Saturday, March 14, 2026 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

പുനലൂര്‍- മൂവാറ്റുപുഴ റോഡ്‌ നിര്‍മാണത്തില്‍ അഴിമതിയെന്ന്‌ വിജിലന്‍സ്‌; നടപടിക്കു ശിപാര്‍ശ

പത്തനംതിട്ട: പുനലൂര്‍- മൂവാറ്റുപുഴ സംസ്‌ഥാന പാതയില്‍ കോന്നി- പ്ലാച്ചേരി റീച്ചിന്റെ നിര്‍മാണത്തില്‍ അഴിമതി നടന്നതായി വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌.
റോഡ്‌ നിര്‍മാതാക്കള്‍ റോഡ്‌ പുനര്‍നിര്‍മ്മിക്കണമെന്നും ഇത്‌ നടപ്പാക്കിയില്ലെങ്കില്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. അഴിമതിക്ക്‌ കൂട്ടുനിന്ന കണ്‍സള്‍ട്ടിങ്‌ കമ്പനിക്കെതിരേയും കെ.എസ്‌.ടി.പി. ഉദ്യോഗസ്‌ഥര്‍ക്കെതിരേയും നടപടി വേണമെന്നും നിര്‍ദേശം. 30 കിലോമീറ്ററിലധികം ദൂരമുള്ള കോന്നി - പ്ലാച്ചേരി റീച്ചില്‍ വിജിലന്‍സ്‌ വ്യാപകമായ പരിശോധനയാണ്‌ നടത്തിയത്‌. അന്വേഷണത്തിന്റെ ഭാഗമായി റോഡിന്റെ പത്തു മേഖലകളില്‍ നിന്നും ബിറ്റുമിന്‍ കോണ്‍ക്രീറ്റ്‌ പാളികളും ബിറ്റുമിന്‍ മെക്കാഡം പാളികളും ഇളക്കിയെടുത്തിരുന്നു. ഈ സാമ്പിളുകള്‍ കെ.എച്ച്‌.ആര്‍.ഐ. ലബോറട്ടറിയില്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോള്‍ പാളികള്‍ക്കു ഘനം വളരെ കുറവാണെന്ന്‌ കണ്ടെത്തി. 40 ടണ്‍ ഭാരം ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധത്തിലല്ല ടാറിങ്‌ നടന്നതെന്ന്‌ ഇതു വ്യക്‌തമാക്കുന്നു.
നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച സ്‌ഥാപനവും ഗുരുതര കൃത്യവിലോപം നടത്തിയതായി വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ ഗുണ നിലവാരം പരിശോധിക്കാനാണ്‌ കെ.എസ്‌.ടി.പി. 12.28 കോടി രൂപ കരാറില്‍ ഈ സ്‌ഥാപനത്തെ ചുമതലപ്പെടുത്തിയത്‌. എന്നാല്‍ നിര്‍മാണ കമ്പനിയും കണ്‍സള്‍ട്ടിങ്‌ കമ്പനിയും തമ്മില്‍ ഒത്തുകളിച്ചതിനാല്‍ വന്‍ നഷ്‌ടമാണുണ്ടായത്‌. ആനുപാതിക തുക കണ്‍സള്‍ട്ടിങ്‌ കമ്പനിയില്‍ നിന്നും ഈടാക്കാനും വിജലിന്‍സ്‌ നിര്‍ദേശം നല്‍കി.
റോഡ്‌ നിര്‍മാണത്തിനായി പാറ പൊട്ടിച്ചു മാറ്റുന്നതിന്‌ 7.25 കോടി രൂപയാണ്‌ നല്‍കിയത്‌. എന്നാല്‍ ഖനനം വേണ്ട വിധത്തില്‍ നടന്നില്ലെന്നു വിജിലന്‍സ്‌ കണ്ടെത്തി. നല്‍കിയ തുകയില്‍ നിന്നും 6.96 കോടി തിരികെ പിടിക്കാന്‍ കെ. എസ്‌. ടി. പി. തീരുമാനിച്ചതായാണ്‌ അറിയുന്നത്‌. റോഡ്‌ നിര്‍മാണത്തിനു ശേഷം അധികം വന്ന 46,315 മെട്രിക്‌ ടണ്‍ മണ്ണ്‌ മറിച്ചു വില്‍ക്കുമെന്നാണ്‌ കരാര്‍ കമ്പനി നേരത്തെ പറഞ്ഞത്‌. ഈ തുക കെ.എസ്‌.ടി.പിക്ക്‌ തിരികെ ലഭിക്കേണ്ടതാണ്‌. എന്നാല്‍ റോഡ്‌ നിര്‍മാണം കഴിഞ്ഞ്‌ രണ്ടു വര്‍ഷമായിട്ടും 10 യാര്‍ഡുകളിലായി ഈ മണ്ണ്‌ കൂട്ടിയിട്ടിരിക്കുകയാണ്‌. ഈ മണ്ണ്‌ തിരിച്ചുപിടിക്കണമെന്നും വിജിലന്‍സ്‌ നിര്‍ദേശിച്ചു. റോഡിന്‌ ആവശ്യത്തിനു വീതിയില്ല, മാനദണ്ഡങ്ങള്‍ പാലിച്ചില്ല തുടങ്ങിയ കാര്യങ്ങളും വിജിലന്‍സ്‌ റിപ്പോര്‍ട്ടിലുണ്ട്‌.
റോഡ്‌ നിര്‍മാണത്തില്‍ സംഭവിച്ച ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി റാന്നി സ്വദേശി അനില്‍ കാറ്റാടിക്കല്‍ 2021 നവംബര്‍ മുതല്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത്‌ മന്ത്രിക്കും കെ.എസ്‌.ടി.പിക്കും നിരവധി കത്തുകള്‍ എഴുതിയിരുന്നു. ഇതേത്തുടര്‍ന്ന്‌ വിജിലന്‍സ്‌ നടത്തിയ ആദ്യ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. അനില്‍ ഗവര്‍ണര്‍ക്ക്‌ പരാതി അയച്ചതിനെത്തുടര്‍ന്നാണ്‌ വിജിലന്‍സിന്റെ കാര്യക്ഷമമായ ഇടപെടലുണ്ടായത്‌.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW