-->
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡല്‍ഹിയിലേക്കു പോകുന്ന ബി.ജെ.പി. ജനപ്രതിനിധികളുടെ സംഘത്തിനൊപ്പം ആര്‍. ശ്രീലേഖ യാത്രചെയ്യില്ല. മൂന്ന് ദിവസത്തെ ട്രെയിന്‍ യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചാണ് കേരള എക്‌സ്‌പ്രസിലെ യാത്ര അവര്‍ ഒഴിവാക്കിയത്.
പ്രധാനമന്ത്രി ജനപ്രതിനിധികള്‍ക്ക് വിരുന്ന് ഒരുക്കുന്ന ദിവസം വിമാനത്തില്‍ ഡല്‍ഹിയിലെത്തുമെന്നാണ് വിവരം. തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ഇന്നലെ ഉച്ചയ്‌ക്ക് 12.30ന് കേരള എക്‌സ്‌പ്രസിലാണ് ഡല്‍ഹിക്ക് യാത്രതിരിച്ചത്. മുനിസിപ്പാലിറ്റി-പഞ്ചായത്ത് അധ്യക്ഷന്മാരടക്കം സംഘത്തിലുണ്ട്. ഈ മാസം 12നാണ് പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്നത്. സംഘത്തിന് ട്രെയിന്‍ കടന്നുപോകുന്ന സംസ്‌ഥാനങ്ങളില്‍ സ്വീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്‌റ്റാന്‍ഡിങ് കമ്മിറ്റി അംഗം എം.ആര്‍. ഗോപന്‍ യാത്രയില്‍ പങ്കെടുക്കില്ല. മാതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തെ മുന്‍കൂട്ടി അറിയിച്ചതായാണ് വിവരം.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്‌ഥാനം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന് ശ്രീലേഖ നേരത്തെ പരസ്യമായി വെളിപ്പെടുത്തിയിരുന്നു.പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പിലാണ് മത്സരരംഗത്തിറങ്ങിയതെന്നും, അവസാന നിമിഷം കേന്ദ്രനേതൃത്വം ഇടപെട്ടതോടെ തീരുമാനം മാറുകയായിരുന്നുവെന്നുമാണ് അവരുടെ ആരോപണം. ആദ്യം മത്സരിക്കാന്‍ വിസമ്മതിച്ചെങ്കിലും മേയര്‍ പദവി വാഗ്‌ദാനം ചെയ്‌തതോടെയാണ് തീരുമാനം മാറ്റിയതെന്നും ശ്രീലേഖ വ്യക്‌തമാക്കിയിരുന്നു. വി.വി. രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രനേതൃത്വത്തിന് ബോധ്യപ്പെട്ടതോടെയാകാം അവസാന നിമിഷം തന്നെ ഒഴിവാക്കിയതെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. മേയര്‍ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തിയതിലെ അസംതൃപ്‌തി പിന്നീട് പലവട്ടം ശ്രീലേഖ പ്രകടിപ്പിക്കുകയും ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സ്‌റ്റേജില്‍ ശ്രീലേഖ ഒറ്റപ്പെട്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചയായി. മേയര്‍-ഡെപ്യൂട്ടി മേയര്‍ സത്യപ്രതിജ്‌ഞാ ചടങ്ങ് അവസാനിക്കും മുന്‍പ് ശ്രീലേഖ വേദി വിട്ടുപോയതും പാര്‍ട്ടി ക്യാമ്പില്‍ അസ്വസ്‌ഥതകള്‍ക്ക് ഇടയാക്കിയിരുന്നു.
സുനില്‍ ജെ സണ്ണി