-->
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യന്‍ സന്ദര്‍ശനം സമാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലെ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്നത് സൃഷ്‌ടിച്ച ചെറിയൊരു അസ്വാരസ്യം മാറ്റിവെച്ച്, 2026-ലെ തന്റെ ആദ്യ വിദേശ യാത്രയ്‌ക്കായി മോദി ക്വാലാലംപൂര്‍ തെരഞ്ഞെടുത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള 'പ്രത്യേക' ബന്ധത്തിന്റെ ആഴം വ്യക്‌തമാക്കുന്നു. വെറുമൊരു ഔദ്യോഗിക സന്ദര്‍ശനത്തിനപ്പുറം, സാമ്പത്തിക പരിവര്‍ത്തനവും പ്രതിരോധ സഹകരണവും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമായാണ് ഇതിനെ വിലയിരുത്തേണ്ടത്.
കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യ-മലേഷ്യ ബന്ധത്തില്‍ പ്രകടമായിരുന്ന ചില കല്ലുകടികള്‍ പരിഹരിക്കാന്‍ ഈ സന്ദര്‍ശനം സഹായിച്ചിട്ടുണ്ട്. 2025-ല്‍ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇന്ത്യയില്‍ അല്‍പം നീരസമുണ്ടാക്കിയിരുന്നു. എന്നാല്‍, ക്വാലാലംപൂരില്‍ നടന്ന ചര്‍ച്ചകളില്‍ ഭീകരവാദത്തിനെതിരെ സന്ധിയില്ലാത്ത നിലപാട് ഇരുരാജ്യങ്ങളും സ്വീകരിച്ചത് ശ്രദ്ധേയമാണ്. 'ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പില്ല, വിട്ടുവീഴ്‌ചയുമില്ല' എന്ന മോദിയുടെ വാക്കുകളും, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ സംയുക്‌ത പ്രസ്‌താവനയില്‍ അപലപിച്ചതും ഇന്ത്യയുടെ നയതന്ത്ര വിജയമാണ്.
സെമികണ്ടക്‌ടര്‍ മേഖലയിലെ സഹകരണത്തിനായി ഒപ്പിട്ട പത്തൊന്‍പതോളം കരാറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'ഐ.ഐ.ടി. മദ്രാസ് ഗ്ലോബലും' 'അഡ്വാന്‍സ്‌ഡ് സെമികണ്ടക്‌ടര്‍ അക്കാദമി ഓഫ് മലേഷ്യയും' തമ്മിലുള്ള ധാരണയാണ്. ആധുനിക നിര്‍മാണ മേഖലയിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത് ഏഷ്യന്‍ സമ്പദ്‌വ്യവസ്‌ഥയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.
വ്യാപാര ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപയും മലേഷ്യന്‍ റിംഗിറ്റും ഉപയോഗിക്കാനുള്ള തീരുമാനം വിപ്ലവകരമാണ്. ഇത് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്‌ക്കുക മാത്രമല്ല, ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്യും. ഇന്ത്യയുടെ അമ്പരപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയെ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പ്രശംസിച്ചതും, ഇന്ത്യയുമായുള്ള സഹകരണം മലേഷ്യയ്‌ക്ക് ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടിയതും മാറുന്ന ആഗോള സാഹചര്യത്തിന്റെ തെളിവാണ്.
കരാറുകളിലെ വിശദാംശങ്ങള്‍:
പ്രധാന നാഴികക്കല്ലുകള്‍
ഇന്ത്യയും മലേഷ്യയും തമ്മില്‍ ഒപ്പിട്ട 11 ധാരണാപത്രങ്ങള്‍ വെറുമൊരു ഔദ്യോഗിക നടപടിയല്ല, മറിച്ച് വരും ദശകങ്ങളിലെ സാമ്പത്തിക-സാങ്കേതിക സഹകരണത്തിനുള്ള ബ്ലൂപ്രിന്റാണ്. ഇതിലെ പ്രധാന മേഖലകള്‍ താഴെ പറയുന്നവയാണ്:
സെമികണ്ടക്‌ടര്‍ ഇക്കോസിസ്‌റ്റം: ആഗോള ചിപ്പ് നിര്‍മാണ രംഗത്ത് മലേഷ്യക്കുള്ള കരുത്തും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ആവശ്യകതയും കൂട്ടിമുട്ടിക്കുന്നതാണ് ഈ കരാര്‍. ഐ.ഐ.ടി. മദ്രാസ് ാേബലും മലേഷ്യയിലെ അഡ്വാന്‍സ്‌ഡ് സെമികണ്ടക്‌ടര്‍ അക്കാദമിയും തമ്മിലുള്ള സഹകരണം ഈ രംഗത്തെ വിദഗ്‌ധരെ വാര്‍ത്തെടുക്കാന്‍ സഹായിക്കും.
