-->
പഴയ വടക്കന്‍പാട്ടിലെ വായ്‌ത്താരിയിപ്പോള്‍ കവി സച്ചിദാനനന്ദന് ചേര്‍ച്ചയായി വന്നിരിക്കുന്നു. ഇടംതിരിഞ്ഞ്, വലംതിരിഞ്ഞ്, ഓതിരം മറിഞ്ഞ് സച്ചിമാഷ് വീശി
യ ഉറുമി കൊള്ളേണ്ടിടത്തൊക്കെ കൊണ്ടു. കവി സൗവര്‍ണ്ണ പ്രതിപക്ഷമാണെന്ന് ഒടുവില്‍ പ്രതിപക്ഷനേതാവിനും പറയേണ്ടിവന്നു. ഒന്നും കാണാതെ എന്തെങ്കിലും പുലമ്പുന്ന ആളല്ല ഈ പഴയ ചാരുകസേര വിപ്ലവാചാര്യനെന്ന് ആര്‍ക്കാണറിയാത്തത്? ദില്ലിയിലെ രാജകീയവാഴ്‌ചക്കാലത്തെ ട്രാക്ക് റെക്കോഡ് ഒന്നു പരിശോധിച്ചാല്‍ ശബരിമലയിലെ മാത്രമല്ല കവിയുടേയും ചെമ്പു തെളിയും!
സിംലയിലെ സുഖശീതളിമയില്‍ ലക്ഷങ്ങളുടെ പ്രതിമാസ പ്രതിഫലങ്ങളിലിരുന്ന് വിപ്ലവ കവിതകളെഴുതി കേരളത്തിലേക്ക് വിക്ഷേപിച്ചിരുന്ന കാലം! (സിംലയെത്തൊരു കവിതന്നെയുണ്ട്!) ദില്ലിയില്‍ ഭരണകക്ഷിയുടെ തോളിലും കേരളത്തില്‍ ഇടതുപക്ഷ വിപ്ലവത്തോളിലും കയ്യിട്ടു നടന്ന ഒരു കാലം! എന്നാലും വിപ്ലവക്കുനല്‍ ചാരം മൂടി കവിയില്‍ കിടപ്പുണ്ടെന്ന് ഇപ്പോഴാണ് വെളിപ്പെട്ടത്. കവിയെന്ന നിലയ്‌ക്ക് സച്ചിദാനന്ദനോട് കവികള്‍ക്കു മാത്രമല്ല, സഹൃദയര്‍ക്കും മതിപ്പുണ്ട്. എന്നാല്‍ കാവ്യാതീതമായ ഏര്‍പ്പാടുകളിലാണ് അദ്ദേഹത്തിന് പണ്ടേ കമ്പം. വിപ്ലവം പറയാനും എഴുതാനും മാത്രമുള്ളതാണെന്ന് എം. മുകുന്ദനെപ്പോലെ സച്ചിദാനന്ദനും അറിയാം. കവി സൗവര്‍ണ്ണ പ്രതിപക്ഷമെന്ന് വിശ്വസിച്ചിരുന്ന കടമ്മനിട്ടയും തരം കിട്ടിയപ്പോള്‍ അധികാരത്തിന്റെ വരണമാല്യത്തിനായി കഴുത്തു കുനിച്ച് നിയമസഭയില്‍ ഭരണപക്ഷമായി വിലസിയിരുന്നു. കവിയല്ലെങ്കിലും എം. ഗോവിന്ദ ശിഷ്യനും സ്വാതന്ത്ര്യദാഹിയുമായിരുന്ന സാനുമാഷും അധികാരത്തിന്റെ തണലും അക്കാദമി കസേരയും കൈവന്നപ്പോള്‍ ഭരണപക്ഷ പ്രീണനത്തിലാണ് രമിച്ചത്.
