Friday, March 13, 2026 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

സ്വത്തുതര്‍ക്കത്തിനിടെ മകന്‍ കല്ലുകൊണ്ട്‌ തലയ്‌ക്ക്‌ ഇടിച്ച വയോധികന്‍ രക്‌തംവാര്‍ന്നു മരിച്ചു, 108 ആംബുലന്‍സ്‌ സേവനം ലഭ്യമായില്ലെന്ന്‌ പരാതി

രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഐ.സി.യു ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്ന്‌ വന്ന ഡ്രൈവര്‍ പറഞ്ഞതോടെ ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിനിടയില്‍ വേലപ്പന്‍ രക്‌തം വാര്‍ന്ന്‌ മരിക്കുകയായിരുന്നു.
uploads/news/2026/02/824738/k8.jpg
അറസ്റ്റിലായ രാജേഷ്

തൊടുപുഴ: സ്വത്തുതര്‍ക്കത്തിനിടെ മകന്റെ മര്‍ദനമേറ്റു തലയ്‌ക്കു ഗുരുതരപരുക്കേറ്റ വയോധികന്‍ രക്‌തംവാര്‍ന്നു മരിച്ചു. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാ(75)ണു മരിച്ചത്‌. സംഭവത്തില്‍ മകന്‍ രാജേഷി(45)നെ കരിമണ്ണൂര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. സംഘര്‍ഷത്തിനിടെ മകന്‍ കല്ലുകൊണ്ട്‌ തലയ്‌ക്ക്‌ ഇടിക്കുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.

തൊടുപുഴയിലെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്‌ധ ചികിത്സക്കായി ഡ്യൂട്ടി ഡോക്‌ടര്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്‌തിരുന്നു. ഇതിനായി 108 ആംബുലന്‍സ്‌ വിളിച്ചുവരുത്തുകയും ചെയ്‌തു. എന്നാല്‍, രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഐ.സി.യു ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്ന്‌ വന്ന ഡ്രൈവര്‍ പറഞ്ഞതോടെ ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിനിടയില്‍ വേലപ്പന്‍ രക്‌തം വാര്‍ന്ന്‌ മരിക്കുകയായിരുന്നു. വേലപ്പന്‍ മരിച്ചതറിഞ്ഞതോടെ ആംബുലന്‍സ്‌ ഡ്രൈവറും നഴ്‌സും വാഹനം ആശുപത്രി മുറ്റത്ത്‌ നിര്‍ത്തിയിട്ട ശേഷം സ്‌ഥലം വിട്ടതായും ബന്ധുക്കള്‍ ആരോപിച്ചു.

ഉടുമ്പന്നൂര്‍ അമയപ്രക്ക്‌ സമീപം വേലപ്പന്റെ മറ്റൊരു മകന്‍ രാജീവ്‌ വാടകയ്‌ക്കെടുത്ത വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ്‌ വേലപ്പന്‌ മര്‍ദനമേറ്റത്‌. ബഹളവും കരച്ചിലും കേട്ടെത്തിയ നാട്ടുകാര്‍ വീട്ടുമുറ്റത്ത്‌ തലയ്‌ക്കു പരുക്കേറ്റു രക്‌തമൊഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണു കണ്ടത്‌. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന്‍ രാജേഷ്‌ വാക്കത്തിയുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ കരിമണ്ണൂര്‍ പോലീസാണ്‌ വേലപ്പനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്‌.

വേലപ്പനെ ആംബുലന്‍സില്‍ കയറ്റാത്ത സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത്‌ വീഴ്‌ചയില്ലെന്ന്‌ സൂപ്രണ്ട്‌ ഡോ. പി.എന്‍. അജി പറഞ്ഞു. വേലപ്പന്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ്‌ വിദഗ്‌ധ ചികിത്സക്കായി കോട്ടയത്തേക്ക്‌ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്‌. ഇതിനായി 108 ആംബുലന്‍സ്‌ വിളിച്ച്‌ നല്‍കുകയും ചെയ്‌തു. ആംബുലന്‍സ്‌ ഓടിക്കാത്തതുമായി ബന്ധപ്പെട്ട്‌ ആശുപത്രിക്ക്‌ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും സൂപ്രണ്ട്‌ വ്യക്‌തമാക്കി.

മൂവാറ്റുപുഴ പാലക്കുഴയില്‍ താമസിക്കുന്ന മകന്‍ രാജേഷുമായി വേലപ്പന്‌ സ്വത്ത്‌ സംബന്ധമായി തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ്‌ സൂചിപ്പിച്ചു. വേലപ്പന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. അമ്മിണിയാണ്‌ വേലപ്പന്റെ ഭാര്യ.

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW