-->
പാലാ: ജനപ്രതിനിധി നിഷ്‌ക്രിയമായാല്‍ വികസനം സ്‌തംഭിക്കുമെന്നും പാലാ നിയമസഭാ നിയോജകമണ്ഡലത്തില്‍ സംഭവിച്ചത് അതാണെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.എല്‍.ഡി.എഫ്. മധ്യമേഖലാ ജാഥയ്‌ക്ക് പാലായില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2021 ന് മുന്‍പുള്ള 50 വര്‍ഷക്കാലം ഇതായിരുന്നില്ല പാലായുടെ സ്‌ഥിതി. അന്നത്തെ പാലായുടെ എം.എല്‍.എ. ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും പാലാ കേരളത്തിന് ഒരു വികസന മാതൃകയായിരുന്നു. പാലായില്‍ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെ വിശദാംശങ്ങള്‍ സഹിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തേണ്ടത് എം.എല്‍.എയുടെ കടമയാണ്.
കെ.എം. മാണി പാലായുടെ ജനപ്രതിനിധിയായിരുന്നപ്പോള്‍ നാട്ടിലേക്ക് വികസനപദ്ധതികള്‍ എത്തിയത് ആ നിലയില്‍ കഠിനാധ്വാനം ചെയ്‌തിട്ടാണ്.പാലാ മുനിസിപ്പാലിറ്റിയിലെയും മണ്ഡലത്തിലെ പഞ്ചായത്തുകളെയും ഇത്തരം വികസന പദ്ധതികളുടെ ആസൂത്രണത്തില്‍ നിരന്തരം സഹകരിപ്പിച്ചും സഹവസിപ്പിച്ചുമാണ് ഇന്നു കാണുന്ന പാലാ യാഥാര്‍ത്ഥ്യമാക്കിയത്.നിയമസഭാംഗമെന്ന നിലയില്‍ ഏറ്റെടുക്കുന്ന ചുമതലകള്‍ കൃത്യനിഷ്‌ഠയോടെ നിര്‍വഹിക്കുന്ന എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ ഭരണ , പ്രതിപക്ഷ വ്യത്യാസമില്ലാതെ പദ്ധതികള്‍ എത്തിക്കും.അതിനായി കൃത്യമായി നിയമസഭയില്‍ ഇടപെടണം.നിയമസഭ സമിതികളില്‍ പങ്കെടുക്കണം.ഇങ്ങനെയുള്ള കാര്യങ്ങളില്‍ വീഴ്‌ച സംഭവിച്ചാല്‍ ഒരു പദ്ധതിയും ഒരു മണ്ഡലത്തിലും എത്തില്ല.പാലായില്‍ സംഭവിച്ചത് അതാണെന്ന് വിവരാവകാശ രേഖകളും നിയമസഭാ രേഖകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. വസ്‌തുതകള്‍ ഇതായിരിക്കെ ജോസ് കെ. മാണിയാണ് പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ജനങ്ങള്‍ ഏല്‍പ്പിച്ച പണി ഇപ്പോഴും ചെയ്യാന്‍ അറിയില്ല എന്ന കുറ്റസമ്മതമായിട്ട് മാത്രമേ കാണാനാകൂ.ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്.എല്‍.ഡി.എഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയ വേര്‍തിരിവുകളോ പ്രാദേശികമായ പ്രത്യേകതകളോ കണക്കിലെടുക്കാതെ സംസ്‌ഥാനത്ത് എല്ലായിടത്തും വികസന കാര്യങ്ങള്‍ ചെയ്യുക എന്നതാണ്. കഴിയാവുന്നിടത്തോളം കാര്യങ്ങളില്‍ ഭരണ മുന്നണിയിലെ പ്രധാനഘടകകക്ഷി എന്ന നിലയില്‍ പാലായ്‌ക്ക് വേണ്ടി കേരള കോണ്‍ഗ്രസ് എം ഇടപ്പെട്ടിട്ടുണ്ട്.പാര്‍ട്ടി ആവശ്യപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പാലായില്‍ നടപ്പിലാക്കിയിട്ടുമുണ്ട്.
രാജ്യസഭാംഗം എന്ന നിലയില്‍ എം.പി ഫണ്ടിന്റെ വിനിയോഗത്തിലൂടെ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് പാലാ നിയമസഭാ നിയോജക മണ്ഡലത്തിലാണ്. വികസന കാഴ്‌ചപ്പാടുകള്‍ സംബന്ധിച്ച് യാതൊരുവിധ ചര്‍ച്ചകളോ സെമിനാറുകളോ അഭിപ്രായ രൂപീകരണമോ നടത്താത്ത ഏക നിയോജക മണ്ഡലമാണ് പാലാ.
വസ്‌തുതകള്‍ ഇതായിരിക്കെ , രാഷ്‌ട്രീയ ലക്ഷ്യത്തോടെ വ്യക്‌തിഹത്യ നടത്താന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ അവര്‍ ശരിയായ തീരുമാനമെടുക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
കുരിശുപള്ളി കവലയില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ ചേര്‍ന്നാണ് ജോസ് കെ മാണിയെ തുറന്ന വാഹനത്തില്‍ സ്വീകരിച്ചാനയിച്ചത്.നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും നിശ്‌ചലദൃശ്യങ്ങളും ഉള്‍പ്പെടെ പ്രകടനത്തില്‍ ദൃശ്യമായി.സ്‌ത്രീകളുടെയും യുവജനങ്ങളുടെയും വലിയ പങ്കാളിത്തമാണുണ്ടായത്.
മധ്യ മേഖല ജാഥാംഗങ്ങളായ കെ.കെ ശൈലജ ടീച്ചര്‍ , പി.കെ. ബിജു, പി.പി. സുനീര്‍ എം.പി, സാബു ജോര്‍ജ് ,സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ. ജി. പ്രേംജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ് , ബിനോയ് ജോസഫ് എന്നിവര്‍ക്കും സ്വീകരണം നല്‍കി. ലാലിച്ചന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌റ്റീഫന്‍ ജോര്‍ജ്, പ്ര?ഫ.ലോപ്പസ് മാത്യു,അഡ്വ. അനില്‍കുമാര്‍,പി.ആര്‍ രഘുനാഥ്,വി കെ സന്തോഷ് കുമാര്‍,കെ.എം രാധാകൃഷ്‌ണന്‍,ടോബിന്‍ കെ അലക്‌സ്,ബാബു കെ ജോര്‍ജ് ശശി ,ഔസേപ്പച്ചന്‍ തകിടിയല്‍, രമേഷ് ബാബു, ബെന്നി മൈലാടൂര്‍, ഷാജി കടമല എന്നിവര്‍ പ്രസംഗിച്ചു.