍ -സ്ലീവ് ബ്ലൗസാണ് താരം പെയര്‍ ചെയ്തിരിക്കുന്നത്. വളരെ കുറച്ച് ആക്‌സസറികളും മിനിമല്‍ മേക്കപ്പും താരത്തിന്റെ ലുക്ക് സ്‌റ്റൈലിഷാക്കി. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
2023 സെപ്റ്റംബര്‍ 24 നാണ് പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസ് ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം വലിയ ആഘോഷമായിരുന്നു വിവാഹം.
അതേസമയം, ദില്‍ജിത്ത് ദോശനൊപ്പമുള്ള 'ചംകീല' (2024) ആയിരുന്നു പരിനീതിയുടെ ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 2011 ല്‍ പുറത്തിറങ്ങിയ 'ലേഡീസ് വേഴ്‌സസ് റിക്കി ബാല്‍' എന്ന ചിത്രത്തിലൂടെയാണ് പരിനീതി സിനിമാലോകത്തെത്തുന്നത്.