ഡിജിറ്റല്‍ സാങ്കേതികവിദ്യ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ക്ല ൗഡ് കമ്പ്യൂട്ടിങ് എന്നിവയില്‍ സംയുക്‌ത ഗവേഷണങ്ങള്‍ക്കും ഡിജിറ്റല്‍ അടിസ്‌ഥാന സൗകര്യ വികസനത്തിനും പുതിയ കരാറുകള്‍ വഴിതുറക്കും.
ആരോഗ്യവും മരുന്നും: പൊതുജനാരോഗ്യം, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളില്‍ സഹകരിക്കാനും ആധുനിക മരുന്നുകളുടെ ഉല്‍പാദനത്തില്‍ പങ്കാളികളാകാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഭക്ഷ്യസുരക്ഷ: ആഗോളതലത്തില്‍ ഭക്ഷ്യവില വര്‍ധിക്കുന്ന സാഹചര്യത്തില്‍, കാര്‍ഷിക ഉല്‍പന്നങ്ങളുടെ സുഗമമായ വ്യാപാരത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക പ്രാധാന്യം നല്‍കുന്നു.
തൊഴിലും വിദ്യാഭ്യാസവും: തൊഴില്‍ മേഖലയിലെ നൈപുണ്യ വികസനത്തിനും, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൈമാറ്റത്തിനും പുതിയ പാതകള്‍ തുറക്കപ്പെട്ടു.
പ്രതിരോധവും ഇന്തോ-പസഫിക് സുരക്ഷയുംഇന്തോ-പസഫിക് മേഖലയിലെ സമാധാന വും സ്‌ഥിരതയും ഇരുരാജ്യങ്ങളുടെയും മുന്‍ഗണനയാണെന്ന് മോദി വ്യക്‌തമാക്കി. സമുദ്ര സുരക്ഷ, ഇന്റലിജന്‍സ് പങ്കിടല്‍, കൗണ്ടര്‍ ടെററിസം എന്നീ മേഖലകളില്‍ സഹകരണം ശക്‌തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. യു.എന്‍. രക്ഷാ സമിതിയില്‍ ഇന്ത്യയ്‌ക്ക് സ്‌ഥിരാംഗത്വം ലഭിക്കുന്നതിനെ മലേഷ്യ പിന്തുണച്ചത് ദീര്‍ഘകാലമായുള്ള ഇന്ത്യയുടെ ആവശ്യത്തിനുള്ള അംഗീകാരമാണ്. മലേഷ്യയിലെ ഇന്ത്യന്‍ വംശജരായ നേതാക്കളുമായും മന്ത്രിമാരുമായും പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്‌ചകള്‍ ഊഷ്‌മളമായിരുന്നു. മലേഷ്യയുടെ ഡിജിറ്റല്‍ മന്ത്രി ഗോവിന്ദ് സിങ് ദേവ്, രാമന്‍ രാമകൃഷ്‌ണന്‍ തുടങ്ങിയ പ്രമുഖരുമായുള്ള ചര്‍ച്ചകള്‍ പ്രവാസി സമൂഹത്തിന്റെ പ്രാധാന്യം അടിവരയിടുന്നു. മലേഷ്യയില്‍ പുതിയൊരു ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് സ്‌ഥാപിക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും.
സന്ദര്‍ശനം വന്‍ വിജയമാണെങ്കിലും ചില തര്‍ക്കവിഷയങ്ങള്‍ നയതന്ത്രപരമായി ഇരുപക്ഷവും ഒഴിവാക്കി. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സക്കീര്‍ നായിക്കിന്റെ വിഷയം പരസ്യമായി ചര്‍ച്ച ചെയ്‌തില്ല. അതുപോലെ, ആസിയാന്‍ വ്യാപാര കരാറായ 'ഐ.ടി.ഐ.ജി.എ.' അവലോകനം വേഗത്തിലാക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ബ്രിക്‌സ് കൂട്ടായ്‌മയില്‍ മലേഷ്യയുടെ താല്‍പര്യത്തോട് ഇന്ത്യ ക്രിയാത്മകമായാണ് പ്രതികരിച്ചത്.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇന്ത്യയുടെ 'ആക്‌ട് ഈസ്‌റ്റ്' പോളിസിക്ക് പുതിയ ഊര്‍ജം നല്‍കുന്നതാണ് ഈ സന്ദര്‍ശനം. ഭൂതകാലത്തെ തര്‍ക്കങ്ങള്‍ മറന്ന്, സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങള്‍ക്കായി കൈകോര്‍ക്കാന്‍ ഡല്‍ഹിയും ക്വാലാലംപൂരും തീരുമാനിച്ചത് ഇന്തോ-പസഫിക് മേഖലയുടെ വളര്‍ച്ചയ്‌ക്ക് നിര്‍ണായകമാകും.
കെ.ജെ. ജോര്‍ജ്