-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ജൂവലറി ഉടമ ഗോവര്‍ധനു തിരിച്ചടി. അന്വേഷണം നടക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്‌തമാക്കി സുപ്രീം കോടതി, ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി. കുറ്റപത്രം അടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ജസ്‌റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി തള്ളിയത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഗോവര്‍ധന്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. താന്‍ അയ്യപ്പഭക്‌തനാണെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും ഗോവര്‍ധന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണു കര്‍ണാടകയിലെ ബെല്ലാരിയിലുള്ള ജൂവലറി ഉടമ ഗോവര്‍ധനെ എസ്.ഐ.ടി. അറസ്‌റ്റ് ചെയ്‌തത്. കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കു പലപ്പോഴായി ഒന്നരക്കോടി രൂപ നല്‍കിയെന്നു ഗോവര്‍ധന്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിട്ടുണ്ട്.
പണം നല്‍കിയതിന്റെ തെളിവുകളും ഗോവര്‍ധന്‍ എസ്.ഐ.ടിക്കു കൈമാറിയിരുന്നു. ബോധപൂര്‍വം തട്ടിപ്പിനു കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്നു പറഞ്ഞാണു പലപ്പോഴും പണം നല്‍കിയതെന്നും സുഹൃത്തെന്ന നിലയിലാണു സ്വര്‍ണം വാങ്ങിയതെന്നും ഗോവര്‍ധന്റെ മൊഴിയില്‍ പറയുന്നു. ശബരിമലയിലെ സ്വര്‍ണമാണെന്നും അതു ദേവസ്വം സ്വത്താണെന്നും വ്യക്‌തമായി അറിഞ്ഞാണു ഗോവര്‍ധന്‍ തട്ടിപ്പിനു കൂട്ടുനിന്നതെന്നാണ് എസ്.ഐ.ടിയുടെ നിലപാട്.