-->
തിരുവനന്തപുരം/കോട്ടയം: വിഴിഞ്ഞം സമരത്തിനു പിന്നില്‍ ദുബായ്, കൊളംബോ തുറമുഖങ്ങളുടെ ഒത്താശയുണ്ടായിരുന്നെന്നു തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഈ പരാമര്‍ശത്തിനെതിരേ ലത്തീന്‍ അതിരൂപതയും മത്സ്യത്തൊഴിലാളി സംഘടനകളും രംഗത്ത്. വിഴിഞ്ഞം സമരത്തില്‍ തോക്ക് എടുക്കേണ്ട ഒട്ടേറെ ഘട്ടങ്ങളുണ്ടായെന്നും കേരള പോലീസ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മളനം ഉദ്‌ഘാടനം ചെയ്യവേ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
' പോലീസ് സേന സംയമനത്തിന്റെയും സഹിഷ്‌ണുതയുടെയും സമീപനം സ്വീകരിച്ചതിന്റെ ഫലമാണു വിഴിഞ്ഞം തുറമുഖം. ഒരു വെടിവയ്‌പുണ്ടായാല്‍ തകിടം മറിയുമായിരുന്നു. ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നു പ്രതിപക്ഷവും പറഞ്ഞതാണ്. രണ്ടാം വിമോചന സമരമാണ് അവര്‍ പ്രഖ്യാപിച്ചത്. സമരത്തിന് പിന്നില്‍ ദുബായ്, കൊളംബോ പോര്‍ട്ടുകളായിരുന്നു. അവരുടെ ബിസിനസ് നഷ്‌ടപ്പെടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. മാസങ്ങളോളം നീണ്ടുനിന്ന സമരമുഖത്ത് പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ ഗര്‍ഭിണികളായ സ്‌ത്രീകളെ മുന്നില്‍ നിര്‍ത്തി. പോലീസ് സ്‌റ്റേഷനില്‍ കയറി കമ്പ്യൂട്ടറും ടിവിയും തകര്‍ത്തു. കേസ് ഡയറി തീയിട്ട് നശിപ്പിച്ചു. പോലീസുകാരെ ആക്രമിച്ചു കൈയും കാലും ഒടിച്ചു. 40 പോലീസുകാര്‍ക്ക് സാരമായി പരുക്കേറ്റു. എന്നിട്ടും പോലീസ് സേന തോക്കെടുത്തില്ല.'- മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്‌താവന അപലപനീയവും അടിസ്‌ഥാനരഹിതവുമാണെന്നു ലത്തീന്‍ അതിരൂപത പറഞ്ഞു.
സമരമുഖത്ത് നടന്ന പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഫാ.യൂജിന്‍ പെരേര ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ഏഴ് ആവശ്യങ്ങള്‍ നടപ്പിലാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ ഫ്‌ലാറ്റിലേക്ക് മാറ്റിപ്പാര്‍പ്പിക്കുക മാത്രമാണ് ചെയ്‌തതെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.
മന്ത്രി വി.എന്‍.വാസവന്റെ പ്രസ്‌താവന അപലപനീയവും അടിസ്‌ഥാനരഹിതവുമാണെന്നു മത്സ്യത്തൊഴിലാളി സംഘടനകളും ആരോപിച്ചു. പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും ജീവിതത്തെയും കടലിന്റെ ജൈവാവാസ വ്യവസ്‌ഥകളെയും തകര്‍ത്തുകൊണ്ട് ആശാസ്‌ത്രീയമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫലമായി മുന്നൂറിലേറെ കുടുംബങ്ങള്‍ക്കു വീട് നഷ്‌ടമായി.
3 വര്‍ഷത്തിലേറെ ഗോഡൗണുകളിലും സ്‌കൂളുകളിലും താമസിച്ച കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ സമരത്തിലൂടെയാണു സര്‍ക്കാര്‍ തയാറായതെന്നും സംഘടനകള്‍ പറഞ്ഞു. നിരുത്തരവാദപരമായ പ്രസ്‌താവന തെളിയിക്കാന്‍ മന്ത്രി വാസവന്‍ തയാറാകണമെന്നു വെളളയമ്പലത്തു ചേര്‍ന്ന മത്സ്യത്തൊഴിലാളി സംഘടനകള്‍, സമുദായ സംഘടനകള്‍, വനിത സംഘടനകള്‍ എന്നിവയുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.