തുടര്‍ഭരണം അപകടം ചെയ്യും എന്ന സ്വപ്‌നദര്‍ശനം കിട്ടിയ ഉടനെ സച്ചിദാനന്ദന്‍ പത്രസമ്മേളനം നടത്തിയത് നന്നായി. പിറ്റേന്നത് മാറ്റിപ്പറയേണ്ടിവന്നേക്കാം. പിണറായി സര്‍ക്കാരിന്റെ ഒന്നാം തുടര്‍ഭരണ വേളയിലാണല്ലോ വിപ്ലവകുല ഗുരുവായ സച്ചിമാഷ് അക്കാദമി അദ്ധ്യക്ഷനായിഅഭിഷേകം ചെയ്യപ്പെടുന്നത്. അന്നദ്ദേഹത്തിന് തുടര്‍ഭരണദോഷങ്ങള്‍ പുരപ്പുറത്തുകയറി വിളിച്ചുപറയാനാവുമായിരുന്നില്ല. അങ്ങിനെ ഒന്നാം തുടര്‍ഭരണകാലത്ത് അക്കാദമിലെ ആവുംവിധം ചുവപ്പിക്കാനും അവസരങ്ങള്‍ മുതലാക്കാനുമുള്ള തിടുക്കത്തിലായിരുന്നു കവിമാഷ്. ഇടതുപക്ഷ അക്കാദമി പ്രസിഡന്റുമാരുടെ മഹത്തായ അച്ചടക്ക പാരമ്പര്യം പുലര്‍ത്തിക്കൊണ്ട് സര്‍ക്കാരിരെ മൗനം ഭജിച്ചും കവിതചൊല്ലിയും, അലവന്‍സുകള്‍ നുണഞ്ഞും മയങ്ങുകയായിരുന്നു.പെട്ടെന്നാണ് കാലാവധി കഴിയുന്നു; ഭരണം മാറുന്നു എന്നൊക്കെയുള്ള വെളിപാടുണ്ടായത്. പണ്ട് പു.ക.സ അദ്ധ്യക്ഷനായിട്ടും അക്കാദമി അദ്ധ്യക്ഷനാകാന്‍ യോഗമില്ലാതെ പോയ വൈലോപ്പിള്ളിയുടെ അന്ത്യയാത്രയില്‍ അനാദരിക്കപ്പെട്ടപ്പോള്‍ സച്ചിദാനന്ദന്‍ ഒരു ഗംഭീര കവിതയെഴുതിയിരുന്നു...'' ഇവനെക്കൂടി.''
ആ തലക്കെട്ട് ഒന്നുകൂടി മറ്റൊരു അര്‍ത്ഥതലത്തില്‍ ആവര്‍ത്തിക്കാണ്‍ തോന്നുന്നു. അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ ഭേദിച്ച്, ഇതാ കവിയുടെ പ്രതിപക്ഷസ്വരം പാഞ്ഞടുക്കുന്നു. ഞങ്ങള്‍ തിരുത്തിക്കോളാം എന്ന് ഗോവിന്ദന്‍മാഷ്. ഇവനെക്കൂടി കേള്‍ക്കുക എന്ന് വി.ഡി. സതീശന്‍. എല്ലാറ്റിനുമിടയില്‍പ്പെട്ട് ഞെരുങ്ങുന്ന ന്യായീകരണത്തൊഴിലാളി നേതാവുകൂടിയായ അശോകന്‍ ചരുവില്‍.
സാറാ ജോസഫ് ചൂലെടുക്കുന്നതും ഒന്നും കാണാതെയല്ല.'
ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഉള്ളു പിടിയുന്നത് കവി കല്‌പറ്റ നാരായണനും ജോയ്‌മാത്യുവിനുമൊക്കെയാണ്. കോണ്‍ഗ്രസില്‍ കവികള്‍ക്ക് പഴയപോലെ കാര്യമായി ഇടമില്ലാത്തതുകൊണ്ട് പ്രതിപക്ഷത്തുനിന്നും ചില കവി ദത്തുപുത്രന്മാര്‍ സ്വീകരിക്കപ്പെടാനും ഇടയുണ്ട്! രാഷ്‌ട്രീയത്തില്‍ മാത്രമല്ല സാഹിത്യത്തിലും എത്തും, എപ്പോഴും സംഭവിക്കാം!
പായിപ്ര രാധാകൃഷ്‌ണന്‍