Thursday, March 12, 2026 Last Updated 42 Min 16 Sec ago English Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
Tuesday 10 Feb 2026 11.28 PM

പിണറായിക്ക് തുടര്‍ ഭരണം; സാംസ്‌കാരിക മേഖലയില്‍ ചേരിപ്പോരു തുടരുന്നു, സൈബര്‍ ലോകത്തെ വിഡ്ഢികള്‍ എന്തെന്ന് മനസിലാക്കുന്നില്ലെന്നു സച്ചിദാനന്ദന്‍

uploads/news/2026/02/824886/k-sachithanandan.jpg

പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനെതിരായ പ്രതികരണവുമായി ബന്ധപ്പെട്ട്‌ സാംസ്‌കാരിക മേഖലയില്‍ ചേരിപ്പോരു തുടരുന്നു. തുടര്‍ഭരണം നല്ലതല്ലെന്ന സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന്റെ നിലപാടിനെതിരേ സി.പി.എം. നേതാക്കളും സൈബറിടങ്ങളും ശക്‌തമായി രംഗത്തു വന്നിട്ടും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ അദ്ദേഹം.
അഭിമുഖം അടക്കമുള്ള മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന്‌ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും സച്ചിദാനന്ദന്‍ ആവര്‍ത്തിച്ചു. ഇതോടെയാണ്‌ കൂടുതല്‍ നേതാക്കളും സൈബര്‍ പോരാളികളും ഇടതുസഹയാത്രികനായ സച്ചിദാനന്ദനെതിരേ രംഗത്തുവന്നത്‌. ഇന്നലെ പങ്കുവച്ച സാമൂഹിക പോസ്‌റ്റിലും നിലപാടില്‍നിന്നു പിന്നോട്ടില്ലെന്ന നിലപാടാണ്‌ ആവര്‍ത്തിച്ചിട്ടുള്ളത്‌.
സച്ചിദാനന്ദന്റെ നിലപാടിന്‌ പിന്തുണയുമായി സാഹിത്യകാരി സാറാ ജോസഫാണ്‌ ആദ്യം രംഗത്തെത്തിയത്‌. പിണറായി 3.0 എന്ന ബ്രാന്‍ഡിങ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടിക്ക്‌ ദോഷം ചെയ്യുമെന്നായിരുന്നു സാറാ ജോസഫിന്റെ പ്രതികരണം.
ഭരണാധികാരത്തിലേക്ക്‌ വന്നത്‌ ഇടതുപക്ഷമാണ്‌, പിണറായി വിജയനല്ല. എല്ലാ കമ്യൂണിസ്‌റ്റ് പാര്‍ട്ടികളും നശിക്കുന്നത്‌ ഏകാധിപത്യത്തിലേക്ക്‌ പോകുമ്പോഴാണ്‌. ഭരണം മാറുന്നത്‌ ഇടതുപക്ഷത്തിനും ഗുണകരമാകുമെന്നും പ്രതികരിച്ചിരുന്നു. സാംസ്‌കാരിക രംഗത്തുനിന്നു സച്ചിദാനന്ദനെ വിമര്‍ശിച്ച്‌ ആദ്യം രംഗത്തെത്തിയത്‌ സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്റ്‌ അശോകന്‍ ചരുവിലായിരുന്നു. ചില ഘട്ടങ്ങളില്‍ രക്ഷിക്കാനും ചില ഘട്ടങ്ങളില്‍ നശിപ്പിക്കാനും ഇടതുപക്ഷത്തെ വിമര്‍ശിച്ച ചരിത്രമാണ്‌ വലിയ എഴുത്തുകാര്‍ക്കുള്ളതെന്നായിരുന്നു ചരുവിലിന്റെ വിമര്‍ശനം.
സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി കടുത്ത വിമര്‍ശനവുമായാണ്‌ ഇന്നലെ രംഗത്തുവന്നത്‌. സച്ചിദാനന്ദനും സാറാ ജോസഫിനുമെതിരേ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ കരിവെള്ളൂര്‍ മുരളിയുടെ രൂക്ഷ വിമര്‍ശനം. സാമാന്യ യുക്‌തിക്കു നിരക്കാത്ത രാഷ്‌ട്രീയ കൗശലം കേരളം സ്വീകരിക്കില്ലെന്നും സച്ചിദാനന്ദനെയും സാറാ ജോസഫിനെയും പോലുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഗൂഢപദ്ധതിയുടെഭാഗമായിത്തീരുകയാണെന്നും കരിവെള്ളൂര്‍ മുരളി കുറിച്ചു.
പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓര്‍മ്മയും യുക്‌തിയും നഷ്‌ടമാകുന്നുവെന്ന്‌ അടുത്തിടെയായി സച്ചിദാനന്ദന്‍തന്നെ പല തവണയായി ഏറ്റുപറഞ്ഞിട്ടുണ്ട്‌. അത്തരം വിചിത്രമായ ഒരു പ്രതികരണമായി കേരളം ഇതിനെ കണക്കാക്കുമെന്നും കരിവെള്ളൂര്‍ മുരളി വിമര്‍ശിച്ചു.അതേസമയം, നിലപാട്‌ കടുപ്പിച്ച്‌ സച്ചിദാനന്ദന്‍ ഇന്നലെ വീണ്ടും സര്‍ക്കാരിനെതിരേ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റുമായി രംഗത്തെത്തുകയായിരുന്നു.അദൃശ്യരേയും ശബ്‌ദമില്ലാത്തവരെയും കേള്‍ക്കുന്നതാണ്‌ യഥാര്‍ഥ ജനാധിപത്യമെന്നും മാര്‍ക്‌സിസത്തിനു മുന്നോട്ടുപോകാനുള്ള ഏക വഴി ഇതാണെന്നും സച്ചിദാനന്ദന്‍ കുറിച്ചു. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്‌തിപ്പെടുത്താന്‍ ശ്രമിക്കണം.അല്ലാതെ ഉപരി മധ്യ വര്‍ഗത്തെ വികസനം പറഞ്ഞ്‌ സന്തോഷിപ്പിക്കുകയാവരുത്‌. സൈബര്‍ ലോകത്തെ വിഡ്‌ഢികള്‍ തന്റെ വിമര്‍ശനം എന്തെന്ന്‌ മനസിലാക്കുന്നുപോലുമില്ല. അവര്‍ എന്നെ വായിച്ചിട്ടില്ല. എന്റെ പോരാട്ടങ്ങള്‍ എന്തെന്ന്‌ അറിയുന്നുമില്ല. അടിയന്തരാവസ്‌ഥ കാലത്തെ അറസ്‌റ്റ് മുതല്‍ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്നുള്ള രാജിവരെ വിശദമാക്കിയാണ്‌ സച്ചിദാനന്ദന്റെ കുറിപ്പ്‌.
ഒരു പദവിക്ക്‌ വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല. സൈബര്‍ ലോകത്തെ അജ്‌ഞരായ വിമര്‍ശകര്‍ക്ക്‌ വേണ്ടി ഇത്‌ വിശദീകരിക്കുന്നതില്‍ നാണക്കേടുണ്ടെന്നും സച്ചിദാനന്ദന്റെ കുറിപ്പില്‍ പറയുന്നു. അതേസമയം, ഇടതുപക്ഷ നേതാക്കള്‍ പ്രതികരണങ്ങളില്‍ കൂടുതല്‍ കരുതല്‍
പുലര്‍ത്തുന്നുണ്ട്‌. സച്ചിദാനന്ദന്റെ നിലപാടിനെ മുന്‍മന്ത്രി കെ.കെ. ശൈലജ തള്ളിക്കളഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതിനെ ഉള്‍ക്കൊള്ളുന്നുവെന്നായിരുന്നു സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. സച്ചിദാനന്ദന്‌ തെറ്റിദ്ധാരണയെന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. മുന്‍മന്ത്രി ടി.എം. തോമസ്‌ ഐസക്കും സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും കരുതലോടെയാണ്‌ പ്രതികരണങ്ങള്‍ നടത്തിയത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
ജിനേഷ്‌ പൂനത്ത്‌
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW