-->
അടിമാലി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ തന്നെ മത്സരിക്കുമെന്നു മന്ത്രി റോഷി അഗസ്‌റ്റിന്‍. എല്‍.ഡി.എഫ്. മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. താങ്കള്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനു 'പാര്‍ട്ടി തീരുമാനിക്കുന്നത് പോലെ' എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ജോസ് കെ. മാണിയുടെ മറുപടി. ഈ ഘട്ടത്തിലാണ് ഉറപ്പായും ഈ തെരഞ്ഞെടുപ്പില്‍ പാലായില്‍ തന്നെ ജോസ് കെ. മാണി മത്സരിക്കുമെന്നും സമയമാകുമ്പോള്‍ പാര്‍ട്ടി ഔദ്യോഗികമായി അറിയിക്കുമെന്നും റോഷി അഗസ്‌റ്റിന്‍ പറഞ്ഞത്. ജോസ് കെ. മാണി യു.ഡി.എഫുമായി ചര്‍ച്ച നടത്തിയതായുള്ള മാണി സി. കാപ്പന്റെ പ്രസ്‌താവനയ്‌ക്കുള്ള മറുപടിയും ജോസ് കെ. മാണി പറഞ്ഞു. 'വികസന കാര്യത്തില്‍ മാണി സി. കാപ്പന്‍ വളരെ പിന്നോട്ടാണ്. സ്വന്തം കഴിവുകേട് അംഗീകരിക്കാനും തുറന്നു പറയാനും ജാള്യമില്ലാത്ത വ്യക്‌തിയാണ് മാണി സി. കാപ്പന്‍.'- ജോസ് കെ. മാണി പറഞ്ഞു.