-->
കൊച്ചി ; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) യു.ബി. ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യയുടെ മൊഴിയെടുക്കും. സാമ്പത്തിക വെട്ടിപ്പിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കു വരാന്‍ കഴിയാതെ യു.കെയിലാണു വിജയ് മല്യ ഇപ്പോള്‍.
യു.കെയിലെത്തി മൊഴി രേഖപ്പെടുത്തുന്നതിന് എസ്.ഐ.ടി. ഹൈക്കോടതിയുടെ അനുമതി തേടും. ശബരിമല ശ്രീകോവിലില്‍ പൂശുന്നതിനായി നല്‍കിയ സ്വര്‍ണത്തിന്റെ അളവും മറ്റു വിവരങ്ങളും അറിയാനാണു മൊഴിയെടുക്കുന്നത്. വിജയ് മല്യയുടെ മൊഴി കുറ്റപത്രത്തില്‍ അനിവാര്യമാണെന്ന നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണു നീക്കം. ഹൈക്കോടതി അനുമതി ലഭിച്ചാല്‍, കേന്ദ്രസര്‍ക്കാര്‍ വഴി വിജയ് മല്യയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയുമെന്നാണു കരുതുന്നത്.
നേരിട്ടു സമീപിച്ചോ എംബസി വഴി ചോദ്യാവലി അയച്ചു കൊടുത്തോ മൊഴിയെടുക്കാനാണു ഉദ്ദേശിക്കുന്നത്. ശ്രീകോവിലിന്റെ സ്വര്‍ണം പൊതിയലിനൊപ്പമാണു ദ്വാരപാലകര്‍, പ്രധാന വാതില്‍, വശങ്ങളിലുള്ള ആനയുടെ രൂപം കൊത്തിയ തകിടുകള്‍ എന്നിവയും സ്വര്‍ണം പൊതിഞ്ഞത്. ഇതിനെല്ലാംകൂടി 31.25 കിലോ സ്വര്‍ണവും 1904 കിലോ ചെമ്പുപാളികളും ഉപയോഗിച്ചതായാണു വിവരം. എന്നാല്‍, കൃത്യമായി രേഖപ്പെടുത്തിയ രേഖകളില്ല. ഈ സാഹചര്യത്തില്‍ വിജയ് മല്യയുടെ മൊഴി നിര്‍ണായകമാണ്. അദ്ദേഹത്തെ സാക്ഷിയാക്കാനാണു തീരുമാനം.
ഏറ്റവും ഗുണനിലവാരമുള്ള 24 കാരറ്റ് സ്വര്‍ണക്കട്ടികള്‍ വിജയ് മല്യ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നു വരുത്തുകയായിരുന്നു എന്നാണു 1998-ല്‍ സന്നിധാനത്തുവന്നു പണികള്‍ക്കു നേതൃത്വം കൊടുത്ത മൈലാപ്പൂര്‍ ജെ.എന്‍.ആര്‍. ജൂവലറി ഉടമ നാഗരാജിന്റെ മൊഴി. പണിയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള 53 ശില്‍പികള്‍ ഏര്‍പ്പെട്ടിരുന്നു. നാഗരാജനും സംഘവും മൂന്നരമാസം കൊണ്ടാണു 31.25 കിലോഗ്രാം സ്വര്‍ണത്തില്‍ ശ്രീകോവില്‍, ദ്വാരപാലകശില്‍പങ്ങള്‍ തുടങ്ങിയവ അടക്കം സ്വര്‍ണംപൊതിയില്‍ പൂര്‍ത്തിയാക്കിയത്.
ബാക്കി വന്ന സ്വര്‍ണത്തിനു കണക്കില്ല. 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പുമാണു ശ്രീകോവില്‍, മേല്‍ക്കൂര, ദാരുശില്‍പങ്ങള്‍ പൊതിയാന്‍ വിജയ് മല്യ നല്‍കിയത്. ഇതിനു അന്നു 18 കോടി രൂപയോളം ചെലവു വന്നിരുന്നു. എന്നാല്‍, 2019 ല്‍ ദ്വാരപാലക വിഗ്രഹങ്ങളുടെ അറ്റകുറ്റപ്പണിക്കായി പാനലുകള്‍ എടുത്തപ്പോള്‍, അവയില്‍ സ്വര്‍ണത്തിനു പകരം ചെമ്പു മാത്രമാണ് ഉണ്ടായിരുന്നതെന്നാണു കണ്ടെത്തിയത്. മല്യ നല്‍കിയ 30.3 കിലോയോളം സ്വര്‍ണത്തില്‍, 2019 ലെ അറ്റകുറ്റപ്പണികളില്‍ 4.54 കിലോയോളം സ്വര്‍ണം കുറവാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്. 42.8 കിലോ തൂക്കമുണ്ടായിരുന്ന പാളികള്‍ വീണ്ടും സ്വര്‍ണം പൂശി തിരികെയെത്തിച്ചപ്പോള്‍ 4.54 കിലോ കുറഞ്ഞതായും രേഖകളിലുണ്ട്.
അന്നു സ്വര്‍ണംപൂശല്‍ സ്‌പോണ്‍സര്‍ ചെയ്‌ത ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയും തനിക്കു ലഭിച്ചതു ചെമ്പുപാളികളാണെന്നു ദേവസ്വം വിജിലന്‍സിനു മൊഴി നല്‍കിയിരുന്നു. അതിന്റെ മുകളിലാണു സ്വര്‍ണം പൂശിയിരുന്നത്.
ജെബി പോള്‍