-->
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മിഷണറും മുന്‍ പ്രസിഡന്റുമായ എന്‍. വാസുവിന്റെ ജാമ്യ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.
റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞതോടെയാണു സ്വഭാവിക ജാമ്യം തേടി പ്രതി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ എസ്.ഐ.ടി. കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍. വാസു. ഇതേസമയം ദേവസ്വം മുന്‍ പ്രസിഡന്റും സി.പി.എം. നേതാവുമായ എ. പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
തന്ത്രി കണ്‌ഠര് രാജീവരുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ ഈ മാസം 18ന് വിധി പറയും. തന്ത്രിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എസ്.ഐ.ടി. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തിക സ്രോതസിന്റെ തെളിവുകളടക്കം കോടതിയില്‍ ഹാജരാക്കി. തന്ത്രിയുടെ കുടുംബാംഗങ്ങളുടെ സ്വത്തു വിവരങ്ങളും ഹാജരാക്കി. സ്വകാര്യ ധനകാര്യ സ്‌ഥാപനത്തില്‍ ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടേയും നിക്ഷേപമുണ്ടെന്ന് എസ്.ഐ.സി. പറയുന്നു. സമാനരീതിയില്‍ മറ്റു സ്‌ഥാപനങ്ങളിലും നിക്ഷേപമുണ്ട്. ഈ വലിയ സാമ്പത്തിക സ്രോതസസ്സ് വന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
തന്ത്രി കണ്‌ഠര് രാജീവര്‍ക്ക് സ്വര്‍ണക്കൊള്ള കേസില്‍ വളരെ വലിയ ബന്ധമുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബംഗളൂരുവിലെ ശ്രീരാമപുര ക്ഷേത്രത്തില്‍വച്ചാണ് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ തന്ത്രി പരിചയപ്പെടുന്നത്. താന്ത്രിക വിധി പ്രകാരം മാത്രമല്ല തന്ത്രി ശബരിമലയില്‍ ഇടപെടുന്നത്. തന്ത്രിക്ക് സ്വര്‍ണക്കൊള്ള തടയാമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ താന്ത്രിക വിധി പ്രകാരമുള്ള ഇടപെടലുകള്‍ മാത്രമാണ് ശബരിമലയില്‍ നടത്തിയിട്ടുള്ളതെന്നും ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ഇടപെടുന്നതെന്നും തന്ത്രി വാദിച്ചു. ദേവസ്വം ബോര്‍ഡാണ് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സ്വര്‍ണക്കൊള്ള കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും തന്ത്രി ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു.