Thursday, March 12, 2026 Last Updated 46 Min 20 Sec ago English Edition
Todays E paper
Ads by Google
ശശി തരൂര്‍ എം.പി.
Tuesday 10 Feb 2026 11.28 PM

ബഹിരാകാശക്കരുത്തിന്‌ ആത്മപരിശോധനയുടെ കാലം

uploads/news/2026/02/824884/Shashi-tharoor.jpg

പതിറ്റാണ്ടുകളായി ഭാരതത്തിന്റെ ശാസ്‌ത്ര ഗവേഷണ രംഗത്തെ കിരീടത്തിലെ പൊന്‍തൂവലാണ്‌ ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐ.എസ്‌.ആര്‍.ഒ). ആഗോള ബഹിരാകാശ സമൂഹത്തില്‍, വന്‍കിട ശക്‌തികളെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ്‌ ഐ.എസ്‌.ആര്‍.ഒ. എന്നും കാഴ്‌ചവച്ചിട്ടുള്ളത്‌. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ 'മംഗള്‍യാന്‍', ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി പേടകമിറക്കിയ 'ചന്ദ്രയാന്‍-3' എന്നിവയിലൂടെ ലോകത്തെ വിസ്‌മയിപ്പിക്കാന്‍ ഇന്ത്യക്കായി. ഹോളിവുഡ്‌ ബഹിരാകാശ സിനിമകളുടെ മാര്‍ക്കറ്റിങ്‌ ബജറ്റിനേക്കാള്‍ കുറഞ്ഞ ചെലവിലാണ്‌ ഇന്ത്യ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചതെന്നത്‌ ശ്രദ്ധേയമാണ്‌.
എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായ മൂന്ന്‌ പ്രധാന ദൗത്യപരാജയങ്ങള്‍ ഐ.എസ്‌.ആര്‍.ഒയുടെ സല്‍പ്പേരിന്‌ മങ്ങലേല്‍പ്പിച്ചിരിക്കുന്നു. പി.എസ്‌.എല്‍.വി. റോക്കറ്റുകളുടെ തുടര്‍ച്ചയായ രണ്ട്‌ പരാജയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കുറഞ്ഞ ചെലവും അചഞ്ചലമായ വിശ്വാസ്യതയും മുഖമുദ്രയാക്കിയ ഒരു സ്‌ഥാപനത്തിന്‌ ഇത്‌ വെറുമൊരു സാങ്കേതിക തകര്‍ച്ച മാത്രമല്ല;ആഗോള വിപണിയിലെ ഇന്ത്യയുടെ സ്‌ഥാനത്തെ ബാധിക്കുന്ന വലിയൊരു പ്രതിസന്ധി കൂടിയാണ്‌.
കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിന്റെ നട്ടെല്ലാണ്‌ പി.എസ്‌.എല്‍.വി. ഏകദേശം 400 വിദേശ ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ചതിലൂടെ ഇന്ത്യക്ക്‌ വലിയൊരു വരുമാനവും ഇത്‌ നേടിക്കൊടുത്തു. എന്നാല്‍, കഴിഞ്ഞ മേയ്‌ മാസത്തിലെ പി.എസ്‌.എല്‍.വി.-സി 61 ദൗത്യത്തിലും, ഇക്കഴിഞ്ഞ ജനുവരിയിലെ പി.എസ്‌.എല്‍.വി.-സി 62 ദൗത്യത്തിലും മൂന്നാം ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറുകള്‍ ഭൗമ നിരീക്ഷണ-പ്രതിരോധ ഉപഗ്രഹങ്ങളുടെ നഷ്‌ടത്തിന്‌ കാരണമായി.
ഐ.എസ്‌.ആര്‍.ഒയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിയുന്നതാണോ ഇത്തരം വീഴ്‌ചകള്‍ക്ക്‌ കാരണം എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുക എന്നതായിരുന്നു വിക്രം സാരാഭായി വിഭാവനം ചെയ്‌ത ബഹിരാകാശ പദ്ധതികളുടെ കാതല്‍. ടെലിമെഡിസിന്‍ വഴി ഗ്രാമങ്ങളില്‍ ചികിത്സ എത്തിക്കാനും, റിമോട്ട്‌ ലേണിങ്ങിലൂടെ വിദ്യാര്‍ത്ഥികളെ ശാക്‌തീകരിക്കാനും ഇന്‍സാറ്റ്‌ ഉപഗ്രഹങ്ങള്‍ സഹായിച്ചു. പഞ്ചാബിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകര്‍ക്ക്‌ 'റിസോഴ്‌സ്‌സാറ്റ്‌' വിവരങ്ങള്‍ കൃഷി പരിപാലനത്തിന്‌ തുണയാകുന്നു. ചുഴലിക്കാറ്റ്‌ പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും ലക്ഷക്കണക്കിന്‌ ജീവന്‍ രക്ഷിക്കാനും നമ്മുടെ ബഹിരാകാശ സാങ്കേതികവിദ്യക്ക്‌ കഴിയുന്നുണ്ട്‌.
