-->
വനിതാ പ്രീമിയര്‍ ലീഗില്‍ കന്നി കിരീടം ആര് നേടുമെന്ന ആശങ്കയിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ എല്ലാ ആശങ്കയും കാറ്റില്‍ പറത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഒരിക്കല്‍ കൂടി ചാംപ്യന്‍പട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 2026 ലെ വനിതാ പ്രീമിയര്‍ ലീഗ് കിരീടം ആര്‍സിബി വനിതകള്‍ അനായാസമായി നേടിയത് ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ആറ് വിക്കറ്റ് വിജയത്തിലൂടെയാണ്. കായികപ്രേമികളെല്ലാം ഈ വിജയം വലിയ രീതിയില്‍ ആഘോഷമാക്കുന്നുണ്ട്.
എന്നാല്‍ ഒരു കൂട്ടര്‍ ഈ വിജയത്തിലും വര്‍ഗീയ വിഷം കുത്തിവയ്ക്കുന്നു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ എല്ലാ വിജയ പരാജയങ്ങളും ഏറ്റെടുക്കണമെന്ന് വാദം തല്ലിക്കെടുത്തിയാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയത നിറയ്ക്കുന്ന പോസ്റ്റുകള്‍ പങ്കിടുന്നത്. സ്മൃതി മന്ദാനയുടെ വിജയത്തെ മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ചിലര്‍ പങ്കുവയ്ക്കുന്നത്.
ഇപ്പോഴിതാ വനിതാ പ്രീമിയർ ലീഗില്‍ ആർ.സി.ബി കിരീടം നേടിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വർഗീയ ചുവയുള്ള പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. ആർ.സി.ബി ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ വിജയത്തെ മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിനെ ‘അറപ്പുളവാക്കുന്ന ചിന്ത’ എന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചത്. വിവാദമായ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസ്സിനേ ഇത്തരത്തില്‍ ചിന്തിക്കാൻ കഴിയൂ... നമ്മള്‍ എവിടെയാണ് എത്തിയിരിക്കുന്നത്?...’’ എന്നാണ് പ്രകാശ് രാജ് എക്സില്‍ കുറിച്ചത്. ഈ പോസ്റ്റിനു താഴെ നിരവധി പേര്‍ പ്രകാശ് രാജിനെ അനുകൂലിച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്. കായിക നേട്ടങ്ങളെപ്പോലും മതപരമായ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സ് നായിക ജെമീമ റോഡ്രിഗസിനെയും ആർ.സി.ബി നായിക സ്മൃതി മന്ദാനയെയും താരതമ്യം ചെയ്തുകൊണ്ടുള്ള ആ വിവാദ പോസ്റ്റില്‍, ‘ജെമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, എന്നാല്‍ സ്മൃതി മന്ദാനയ്ക്ക് തിരുപ്പതി ബാലാജി അനുഗ്രഹം നല്‍കി. വനിതാ ഐ.പി.എല്‍. കിരീടം നേടിയ ആർ.സി.ബിക്ക് അഭിനന്ദനങ്ങള്‍...’ എന്നാണ് കുറിച്ചിരുന്നത്.
Only a Disgusting …Rotten mind can think like this.. is this where we have come to #justasking https://t.co/Zl5UxVVbvU— Prakash Raj (@prakashraaj) February 7, 2026
വഡോദരയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയർത്തിയ ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയ ലക്ഷ്യം ആര്‍സിബി 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ആർ.സി.ബി ചരിത്ര കിരീടം ചൂടിയത്. ആര്‍സിബിയുടെ രണ്ടാം കിരീട നേട്ടം. ഒപ്പം വനിതാ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡിനൊപ്പവും അവര്‍ എത്തി. കടുത്ത പനി അവഗണിച്ചാണ് സ്മൃതി ഗ്രൗണ്ടിലിറങ്ങിയതെന്നും 41 പന്തില്‍ 87 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതെന്നും പിന്നീട് ടീം കോച്ച് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തോല്‍വിയിലും പതറാതെ തന്റെ ടീമിനെക്കുറിച്ച് അഭിമാനമുണ്ടെന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ പ്രതികരണം. വനിതാ പ്രീമിയർ ലീഗ് ചരിത്രത്തില്‍ ഇത് തുടർച്ചയായ നാലാം ഫൈനലിലാണ് ഡല്‍ഹിക്ക് കിരീടം നഷ്ടമാകുന്നത്. നാലാം വട്ടമാണ് അവര്‍ ഫൈനലിലേക്ക് കടക്കുന്നത്. 2023ല്‍ വനിതാ പ്രീമിയര്‍ ലീഗിന്റെ പ്രഥമ പതിപ്പില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനോട് ഫൈനലില്‍ തോറ്റു. 2024ല്‍ ആര്‍സിബിക്കെതിരെയായിരുന്നു തോല്‍വി. കഴിഞ്ഞ വര്‍ഷം വീണ്ടും മുംബൈ ഇന്ത്യന്‍സിനെതിരെ തോറ്റു. ഇത്തവണ വീണ്ടും ആര്‍സിബിക്ക് മുന്നിലും ഡല്‍ഹി തോല്‍വി ആവര്‍ത്തിച്ചു.