സാമ്പത്തിക രംഗത്തും ഐ.എസ്‌.ആര്‍.ഒ. വലിയ ചലനമുണ്ടാക്കുന്നു. ആയിരക്കണക്കിന്‌ ശാസ്‌ത്രജ്‌ഞര്‍ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും ഇത്‌ തൊഴില്‍ നല്‍കുന്നു. പ്രധാനമന്ത്രിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്‌' എന്ന കാഴ്‌ചപ്പാടിന്‌ എത്രയോ മുന്‍പേ പി.എസ്‌.എല്‍.വി. പോലുള്ള സാങ്കേതികവിദ്യകളിലൂടെ ഇന്ത്യ സ്വയംപര്യാപ്‌തത നേടിയിരുന്നു. 'ന്യൂ സ്‌പേസ്‌ ഇന്ത്യ ലിമിറ്റഡ്‌' വഴി വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്‌ വലിയ അളാവില്‍ വിദേശനാണ്യം രാജ്യത്തേക്ക്‌ ഒഴുകുന്നു. വന്‍ശക്‌തികളോടൊപ്പം തുല്യനിലയില്‍ ഇടപെടാന്‍ ഈ നേട്ടങ്ങള്‍ ഇന്ത്യയെ സഹായിക്കുന്നുണ്ട്‌.
എങ്കിലും, സമീപകാലത്തെ വീഴ്‌ചകള്‍ ഗൗരവകരമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്‌. പരീക്ഷണങ്ങള്‍ അതിവേഗം വാണിജ്യവല്‍ക്കരിക്കാനുള്ള സമ്മര്‍ദം, രാജ്യാന്തര തലത്തിലുള്ള പ്രതിച്‌ഛായ വര്‍ദ്ധിപ്പിക്കാനുള്ള ദൗത്യങ്ങള്‍ (പ്രസ്‌റ്റീജ്‌ പ്രോജക്‌ടുകള്‍), മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കാനുള്ള പദ്ധതികള്‍ എന്നിവയ്‌ക്കിടയില്‍ ഗുണനിലവാര പരിശോധനയില്‍ വിട്ടുവീഴ്‌ചകള്‍ സംഭവിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കണം. ബജറ്റ്‌ പരിമിതികള്‍ക്കിടയിലും മികവ്‌ പുലര്‍ത്തുക എന്നത്‌ ഇന്ത്യയുടെ പ്രത്യേകതയായിരുന്നെങ്കിലും, ഇന്ന്‌ പ്രതിരോധ-സുരക്ഷാ മേഖലയില്‍ ബഹിരാകാശത്തിന്റെ പ്രാധാന്യം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ വിഭവങ്ങള്‍ ആവശ്യമാണ്‌.
കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ പിന്നാക്കാവസ്‌ഥ വ്യക്‌തമാകും. ബഹിരാകാശ മേഖലയ്‌ക്കായി ഇന്ത്യ പ്രതിവര്‍ഷം 200 കോടി ഡോളര്‍ ചെലവഴിക്കുമ്പോള്‍ ചൈന 1600 കോടിയും അമേരിക്ക 2500 കോടിയും ചെലവഴിക്കുന്നു. ഭൗമ നിരീക്ഷണത്തിനായി ചൈനയ്‌ക്ക്‌ ആയിരത്തിലധികം ഉപഗ്രഹങ്ങളുള്ളപ്പോള്‍ ഇന്ത്യക്ക്‌ 21 എണ്ണം മാത്രമാണുള്ളത്‌. അയല്‍രാജ്യമായ പാകിസ്‌താന്‌ ചൈന നല്‍കുന്ന സാങ്കേതിക സഹായവും ഇന്ത്യക്ക്‌ വെല്ലുവിളിയാണ്‌.വിക്ഷേപണങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും ദീര്‍ഘമായ തയ്യാറെടുപ്പ്‌ സമയവും ആഗോള വിപണിയില്‍ ഇന്ത്യയുടെ സ്വാധീനം കുറച്ചു. 2017-ല്‍ ചെറുകിട ഉപഗ്രഹ വിപണിയുടെ 35 ശതമാനം ഇന്ത്യയുടെ കൈവശമായിരുന്നെങ്കില്‍, 2024 ആയപ്പോഴേക്കും അത്‌ ഏകദേശം പൂജ്യമായി കുറഞ്ഞു. മറ്റ്‌ രാജ്യങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും വിപണി കീഴടക്കിയപ്പോള്‍ ഇന്ത്യ വന്‍കിട പദ്ധതികളുടെ പുറകെയായിരുന്നു.
ഇപ്പോള്‍ ഒരു നയപരമായ മാറ്റം അനിവാര്യമാണ്‌. പി.എസ്‌.എല്‍.വിയുടെ ഉല്‍പാദനത്തിലും പരിശോധനയിലും അടിയന്തരമായ പുനര്‍ചിന്തനം വേണം. വിക്ഷേപണ വിപണിയില്‍ ഇന്ത്യയുടെ ആധിപത്യം തിരിച്ചുപിടിക്കണം. ഒപ്പം സൈനിക-പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ബഹിരാകാശ നയത്തില്‍ കൂടുതല്‍ വ്യക്‌തത കൊണ്ടുവരികയും വേണം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ പദ്ധതികള്‍ എന്നത്‌ ഒരു ആഡംബരമല്ല, മറിച്ച്‌ വികസനത്തിനുള്ള ഉപാധിയും സുരക്ഷാ കവചവുമാണ്‌. മുന്‍പും വെല്ലുവിളികളെ അതിജീവിച്ച ചരിത്രമാണ്‌ ഐ.എസ്‌.ആര്‍.ഒയുടേത്‌. കൃത്യമായ ലക്ഷ്യബോധത്തോടെയും ആവശ്യമായ വിഭവങ്ങള്‍ ഉറപ്പാക്കിയും മുന്നോട്ട്‌ പോയാല്‍, ആകാശത്തെ നമ്മുടെ കണ്ണ്‌ ഇനിയും തിളക്കത്തോടെ നിലനില്‍ക്കും. ഇന്ത്യയുടെ പരിവര്‍ത്തന ചരിത്രത്തിലെ പുതിയ അധ്യായമായി ബഹിരാകാശ കുതിപ്പ്‌ മാറട്ടെ.

ശശി തരൂര്‍ എം.പി. www.project-syndicate.org

Ads by Google
ശശി തരൂര്‍ എം.പി.
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW